പ്രസവിക്കില്ലെന്ന കാരണത്തില്‍ ഭാര്യയെ മര്‍ദ്ദിച്ചുകൊന്ന് ഭര്‍ത്താവ്; മനുഷ്യത്വം നഷ്ടപ്പെടുന്ന അവസ്ഥ...

By Web TeamFirst Published Sep 6, 2021, 1:09 PM IST
Highlights

ഒരിക്കലും ഒരു രോഗവും സ്വയം നിര്‍ണയിക്കാതിരിക്കുക. രോഗമുണ്ടെന്ന തെറ്റിദ്ധാരണയില്‍ ആരെയും കുറ്റപ്പെടുത്തുകയും അരുത്. ഒരുവേള രോഗമുണ്ടെന്ന് കണ്ടെത്തിയാല്‍ തന്നെ അതിന്റെ പേരില്‍ അവരെ ക്രൂശിക്കുന്നതും വലിയ തെറ്റുതന്നെ. മനുഷ്യത്വം തീര്‍ത്തും നഷ്ടമാകുന്ന, വികലമായ അവസ്ഥയായേ അതിനെ കണക്കാക്കുവാനും സാധിക്കൂ

ഏത് രോഗമാണെങ്കിലും അത് രോഗിയുടെ കുറ്റമോ തെറ്റോ അല്ല. അത്തരത്തില്‍ രോഗികളോട് പെരുമാറുന്നതാണ് കുറ്റമായി വരുന്നത്. മനുഷ്യര്‍ ഏറ്റവുമധികം മനുഷ്യത്വം വച്ചുപുലര്‍ത്തേണ്ടതും ആരോഗ്യപരമായി ദുരിതങ്ങളനുഭവിക്കുന്നവരോടാകണം. എന്നാല്‍ ഇക്കാര്യങ്ങളൊന്നും പലരും ചിന്തിക്കാറുപോലുമില്ലെന്നാണ് ചില വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. 

അത്തരമൊരു വാര്‍ത്തയെ കുറിച്ചാണിനി പങ്കവയ്ക്കുന്നത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ പ്രസവിക്കില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഭാര്യയെ മര്‍ദ്ദിച്ചുകൊന്നിരിക്കുകയാണ് ഭര്‍ത്താവ്. ബുധാന സ്വദേശിയായ മുപ്പതുകാരിയാണ് ഭര്‍ത്താവിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. ഇവര്‍ക്ക് വന്ധ്യതായാണെന്ന് ആരോപിച്ചായിരുന്നേ്രത ഭര്‍ത്താവിന്റെ മര്‍ദ്ദനം. 

ഇരുവരുടെയും വിവാഹം കഴിഞ്ഞ് ഒമ്പത് വര്‍ഷമായിരുന്നു. ഇതുവരെയും കുട്ടികളുണ്ടായിട്ടില്ല. ഇത് ഭാര്യയുടെ കുറ്റമാണെന്നായിരുന്നു ഭര്‍ത്താവിന്റെ ആരോപണം. എന്നാല്‍ ഇവര്‍ക്ക് വന്ധ്യതയുണ്ടായിരുന്നുവോ എന്നത് മെഡിക്കലി തെളിയിക്കപ്പെട്ടിട്ടുണ്ടോയെന്നതും വ്യക്തമല്ല. ഏതായാലും സംഭവത്തില്‍ പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്നും പൊലീസ് അറിയിച്ചു. 

വന്ധ്യതയുണ്ടെങ്കില്‍...

മേല്‍പ്പറഞ്ഞ കേസില്‍ യുവതിക്ക് വന്ധ്യതയുണ്ടോ എന്നത് സ്ഥിരീകരിക്കപ്പെടാത്ത വസതുതയാണ്. ഇനി വന്ധ്യതയുണ്ടെങ്കില്‍ തന്നെ അത് ശാരീരികമായ പ്രശ്‌നമാണെന്നും അക്കാര്യത്തില്‍ യുവതിക്ക് യാതൊരു പങ്കുമില്ലെന്നും ചിന്തിക്കാന്‍ യുവതിയുടെ ഭര്‍ത്താവിന് സാധ്യമായില്ലെന്നേ നമുക്ക് കണക്കാക്കുവാനാകൂ. 

 

 

മുന്‍കാലങ്ങളില്‍ നിന്ന് അപേക്ഷിച്ച് വന്ധ്യത കണ്ടെത്താനും അതില്‍ സാധ്യമായ പരിഹാരം തേടാനുമെല്ലാം പലവിധ മാര്‍ഗങ്ങള്‍ ഇന്നുണ്ട്. ചെലവേറിയ ചികിത്സകള്‍ നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും കഴിയാവുന്നത് നോക്കാനുള്ള സംവിധാനങ്ങളും ഇന്നുണ്ട്. 

