
കുട്ടികളെ എങ്ങനെ മിടുക്കരായി വളർത്താം എന്നതിന് രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് സൈക്കോളജിസ്റ്റ് ജയേഷ് കെ ജി എഴുതുന്ന ലേഖനം.
കുട്ടികൾക്കിടയിൽ വർദ്ധിച്ചു വരുന്ന സ്വഭാവ / പെരുമാറ്റ വൈകല്യങ്ങൾ, അക്രമവാസന, ആത്മഹത്യാ പ്രവണത, ലഹരി ഉപയോഗം തുടങ്ങിയവ പൂർണമായി തടയുന്നതിനും നല്ല വ്യക്തിത്വം ഉണ്ടാക്കുന്നതിനും സഹായിക്കുന്ന ഈ 10 ടിപ്സുകൾ നിങ്ങൾ മാതാപിതാക്കൾ ഒന്ന് പരീക്ഷിച്ചു നോക്കു. കുട്ടികളെ വളർത്തുമ്പോൾ ഇവ കൃത്യമായി പിന്തുടരുകയാണെങ്കിൽ നിങ്ങളുടെ മക്കളിൽ ഒരിക്കലും ദുശ്ചിന്തകളോ ദുഷ്പ്രവർത്തികളോ ലഹരിക്കടിമകളോ ആയി മാറുകയില്ല.
1) കുറച്ചു സമയം കുട്ടികളോടൊത്തു സമയം ചെലവഴിക്കുക
ദിവസത്തിൽ കുറച്ച് നേരം കുറഞ്ഞതു ഒരു മണിക്കൂർ അല്ലെങ്കിൽ അര മണിക്കൂർ നിങ്ങൾ കുട്ടികളോടൊത്തിരുന്നു പൂർണമായും അവരെ കേൾക്കുവാനും അവരോട് സംസാരിക്കാനും സമയം കണ്ടെത്തണം. ഭക്ഷണം കഴിക്കുന്ന സമയത്തോ ഭക്ഷണം കഴിച്ചതിനു ശേഷമോ സംസാരക്കാം ഓരോ ദിവസവും അവരിൽ ഉണ്ടായിട്ടുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും ചോദിച്ചറിയുക. ദിവസവും മക്കളെ കേൾക്കുമ്പോൾ അവരിൽ എന്തെങ്കിലും വിഷമം ഉണ്ടെങ്കിലോ ആ ദിവസം നെഗറ്റീവായി എന്തെങ്കിലും അവർക്ക് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലോ അവരുടെ മുഖത്ത് നോക്കിയാൽ മനസ്സിലാക്കാൻ സാധിക്കും. അങ്ങനെ വരുമ്പോൾ ആ സമയം തന്നെ ഇത്തരം പ്രശ്നങ്ങൾ നിങ്ങൾക്ക് പരിഹരിക്കുവാൻ കഴിയും.
2) മക്കളെ പേടിപ്പിക്കും വിധം ഉച്ചത്തിൽ സംസാരിക്കരുത്
കുട്ടികളോട് ഉച്ചത്തിൽ സംസാരിച്ചുകൊണ്ട് പേടിപ്പിച്ചു വളർത്തുന്ന രീതി ചില മാതാപിതാക്കളിൽ കാണുന്നുണ്ട്. അനുസരണയുള്ള കുട്ടികളായി വളർത്തുന്നതിനു പേടിപ്പിച്ചു വളർത്തുകയല്ല വേണ്ടത്. പേടിപ്പിച്ചു വളർത്തുമ്പോൾ അവരിൽ ധൈര്യം കുറയുകയും അതിൻ്റെ ഫലമായി ആത്മവിശ്വാസം നഷ്ടപ്പെടുകയും ചെയ്യും. ആത്മവിശ്വാസമാണ് ഏതൊരു കുട്ടിയുടെയും ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് അത്യാവശ്യമായി വേണ്ടതെന്നു മാതാപിതാക്കൾ മറക്കരുത്.
