Asianet News MalayalamAsianet News Malayalam

'ജീവിതത്തിൽ ലഭിക്കുന്ന അവസരങ്ങൾ പക്വതയോടു കൂടി ഉപയോഗിക്കുവാൻ ശ്രമിക്കണം'

പ്രായമാകുമ്പോൾ തലച്ചോറിൽ ഉണ്ടാകുന്ന മാറ്റങ്ങളുടെ ഫലമായി ചില കഴിവുകൾ കുറയുമെങ്കിലും മറ്റു ചില കഴിവുകൾ വർദ്ധിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. കൂടാതെ പ്രായം കുറഞ്ഞവരെ അപേക്ഷിച്ച്  കൂടുതൽ സന്തോഷിക്കുന്നതും സംതൃപ്തമായ ജീവിതം നയിക്കുന്നതും പ്രായമുള്ളവരാണ്. 

tips to live a happier life
Author
First Published Aug 14, 2024, 6:30 PM IST | Last Updated Aug 14, 2024, 6:41 PM IST

ജീവിതത്തിൽ സന്തോഷം കണ്ടെത്താന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്ന നിരവധി ആളുകൾ ഇന്ന് സമൂഹത്തിലുണ്ട്. എന്നാല്‍, ഏത് പ്രതിസന്ധികള്‍ക്കിടയിലും സന്തോഷം മായാതെ കാത്ത് സൂക്ഷിക്കേണ്ടത് പ്രധാനമാണ്. സന്തോഷം നിലനിർത്താനുള്ള ചില മാർ​ഗങ്ങളെ കുറിച്ച് സൈക്കോളജിസ്റ്റ് ജയേഷ് കെ ജി എഴുതുന്ന ലേഖനം.

പ്രായമാകുമ്പോൾ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം കഠിനമായ ജോലികളിൽ ഏർപ്പെടരുത് ഇനി മക്കൾ കുടുംബം നോക്കും നിങ്ങൾ റെസ്റ്റ് എടുക്കുക തുടങ്ങിയ മുൻവിധികളും മിദ്യാധാരണകളും ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. യഥാർത്ഥത്തിൽ ഇത് പ്രായമായവരോട് പ്രായം കുറഞ്ഞവർ കാണിക്കുന്ന വിവേചനമാണ്. ഇത്തരം വിവേചനങ്ങൾ പ്രായമായവരെ മാനസികമായി തളർത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് പ്രായമാകുമ്പോൾ പലർക്കും ആ അവസ്ഥയോട് മാനസികമായി പൊരുത്തപ്പെട്ട് പോകാൻ കഴിയാതെ വരുകയും സന്തോഷം നഷ്ടപ്പെട്ട് അസ്വസ്ഥമായ മനസ്സോടു കൂടി  ജീവിക്കേണ്ടി വരുന്നത്.

പ്രായമാകുമ്പോൾ തലച്ചോറിൽ ഉണ്ടാകുന്ന മാറ്റങ്ങളുടെ ഫലമായി ചില കഴിവുകൾ കുറയുമെങ്കിലും മറ്റു ചില കഴിവുകൾ വർദ്ധിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. കൂടാതെ പ്രായം കുറഞ്ഞവരെ അപേക്ഷിച്ച്  കൂടുതൽ സന്തോഷിക്കുന്നതും സംതൃപ്തമായ ജീവിതം നയിക്കുന്നതും പ്രായമുള്ളവരാണ്. 

നിങ്ങൾ എത്ര കാലം ആരോഗ്യത്തോടു കൂടി ജീവിക്കണം എന്ന് തീരുമാനിക്കുന്നത് നിങ്ങൾ തന്നെയാണ്. അതുകൊണ്ട് പ്രായത്തിനനുസരിച്ച് ചില മാറ്റങ്ങൾ ജീവിതത്തിൽ വരുത്തുവാൻ കഴിഞ്ഞാൽ സന്തോഷവും ആത്മ സംതൃപ്തിയും നിറഞ്ഞ ജീവിതം നയിക്കാം. അതിനു സഹായിക്കുന്ന 6 ടിപ്പുകൾ ചുവടെ ചേർക്കുന്നു.

1) വെറുതെ ഇരിക്കരുത്

ഒറ്റയ്ക്ക് ഇരിക്കുന്ന ഒരു വ്യക്തിയുടെ മനസ്സ് ചെകുത്താന്റെ പണിശാലയാണ്.  അത്തരം സാഹചര്യങ്ങളിൽ നെഗറ്റീവ് ചിന്തകളും നഷ്ടങ്ങളും മാത്രമേ മനസ്സിലേക്ക് വരികയുള്ളൂ. എന്നാൽ എപ്പോഴും നമ്മൾ എന്തെങ്കിലും കാര്യങ്ങളിൽ വ്യാപൃതനായിരിക്കുമ്പോൾ മനസ്സിൽ സന്തോഷം കൂടുതൽ ഉണ്ടായിക്കൊണ്ടിരിക്കും.

