ഗ൪ഭിണിയായ തിമിംഗലം കരയ്ക്കടിഞ്ഞു; വയറ് പരിശോധിച്ചവ൪ ഞെട്ടി

Published : Apr 01, 2019, 11:20 PM IST
ഗ൪ഭിണിയായ തിമിംഗലം കരയ്ക്കടിഞ്ഞു; വയറ് പരിശോധിച്ചവ൪ ഞെട്ടി

Synopsis

വയറിനകത്ത് 22 കിലോ പ്ലാസ്റ്റിക് മാലിന്യമാണ് കണ്ടെത്തിയത്. മാലിന്യം നിറയ്ക്കുന്ന സ‍ഞ്ചികളും മീന്‍ പിടിക്കാനുപയോഗിക്കുന്ന വലകളും, ട്യൂബുകളും തിമിംഗലത്തിന്‍റെ വയറിനകത്തുണ്ടായിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. വാഷിംഗ് മെഷിന്‍ ലിക്വിഡ് ബാഗ് പോലും ഉണ്ടായിരുന്നതായും വിശദീകരണമുണ്ട്

റോം: അടുത്തിടെയാണ് ഫിലിപ്പീന്‍സിന്റെ തീരത്തടിഞ്ഞ ചത്ത തിമിംഗലത്തിന്റെ വയറ്റില്‍ നിന്നും 40 കിലോ പ്ലാസ്റ്റിക്ക് കണ്ടെടുത്തെന്ന വാര്‍ത്ത ലോകത്തെ ഞെട്ടിച്ചത്. തിമിംഗലത്തെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴായിരുന്നു ഇത്രയേറെ പ്ലാസ്റ്റിക്ക് മാലിന്യം കണ്ടെത്തിയത്.  ഇപ്പോഴിതാ ഇറ്റലിയില്‍ നിന്നും പുറത്തുവരുന്നതും സമാനമായ വാര്‍ത്തയാണ്. ഗര്‍ഭിണിയായിരുന്ന തിമിംഗലമാണ് ഇറ്റാലിയന്‍ തീരത്ത് ചത്ത് കരയ്ക്കടിഞ്ഞത്.

വയറിനകത്ത് 22 കിലോ പ്ലാസ്റ്റിക് മാലിന്യമാണ് കണ്ടെത്തിയത്. മാലിന്യം നിറയ്ക്കുന്ന സ‍ഞ്ചികളും മീന്‍ പിടിക്കാനുപയോഗിക്കുന്ന വലകളും, ട്യൂബുകളും തിമിംഗലത്തിന്‍റെ വയറിനകത്തുണ്ടായിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. വാഷിംഗ് മെഷിന്‍ ലിക്വിഡ് ബാഗ് പോലും ഉണ്ടായിരുന്നതായും വിശദീകരണമുണ്ട്. എട്ട് മീറ്ററിലധികം നീളമുള്ള തിമിംഗലം ഇറ്റലിയിലെ പോര്‍ട്ടോ കെര്‍വോയിലാണ് ചത്ത് കരയ്ക്കടിഞ്ഞത്. 

ഇക്കഴിഞ്ഞ മാര്‍ച്ച് 16നാണ് പൂര്‍ണവളര്‍ച്ചയെത്തിയിട്ടില്ലാത്ത കുട്ടിത്തിമിംഗലം ഫിലിപ്പീന്‍സ് തീരത്തടിഞ്ഞത്. ആമാശയത്തില്‍ ദിവസങ്ങളോളം ദഹിക്കാതെ അവശേഷിച്ച പ്ലാസ്റ്റിക്ക് തന്നെയാണ്  അതിന്റെ മരണത്തിനിടയാക്കിയതെന്ന് അധിക്യതര്‍ അറിയിച്ചു. കടലിലേക്ക് പുറന്തള്ളുന്ന എണ്ണമറ്റ പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ ഭീകരമുഖമാണ് ഇത്തരം സംഭവങ്ങള്‍ വെളിവാക്കുന്നത്. ഭക്ഷണമാണെന്ന് തെറ്റിദ്ധരിച്ചാണ്‌ സമുദ്രജീവികള്‍ പ്ലാസ്റ്റിക്ക് അകത്താക്കുന്നത്. ഉപദ്രവകാരികളല്ലാത്ത ഡോള്‍ഫിനുകളും തിമിംഗലങ്ങളുമാണ് ഇതിന് ഏറ്റവുമധികം ഇരയാകുന്നത്. പോയവര്‍ഷം ഫിലിപ്പീന്‍സില്‍ മാത്രം 57 ഡോള്‍ഫിനുകള്‍ ചത്തത് പ്ലാസ്റ്റിക്ക് വിഴുങ്ങിയിട്ടാണെന്ന് കണ്ടെത്തിയിരുന്നു.

സമുദ്രത്തിലേക്ക് പുറന്തള്ളപ്പെടുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ 60 ശതമാനവും ചൈന, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, തായ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഏഷ്യന്‍ രാജ്യങ്ങളാണ് ഇതില്‍ മുന്നില്‍. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ കടലിലെ പ്ലാസ്റ്റിക്ക് മാലിന്യം മൂന്നിരട്ടിയാകുമെന്ന് ഇംഗ്ലണ്ട് ഗവണ്‍മെന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

PREV
click me!

Recommended Stories

ഫൗണ്ടേഷനും കൺസീലറും: തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ
മുഖക്കുരു മാറ്റാൻ ഇനി നെട്ടോട്ടം ഓടണ്ട; ആറ് തരം മുഖക്കുരുവിനെ തുരത്താൻ ഇതാ സിമ്പിൾ വിദ്യകൾ