3) ചീത്ത വാക്കുകൾ വിളിക്കരുത്
കുട്ടികളിൽ എന്തെങ്കിലും തെറ്റുകൾ കാണുകയാണെങ്കിൽ ചിലർ മക്കളെ പൊട്ടൻ, മണ്ടൻ എന്നിങ്ങനെ വിളിക്കാറുണ്ട്. എന്നാൽ മാതാപിതാക്കളുടെ ഇത്തരം വിളികൾ കുട്ടികൾ തമാശയായി എടുക്കാറില്ല. അത്തരം വിളികൾ അവരുടെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കുന്നതു ഒരു കാര്യവും ചെയ്യാൻ അറിയാത്ത മണ്ടൻ അല്ലെങ്കിൽ പൊട്ടനാണ് താനെന്നു. മണ്ടനായതു കൊണ്ടു എന്നെ ആർക്കും ഇഷ്ടമില്ല. ഞാൻ പഠിച്ചിട്ടേ എന്തു കാര്യം. പഠിച്ചാലും ഒന്നും ഓർമ്മയിൽ വരില്ല. അതു എൻ്റെ മാതാപിതാക്കൾ തന്നെ വ്യക്തമാക്കി തന്നിരിക്കുന്നു. എന്നിങ്ങനെയുള്ള ചിന്തകളിൽ അവർ അവരുടെ മനസ്സിനെ തളച്ചിടുമ്പോൾ പിന്നീട് നിങ്ങൾ മാതാപിതാക്കൾ എത്ര പ്രോത്സാഹനം നൽകിയാലും ഒരു കാര്യവുമുണ്ടാകില്ല. അതുകൊണ്ട് കുട്ടികൾക്ക് നേരെയുള്ള ഇത്തരം അനാവശ്യ ചീത്ത വിളികൾ ഒഴിവാക്കേണ്ടതു അത്യാവശ്യമാണ്.
4) ഉറങ്ങുന്നതിനു മുൻപ് കുറച്ചുനേരം മക്കളെ സ്നേഹത്തോടെ പുണരുക
പല വീടുകളിലും കുട്ടികളുമായി മാതാപിതാക്കൾ വഴക്കിടുന്നത് പതിവാണ്. എന്തു തരം പ്രശ്നമായാലും അതാതു ദിവസം ഉറങ്ങുന്നതിനു മുൻപേ തന്നെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടതാണ്. രാത്രി ഉറങ്ങുന്നതിന് മുമ്പ് അതു പറഞ്ഞു തീർത്തില്ലെങ്കിൽ അത് അവരുടെ മനസ്സിൽ കിടക്കുകയും വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യും. മക്കളെ വഴക്കു പറഞ്ഞിട്ടുണ്ടെങ്കിൽ അതു എന്തിനാണെന്ന് കാര്യകാരണ സഹിതം അവരെ പറഞ്ഞു ബോധ്യപ്പെടുത്തിയതിന് ശേഷം അവരെ പുണർന്നു ഒരു ഉമ്മ നൽകി വഴക്ക് അവസാനിപ്പിക്കുകയാണെങ്കിൽ വളരെ സന്തോഷത്തോടുകൂടി മക്കൾക്ക് ഉറങ്ങുവാനും തൊട്ടടുത്ത ദിവസം വളരെ സന്തോഷത്തോടുകൂടി തന്നെ ഉണരുവാനും സാധിക്കും.
5) മറ്റുള്ളവരോട് മക്കളെ കുറിച്ച് കുറ്റപ്പെടുത്തി സംസാരിക്കരുത്
മറ്റുള്ളവരുടെ മുൻപിൽ ഒരിക്കലും സ്വന്തം മക്കളുടെ കുറവുകളെ കുറിച്ച് പറയുകയോ കളിയാക്കുകയോ ചെയ്യരുത്. ഇത്തരത്തിൽ ചെയ്യുന്നതുകൊണ്ട് അവർ നന്നാകും എന്ന് ചിന്തിക്കുന്നത് തെറ്റാണ്. യഥാർത്ഥത്തിൽ ഇത്തരം പ്രവർത്തികൾ കുട്ടികളിൽ ദേഷ്യം, വാശി തുടങ്ങിയ സ്വഭാവ പ്രശ്നങ്ങൾ വർദ്ധിക്കുകയാണ് ചെയ്യുന്നത്.
6) സന്തോഷങ്ങളും സങ്കടങ്ങളും മക്കളുമായി ഷെയർ ചെയ്യുക
ഇന്നു പാരൻസിൽ പലരും അവരുടെ ബുദ്ധിമുട്ടുകളും സന്തോഷങ്ങളും മക്കളുമായി ഷെയർ ചെയ്യാൻ മടിയുള്ളവരാണ്. പാരന്റ്സിനുള്ള ബുദ്ധിമുട്ടുകൾ മക്കളെ അറിയിക്കാതിരിക്കുകയും എന്നാൽ എന്തെങ്കിലും ആവശ്യങ്ങൾ പറഞ്ഞു മക്കൾ എത്തുമ്പോൾ അവരോട് ദേഷ്യപ്പെടുകയും അടിക്കുകയും ചെയ്യും. എന്നാൽ അച്ഛൻ / അമ്മയെ അലട്ടുന്ന എന്തു വിഷമമാണ് ഉള്ളിൽ ഒതുക്കി വെച്ചിരിക്കുന്നത് എന്ന് മക്കൾക്ക് അറിയില്ല.