2) കൃത്യമായ ലക്ഷ്യങ്ങൾ തയ്യാറാക്കുക

50 നു ശേഷം ഞാൻ എങ്ങനെ ജീവിക്കണം എൻ്റെ ജീവിതത്തിൽ എന്തൊക്കെ കാര്യങ്ങളാണ് ഇനി ചെയ്യേണ്ടത് എന്നതിനെ കുറിച്ച് കൃത്യമായ ലക്ഷ്യങ്ങൾ തയ്യാറാക്കുക. പ്രതീക്ഷകളും ലക്ഷ്യങ്ങളും ആണ് നമ്മുക്ക്  ജീവിത അവസാനം വരെ മുന്നോട്ടു പോകാനുള്ള ഊർജ്ജം തരുന്നത്. യാതൊരു ലക്ഷ്യമില്ലാതെ മുന്നോട്ടുപോകുന്നത് കൊണ്ടാണ് പലപ്പോഴും പ്രായമാകുമ്പോൾ  ശാരീരികവും മാനസികവുമായ ആരോഗ്യം പ്രശ്നങ്ങൾ വർദ്ധിക്കുന്നത്.

3) മാറ്റങ്ങൾക്ക് തയ്യാറാവുക

പ്രായമാകുമ്പോൾ ശരീരത്തിനും മനസ്സിനും മാറ്റങ്ങൾ സംഭവിക്കുക സ്വാഭാവികമാണ്. അതനുസരിച്ച് നമ്മുടെ ചിന്തകളിലും വികാരങ്ങളിലും വിചാരങ്ങളിലും മാറ്റങ്ങൾ ഉണ്ടാകും.  എന്നാൽ ഈ മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടു പോകുവാനായി ശ്രമിച്ചാൽ ജീവിതത്തിൽ സന്തോഷം  നിലനിർത്താൻ കഴിയും.

4) അവസരങ്ങൾ പ്രയോജനപ്പെടുത്തുക

ജീവിതത്തിൽ ലഭിക്കുന്ന അവസരങ്ങൾ പക്വതയോടു കൂടി ഉപയോഗിക്കുവാൻ ശ്രമിക്കണം.. കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അതിനുള്ള പരിഹാരങ്ങൾ പ്രോത്സാഹനം പിന്തുണ സഹായം തുടങ്ങി ഓരോ ഘട്ടത്തിലും സാഹചര്യങ്ങൾക്കനുസരിച്ച് കൃത്യമായി പ്രവർത്തിക്കുവാൻ കഴിഞ്ഞാൽ കുടുംബത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വ്യക്തിയായി നിങ്ങൾക്ക് മാറാൻ കഴിയും.

5) ശാരീരിക മാനസിക ആരോഗ്യം വർദ്ധിപ്പിക്കുക

നല്ല ഭക്ഷണം കഴിക്കുക കൃത്യമായി ഇടവേളകളിൽ വെള്ളം കുടിക്കുക ശാരീരികവു മാനസികവുമായ വ്യായാമങ്ങളിൽ ഏർപ്പെടുക ഏഴു മുതൽ ഒൻപതു മണിക്കൂർ വരെ ഉറങ്ങുക കൃത്യമായ ദിനചര്യ പാലിക്കുക കൂടാതെ മാനസിക സമ്മർദ്ദം കുറക്കുന്ന പ്രവർത്തികളിൽ ഏർപ്പെടുവാനും ശ്രദ്ധിക്കുക.

6) സൗഹൃദബന്ധങ്ങൾ വർദ്ധിപ്പിക്കുക

നിലവിലുള്ള ബന്ധങ്ങൾ നിലനിർത്തുന്നതിനോടൊപ്പം പുതിയ ബന്ധങ്ങൾ ഉണ്ടാക്കുവാനും പ്രായമാകുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. കൃത്യമായ ഇടവേളകളിൽ നേരിട്ട് അല്ലാതെയുള്ള സൗഹൃദ സംഭാഷണങ്ങളിൽ ഏർപ്പെടുകയും യാത്ര ചെയ്യുകയും മത്സരങ്ങളിൽ കൂട്ടായ്മകളിലും മത്സരങ്ങളിലും  പങ്കെടുക്കുവാൻ ശ്രമിക്കുക.

'ആളുകളോട് സംസാരിക്കാൻ പേടി, മുഖത്ത് നോക്കാൻ ഭയം, മുഖം തിരിച്ചു തലകുനിച്ചു നിൽക്കും‌'
 

Latest Videos
Follow Us:
Download App:
  • android
  • ios