'പൂച്ചകളെ വളര്‍ത്തുന്നവരില്‍ ഈ രോഗത്തിന് സാധ്യത'; പുതിയ പഠനം പറയുന്നു...

By Web TeamFirst Published Dec 10, 2023, 3:44 PM IST
Highlights

സമാനമായ രീതിയില്‍ പൂച്ചകളെ വളര്‍ത്തുന്നവരെ ബാധിക്കാനിടയുള്ളൊരു രോഗത്തെ കുറിച്ച് പ്രതിപാദിക്കുകയാണ് പുതിയൊരു പഠനം. ക്വീൻസ്‍ലാൻഡ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍

മൃഗങ്ങളോട് വളരെയധികം സ്നേഹവും കരുണയും വച്ചുപുലര്‍ത്തുന്നവരുണ്ട്. ചിലര്‍ ഈ മൃഗസ്നേഹത്തിന്‍റെ പേരില്‍ ഇവയെ വളര്‍ത്തുന്നതിലേക്കും തിരിയാറുണ്ട്. ഇങ്ങനെ പൂച്ചകളെയും നായ്ക്കളെയും അടക്കമുള്ള മൃഗങ്ങളെയും ജീവികളെയും വീട്ടില്‍ വളര്‍ത്തുന്നവര്‍ നിരവധിയാണ്.

ഇവര്‍ക്കെല്ലാം തന്നെ വീട്ടിലെ ഒരംഗത്തെ പോലെ ആയിരിക്കും വളര്‍ത്തുമൃഗങ്ങള്‍. തങ്ങളുടെ കുടുംബത്തിലാര്‍ക്കെങ്കിലും എന്തെങ്കിലും പറ്റിയാല്‍ എത്രമാത്രം ദുഖം തോന്നും, എത്ര ശ്രദ്ധ നല്‍കും- അതുപോലെ തന്നെ വളര്‍ത്തുമൃഗങ്ങളെയും പരിഗണിക്കുന്നവര്‍. 

എന്നാല്‍ ചിലപ്പോഴെങ്കിലും മൃഗങ്ങളുമായുള്ള സഹവാസം നല്ലതല്ല എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നാം കേള്‍ക്കാറുണ്ട്. മൃഗസ്നേഹികളായ മനുഷ്യര്‍ക്ക് ഇത് അംഗീകരിക്കാവുന്നതല്ലെങ്കില്‍ കൂടിയും ഇങ്ങനെയുള്ള ഗവേഷണങ്ങളും റിപ്പോര്‍ട്ടുകളും വരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്.

ഇപ്പോഴിതാ സമാനമായ രീതിയില്‍ പൂച്ചകളെ വളര്‍ത്തുന്നവരെ ബാധിക്കാനിടയുള്ളൊരു രോഗത്തെ കുറിച്ച് പ്രതിപാദിക്കുകയാണ് പുതിയൊരു പഠനം. ക്വീൻസ്‍ലാൻഡ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. മുമ്പേ നടന്നിട്ടുള്ള പതിനേഴോളം പഠനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ തങ്ങളുടെ പഠനം നടത്തിയിരിക്കുന്നത്. 

പൂച്ചകളെ വളര്‍ത്തുന്നവരെ ബാധിക്കാനിടയുള്ള മാനസികാരോഗ്യപ്രശ്നങ്ങള്‍ എന്തെല്ലാം എന്നതായിരുന്നു ഇവരുടെ ഗവേഷണ വിഷയം. പൂച്ചയെ വളര‍ത്തുന്നവരില്‍ സ്കിസോഫ്രീനിയ എന്ന ഗുരുതരമായ മാനസികാരോഗ്യപ്രശ്നം കാണാൻ ഇരട്ടി സാധ്യതയുണ്ടെന്ന നിഗമനത്തിലേക്കാണ് ഒടുവില്‍ ഇവരെത്തിയിരിക്കുന്നത്.

തലച്ചോറിനെ ബാധിക്കുന്നൊരു രോഗമാണിത്. ചിലരില്‍ പാരമ്പര്യ ഘടകങ്ങളാണ് രോഗത്തിന് കാരണമാകുന്നതെങ്കില്‍. ചിലരെ ഇതിലേക്ക് എത്തിക്കുന്നത് അവരുടെ ചുറ്റുപാടുകളായിരിക്കും. എന്തായാലും സ്കീസോഫ്രീനിയയുടെ കൃത്യമായ കാരണം ഇതുവരേക്കും കണ്ടെത്തപ്പെട്ടിട്ടില്ല. ഇല്ലാത്ത കാഴ്ചകള്‍ അനുഭവപ്പെടുക, ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കുക എന്നിങ്ങനെയെല്ലാമുള്ള ശക്തമായ പ്രശ്നങ്ങളാണ് സ്കീസോഫ്രീനിയയുടെ ലക്ഷണങ്ങളായി വരുന്നത്. ഇതിന് കൃത്യമായ ചികിത്സ എടുക്കുന്നത് നിര്‍ബന്ധമാണ്.

അതേസമയം എന്തുകൊണ്ടാണ് പൂച്ചയെ വളര്‍ത്തുന്നവരില്‍ ഈ രോഗത്തിന് സാധ്യത കൂടുന്നതെന്ന് വിശദീകരിക്കാൻ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. 44 വര്‍ഷങ്ങള്‍ കൊണ്ട് അമേരിക്ക, യുകെ തുടങ്ങി 11 രാജ്യങ്ങളിലായി നടന്നിട്ടുള്ള പഠനങ്ങളെ അടിസ്ഥാനപ്പെടുത്തി ചെയ്ത ഗവേഷണം എന്ന നിലയില്‍ ഇതിന് വലിയ  അംഗീകാരമാണ് ലഭിച്ചിട്ടുള്ളത്. എങ്കിലും ഇനിയും ഈ വിഷയത്തില്‍ കൂടുതല്‍ സൂക്ഷ്മമായ പഠനങ്ങള്‍ വരേണ്ടതുണ്ട് എന്നാണ് ഗവേഷകരുടെ ഭാഗം.

Also Read:- 'വന്യമൃഗങ്ങളോട് ഇങ്ങനെ പെരുമാറരുത്, ഇതൊരു പാഠം'; വീഡിയോ വൈറല്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!