സാമ്പത്തിക പ്രശ്നങ്ങൾ കാരണം കുട്ടികൾ ആവശ്യപ്പെടുന്ന പല കാര്യങ്ങളും വാങ്ങി നൽകാൻ പാരൻസ് മടി കാണിക്കാറുണ്ട്. എന്നാൽ എന്തുകൊണ്ടാണ് നോ പറയുന്നത് അല്ലെങ്കിൽ ഇപ്പോഴുള്ള സാമ്പത്തിക ബുദ്ധിമുട്ട് മാറിയാൽ ആവശ്യപ്പെടുന്നതു വാങ്ങി നൽകാം എന്നും അവർക്ക് വാഗ്ദാനം നൽകി നോക്കൂ, അതു മക്കളിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരുന്നതാണ്. നിങ്ങളുടെ സന്തോഷങ്ങളും സങ്കടങ്ങളും പ്രശ്നങ്ങളുമെല്ലാം മക്കളുമായി ഷെയർ ചെയ്തു നോക്കു അവരിൽ നിന്നും നിങ്ങൾക്ക് തീർച്ചയായും നല്ല സപ്പോർട്ട് ലഭിക്കുന്നതാണ്.
7) പാരൻസ് പരസ്പരം വഴക്ക് കൂടുന്നത് ഒഴിവാക്കുക
മാതാപിതാക്കൾ തമ്മിൽ വഴക്കടിക്കുമ്പോൾ മുറിവുകൾ ഉണ്ടാകുന്നത് കുട്ടികളുടെ മനസ്സിലാണ്. അവർ കാണുന്ന പാരന്റ്സിന്റെ വഴക്കടിക്കലും ദേഷ്യപ്പെടലും പിന്നീട് കുട്ടികൾ അവരുടെ ജീവിതത്തിലേക്ക് പകർത്തും. അതുകൊണ്ട് നിങ്ങൾ തമ്മിലുള്ള വാഗ്വാദങ്ങൾ കുട്ടികൾ ഇല്ലാത്ത സമയത്തോ നിങ്ങളുടെ സ്വകാര്യ നിമിഷങ്ങളിലോ തീർക്കേണ്ടതാണ്. അങ്ങനെ വരുമ്പോൾ നിങ്ങളുടെ ഷെയറിങ്ങും നിങ്ങളുടെ സ്നേഹവും കുട്ടികൾ കണ്ടു പഠിക്കുകയും വളരുകയും അടുത്ത തലമുറയിലേക്ക് കൈമാറുകയും ചെയ്യും.
8. തെറ്റുകൾ പറഞ്ഞു മനസ്സിലാക്കുക
കുട്ടികളിൽ സ്വഭാവ സംബന്ധമായും പെരുമാറ്റ സംബന്ധമായും എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടു കഴിഞ്ഞാൽ അവരോട് ദേഷ്യപ്പെട്ടു കുറ്റപ്പെടുത്തുകയോ അടിച്ചമർത്തുവാൻ ശ്രമിക്കുകയോ ചെയ്യരുത്. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്ന് കണ്ടെത്തുകയാണ് ആദ്യം വേണ്ടത്.
ഉദാഹരണം: നിങ്ങളോട് ചോദിക്കാതെയാണ് മക്കൾ പണം എടുത്തതെങ്കിൽ അവരോട് തുറന്നു സംസാരിക്കുക എന്തുകൊണ്ടാണ് പണമെടുത്തത് ?..... മോശം വാക്കുകളാണ് ഉപയോഗിച്ചതെങ്കിൽ... എന്തിനാണ് മോശം വാക്ക് ഉപയോഗിച്ചത്….? അതു ഉപയോഗിച്ചാൽ ഉള്ള തെറ്റ് എന്താണ് എന്തുകൊണ്ടാണ് അത് ഉപയോഗിക്കരുത് എന്ന് പറയുന്നത്എന്നതിനെക്കുറിച്ച് വ്യക്തമായി മക്കളെ ബോധ്യപ്പെടുത്തുകയാണെങ്കിൽ അത്തരം പ്രവണതകൾ അവർ പിന്തുടരുകയില്ല.