വന്ധ്യത വ്യക്തിയുടെ തെറ്റല്ല...

12 മാസത്തെ സുരക്ഷിതമല്ലാത്ത (ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ അവലംബിക്കാത്ത) ലൈംഗികബന്ധത്തിന് ശേഷവും ഗര്‍ഭധാരണം നടക്കുന്നില്ലെങ്കില്‍ മാത്രമാണ് അത് വന്ധ്യതയാണോ എന്ന് പരിശോധിക്കേണ്ടതുള്ളൂ. ഇത് പുരുഷനും സ്ത്രീക്കും ബാധകമാണ്. 

സ്ത്രീയിലായാലും പുരുഷനിലായാലും വ്യത്യസ്തമായ ഒരു കൂട്ടം ശാരീരികമായ കാരണങ്ങളാണ് പ്രധാനമായും വന്ധ്യതയിലേക്ക് നയിക്കുന്നത്. പ്രത്യുത്പാദനവ്യവസ്ഥയിലുള്ള പ്രശ്‌നങ്ങളാണ് അധികവും ഇതിലുള്‍പ്പെടുന്നത്. ഇതിനൊപ്പം തന്നെ കാലാവസ്ഥ, മാനസിക സമ്മര്‍ദ്ദങ്ങള്‍, വിവിധ മരുന്നുകളുടെ ഉപയോഗം എന്നിങ്ങനെയുള്ള ഘടകങ്ങളെല്ലാം വന്ധ്യതയിലേക്ക് നയിക്കാറുണ്ട്. 

വന്ധ്യതയുടെ ലക്ഷണങ്ങള്‍...

ചില സൂചനകള്‍ വന്ധ്യതയിലേക്ക് വിരല്‍ചൂണ്ടാറുണ്ട്. അത്തരം ലക്ഷണങ്ങളെ കുറിച്ചറിയാം...

- ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ വേനദ. 
- സ്ത്രീകള്‍ക്കാണെങ്കില്‍ ആര്‍ത്തവകാലത്ത് വേദന
- സ്ത്രീകളില്‍ ആര്‍ത്തവരക്തത്തിന് നിറവ്യത്യാസം
- ആര്‍ത്തവചക്രത്തില്‍ വ്യത്യാസം
- ഹോര്‍മോണ്‍ വ്യതിയാനം (പുരുഷനിലും സ്ത്രീയിലും)
- അമിതവണ്ണം (പുരുഷനിലും സ്ത്രീയിലും)
- മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍
- പുരുഷനിലാണെങ്കില്‍ ഉദ്ധാരണക്കുറവ്

 


ആദ്യം സൂചിപ്പിച്ചത് പോലെ 12 മാസത്തെ സുരക്ഷതമല്ലാത്ത ലൈംഗികബന്ധത്തിന് ശേഷവും ഗര്‍ഭധാരണം നടക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കാണുക. മുപ്പത്തിയഞ്ച് വയസിന് താഴെയുള്ള ദമ്പതികളാണെങ്കില്‍ ആറ് മാസത്തെ കാത്തരിപ്പിന് ശേഷവും ഡോക്ടറെ കാണാവുന്നതാണ്. ശേഷ കാര്യങ്ങള്‍ ഡോക്ടര്‍മാര്‍ തന്നെ നിര്‍ദേശിക്കുന്നതാണ്. 

ഒരിക്കലും ഒരു രോഗവും സ്വയം നിര്‍ണയിക്കാതിരിക്കുക. രോഗമുണ്ടെന്ന തെറ്റിദ്ധാരണയില്‍ ആരെയും കുറ്റപ്പെടുത്തുകയും അരുത്. ഒരുവേള രോഗമുണ്ടെന്ന് കണ്ടെത്തിയാല്‍ തന്നെ അതിന്റെ പേരില്‍ അവരെ ക്രൂശിക്കുന്നതും വലിയ തെറ്റുതന്നെ. മനുഷ്യത്വം തീര്‍ത്തും നഷ്ടമാകുന്ന, വികലമായ അവസ്ഥയായേ അതിനെ കണക്കാക്കുവാനും സാധിക്കൂ. 

Also Read:- വന്ധ്യതയിലേക്ക് നയിച്ചേക്കാവുന്ന മൂന്ന് ലൈംഗിക രോഗങ്ങൾ

click me!