തലമുടി തഴച്ചു വളരാന്‍ വേണം ഈ അഞ്ച് വിറ്റാമിനുകള്‍

By Web TeamFirst Published Jul 30, 2020, 8:55 AM IST
Highlights

തലമുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിനുകള്‍ ആവശ്യമാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. 

നീളമുള്ളതും ഇടതൂര്‍ന്നതുമായ തലമുടി എല്ലാവരുടെയും ആഗ്രഹമാണ്. താരനും മുടികൊഴിച്ചിലും ഒന്നുമില്ലാത്ത ആരോഗ്യമുള്ള തലമുടിക്കായി പലതും പരീക്ഷിക്കുന്നവരുണ്ട്. ബ്യൂട്ടിപാര്‍ലറുകളില്‍ പോയിട്ടും, കേശസൗന്ദര്യവര്‍ധകങ്ങള്‍ ഉപയോഗിച്ചിട്ടും മുടിക്ക് യാതൊരു മാറ്റവുമില്ലേ?

നിങ്ങള്‍ കേശ സംരക്ഷണ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആദ്യം നിങ്ങളുടെ ജീവിതശൈലിയിലാണ് മാറ്റം വരുത്തേണ്ടത്. തലമുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിനുകള്‍ ആവശ്യമാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാല്‍ വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. തലമുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യത്തിനും അവശ്യം വേണ്ട വിറ്റാമിനുകള്‍ ഏതൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

തലമുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ എ. മുടി വരളുന്നതും പൊട്ടുന്നതും തടയാന്‍ വിറ്റാമിന്‍ എ സഹായിക്കുന്നു. ഒപ്പം ഇവ കരുത്തുറ്റ തലമുടി സമ്മാനിക്കും. അതിനായി വിറ്റാമിന്‍ എ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. കാരറ്റ്, ചീര, തക്കാളി, ഇലക്കറികള്‍, മധുരക്കിഴങ്ങ്,  പപ്പായ, മാമ്പഴം, പാല്‍, മുട്ട, പാലുല്‍പന്നങ്ങള്‍ എന്നിവയിലൊക്കെ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. 

രണ്ട്...

ആരോഗ്യമുള്ള തലമുടി ലഭിക്കാന്‍ സഹായിക്കുന്നതാണ് 'ബയോട്ടിന്‍' അഥവാ വിറ്റാമിന്‍ ബി7. തലമുടി തഴച്ച് വളരാനായി ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. കൂണ്‍, അവോക്കാഡോ, മുട്ടയുടെ മഞ്ഞ, സാൽമൺ ഫിഷ്, ധാന്യങ്ങള്‍, സോയാബീന്‍, നട്‌സ്, പാല്‍, പാലുല്‍പന്നങ്ങള്‍  തുടങ്ങിയവയില്‍ ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്.  

മൂന്ന്...

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സി തലമുടിയുടെ ആരോഗ്യത്തിനും മികച്ചതാണ്. മുടി വളർച്ചയ്ക്ക് ആവശ്യമായ അയണിനെ ആഗിരണം ചെയ്യാൻ ഈ വിറ്റാമിൻ സഹായിക്കുന്നു.  മുടിയുടെ കേടുപാടുകൾ തീർക്കുന്നതിനും ആവശ്യമായ പ്രോട്ടീന്‍ ഉത്പാദിപ്പിക്കാനും ശരീരത്തെ സഹായിക്കുന്ന മികച്ച പോഷകമാണ് വിറ്റാമിൻ സി. ഇവ മുടി കൊഴിച്ചില്‍ തടയുകയും തലമുടിയെ ശക്തിപ്പെടുത്തുകയും ചെയ്യും. ഓറഞ്ച്, നെല്ലിക്ക, നാരങ്ങ, ബ്രോക്കോളി, ചീര, ഇലക്കറികൾ, കുരുമുളക്,  കിവി,  പയര്‍ വർഗ്ഗങ്ങൾ, പപ്പായ തുടങ്ങിയവയില്‍ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു.

നാല്...

എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് വിറ്റാമിന്‍ ഡി. മറ്റ് വിറ്റാമിനുകളെ പോലെ ഭക്ഷണം മാത്രമല്ല വിറ്റാമിന്‍ ഡി യുടെ സ്രോതസ്സ്. സൂര്യപ്രകാശത്തില്‍ നിന്നും നമ്മുക്ക് കിട്ടുന്നതു കൂടിയാണ് വിറ്റാമിന്‍ ഡി. സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്. ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് വിറ്റാമിന്‍ ഡി. മുടി വേരുകൾക്ക് കരുത്ത് പകർന്നുകൊണ്ട് മുടി കൊഴിച്ചിലിനെ തടഞ്ഞു നിർത്താൻ ശേഷിയുള്ളവയാണ് ഈ വിറ്റാമിനുകൾ. ഭക്ഷണ സ്രോതസ്സുകളില്‍ നിങ്ങളുടെ വിറ്റാമിന്‍ ഡി അളവ് വര്‍ധിപ്പിക്കുന്നതിന് വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാവുന്നതാണ്. സാൽമൺ ഫിഷ്, കൂണ്‍, ധാന്യങ്ങള്‍, പാല്‍, പാലുല്‍പന്നങ്ങള്‍, മുട്ട  എന്നിവയില്‍ നിന്ന് വിറ്റാമിന്‍ ഡി നിങ്ങള്‍ക്ക് ലഭിക്കും. 

അഞ്ച്...

മുടി വളർച്ചയെ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ആന്‍റിഓക്‌സിഡന്‍റുകള്‍ ധാരാളം അടങ്ങിയ വിറ്റാമിൻ ഇ.  ഇവ രക്തചംക്രമണം വർധിപ്പിച്ചുകൊണ്ട് ഓക്സിജൻ വിതരണത്തെ മികച്ചതാക്കുന്നു. ഇത് തലമുടി തഴച്ചു വളരാന്‍ സഹായിക്കും. ചീര, ബ്രോക്കോളി, അവക്കാഡോ, ബദാം, ഒലീവ് ഓയിൽ,  മത്തങ്ങ, കിവി തുടങ്ങിയ ഭക്ഷണങ്ങളിൽ നിന്ന് വിറ്റാമിൻ ഇ ലഭിക്കും. 

Also Read: തല അമിതമായി വിയര്‍ക്കാറുണ്ടോ? എങ്കില്‍ തലമുടിയെ ബാധിക്കുന്നത് ഇങ്ങനെ...

click me!