9) മക്കളെ ഒരിക്കലും താരതമ്യം ചെയ്യരുത്
തൊട്ടടുത്ത വീട്ടിലെ കുട്ടികളുടെയോ സഹപാഠികളുടെയോ പെർഫോമൻസ് നോക്കി മക്കൾ അതുപോലെ ആയിത്തീരണമെന്ന് ഒരിക്കലും മക്കളോട് ആവശ്യപ്പെടരുത്. എല്ലാ മക്കളും വ്യത്യസ്തരാണ്. അതായത് ഒരാളെപ്പോലെ ഈ ലോകത്ത് ഒരാൾ മാത്രമാണ് ഉള്ളത്. നിങ്ങൾക്ക് എത്ര മക്കളാണോ ഉള്ളത് ആ മക്കൾ ഓരോരുത്തർക്കും ഓരോ സ്വഭാവവും ആഗ്രഹങ്ങളുമായിരിക്കും അതുകൊണ്ട് സ്വന്തം മക്കളെ തമ്മിൽ താരതമ്യം ചെയ്യരുത്. ഇത്തരത്തിൽ താരതമ്യപ്പെടുത്തി സംസാരിക്കുന്നത് കൂടുതൽ ആകുമ്പോൾ കുട്ടികൾക്കിടയിൽ വൈരാഗ്യബുദ്ധിയും വർധിക്കാൻ സാധ്യതകൾ ഏറെയാണ്.
10) പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുക
കുട്ടികൾ തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതു രമ്യമായി പരിഹരിക്കുക. വീടുകളിൽ മൂത്ത കുട്ടിയും ഇളയ കുട്ടിയും തമ്മിൽ എന്തെങ്കിലും 'അഭിപ്രായവ്യത്യാസങ്ങളും പിണക്കങ്ങളും ഉണ്ടെങ്കിൽ തെറ്റ് ചെയ്ത ആളെ മാത്രം ശിക്ഷിക്കുകയാണ് വേണ്ടത്. എന്നാൽ ചില വീടുകളിൽ മക്കളിൽ ആരെങ്കിലും തെറ്റ് ചെയ്താലും ശിക്ഷ ലഭിക്കുക മൂത്ത കുട്ടിക്ക് ആയിരിക്കും. ഒരിക്കലും അങ്ങനെ ചെയ്യരുത്. ഒന്നു രണ്ടു കുട്ടികൾ ഉണ്ടെങ്കിൽ പാരൻസ് ചെയ്യേണ്ടത് തെറ്റു ചെയ്തതു ആരാണോ അവരോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക എന്നതാണ്.
ഒരാൾ ചെയ്ത തെറ്റിനു എല്ലാവരെയും വഴക്കു പറയുമ്പോൾ മറ്റു കുട്ടികൾ ചിന്തിക്കുന്നത് ഇനിയും ഞാൻ തെറ്റു ചെയ്യാതെ നല്ലവനായി ഇരുന്നിട്ടെന്തു കാര്യം നിരപരാധിയാണെങ്കിലും ശിക്ഷിക്കപ്പെടും വഴക്കു കേൾക്കേണ്ടി വരും. അതുകൊണ്ട് നല്ലവനായി ഇരിക്കുന്നതിൽ കാര്യമില്ലെന്ന ഉറച്ച തീരുമാനത്തിലെത്തപ്പെടും. അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെ ഏറെയാണ്. അതുകൊണ്ട് കുട്ടികൾ തെറ്റ് ചെയ്യുമ്പോൾ ആരാണ് തെറ്റ് ചെയ്തത് അവരെ മാത്രം വിളിച്ച് ചെയ്ത തെറ്റിനെ കുറിച്ച് പറഞ്ഞു മനസ്സിലാക്കി തിരുത്തുക.
കുട്ടികളെ വളർത്തുമ്പോൾ ഈ 10 കാര്യങ്ങൾ നിങ്ങളുടെ പാരൻ്റിംഗ് സ്റ്റൈലിൽ ഉൾപ്പെടുത്തിയാൽ നിങ്ങളുടെ മക്കൾ ഏതൊക്കെ ഉയരങ്ങളിൽ എത്തണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അത്തരം ഉയരത്തിൽ എത്തപ്പെടും. കുട്ടികളുടെ ഏറ്റവും നല്ല കൂട്ടുകാരായി മാതാപിതാക്കൾ മാറിയാൽ ഒരു സുഹൃത്തിനോട് എന്നപോലെ അവർ എല്ലാം നിങ്ങളോട് ഷെയർ ചെയ്യും.
'ജീവിതത്തിൽ ലഭിക്കുന്ന അവസരങ്ങൾ പക്വതയോടു കൂടി ഉപയോഗിക്കുവാൻ ശ്രമിക്കണം'