'ശസ്ത്രക്രിയ കഴിഞ്ഞ് 21-ാം ദിവസം സ്വയം ട്യൂബ് റിമൂവ് ചെയ്യുകയായിരുന്നു'; അനുഭവം പങ്കുവച്ച് ഹെയ്ദി സാദിയ

Published : Mar 14, 2026, 03:00 PM IST
heidi saadiya

Synopsis

എംജി യൂണിവേഴ്സിറ്റിയില്‍ പിഎച്ച്ഡി ചെയ്യുകയാണ് ഹെയ്ദി. ഹെയ്ദിയുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.

ഹെയ്ദി സാദിയ എന്ന പേര് മലയാള മാധ്യമചരിത്രത്തിന്‍റെ ഭാഗമാണ്. മലയാളത്തിലെ ആദ്യ ട്രാൻസ്ജെൻഡര്‍ മാധ്യമപ്രവര്‍ത്തകയാണ് ഹെയ്ദി സാദിയ. തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിൽ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഹെയ്ദി കുറച്ച് നാള്‍ ജേണലിസ്റ്റായി ജോലിയും ചെയ്തിരുന്നു. ഇപ്പോള്‍ എംജി യൂണിവേഴ്സിറ്റിയില്‍ പിഎച്ച്ഡി ചെയ്യുകയാണ് ഹെയ്ദി. ഹെയ്ദിയുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.

വീട്ടില്‍ നിന്നും ബെംഗളൂരുവിലേയ്ക്ക്

കുട്ടിക്കാലത്തെ പഠിക്കാന്‍ എനിക്ക് ഇഷ്ടമായിരുന്നു. മിഡിൽ ക്ലാസ് ഫാമിലി ആയതുകൊണ്ട് നല്ലൊരു ഇന്റർനാഷണൽ സ്കൂളിലാണ് പഠിച്ചത്. പ്രിന്‍സിപ്പളിന്‍റെ മകളായിരുന്നു എന്‍റെ ബെസ്റ്റ് ഫ്രെണ്ട്. സ്കൂളിൽ നിന്നൊന്നും അങ്ങനെ ബുദ്ധിമുട്ടോ വേര്‍ത്തിരിവോ അനുഭവിച്ചിട്ടില്ല. പക്ഷേ വീട്ടില്‍ സീന്‍ ആയിരുന്നു. മലപ്പുറത്തെ ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ച ഞാന്‍ ട്രാൻസ്ജെൻഡറാണെന്ന് പറഞ്ഞതോടെ നാട്ടിലും കുടുംബത്തിലും വലിയ കോലാഹലമായി. ഇതൊന്നും അംഗീകരിക്കാന്‍ അവര്‍ അന്ന് തയ്യാറായിരുന്നില്ല. അങ്ങനെയാണ് നാടുവിട്ടത്. ബെംഗളൂരുവിലേയ്ക്ക് പോയി, ട്രാൻസ് കമ്മ്യൂണിറ്റിയുടെ സഹായത്തിലായിരുന്നു തുടര്‍ പഠനവും മറ്റും നടത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതും ബെംഗളൂരുവില്‍ വച്ച് തന്നെയായിരുന്നു. പിന്നീട് ഇംഗ്ലീഷിൽ ബിരുദം നേടിയ ശേഷം പത്രപ്രവര്‍ത്തനം പഠിക്കാനായാണ് തിരുവനനന്തപുരത്ത് എത്തിയത്. എനിക്ക് ജെആര്‍എഫ് വരെ കിട്ടിയതിന് ശേഷം ഇക്കഴിഞ്ഞ വര്‍ഷമാണ് വീട്ടുകാര്‍ എന്നെ അംഗീകരിച്ചത്. മരിക്കുന്നതിന് മുമ്പ് ഉപ്പാക്ക് കാണണം എന്ന് പറഞ്ഞ് വിളിക്കുകയായിരുന്നു.

ശസ്ത്രക്രിയയും ട്യൂബ് റിമൂവലും!

2016-ല്‍ ബെംഗളൂരുവിലെ ഒരു ആശുപത്രിയില്‍ വെച്ചായിരുന്നു ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. അന്ന് അത് അത്ര ലീഗൽ ആയിട്ടുള്ള ഒരു സംഭവം അല്ലായിരുന്നു. അതുകൊണ്ട് ആരും അറിയാതെ പോയി ചെയ്യുകയായിരുന്നു. ഇപ്പോൾ ആ ഹോസ്പിറ്റല്‍ ഇല്ല, അടച്ചുപൂട്ടി. അന്ന് മൂന്ന് മണിക്കൂറിൽ സർജറി കഴിഞ്ഞിട്ട് എന്നോട് ഇറങ്ങി ട്യൂബും പിടിച്ച് നടന്നോളാൻ പറഞ്ഞു. കാരണം അവിടെ അങ്ങനെയൊരു സർജറി ചെയ്യുന്നതൊന്നും പുറത്ത് ആർക്കും അറിയില്ല. അങ്ങനെ സർജറി കഴിഞ്ഞ് മരവിപ്പ് മാറുന്നതിന് മുമ്പേ ഞാൻ എഴുന്നേറ്റ് നടന്നു. എങ്ങനെയൊക്കെയോ ഓട്ടോറിക്ഷയില്‍ കയറി റെയിൽവേ സ്റ്റേഷനിൽ വന്നു. 2 മണിക്കൂർ വെയിറ്റ് ചെയ്ത് ജനറൽ കമ്പാർട്ട്മെന്റിൽ തിക്കിലും തിരക്കിനും ഇടയിൽ എങ്ങനെയൊക്കെയോ സീറ്റില്‍ ഈ ട്യൂബും പിടിച്ച് കിടന്നു. കേരളത്തിൽ ഒരു കന്യാസ്ത്രീ മഠത്തിൽ വന്നിട്ടാണ് റെസ്റ്റ് എടുക്കുന്നത്. അപ്പോഴേക്കും 24 മണിക്കൂര്‍ കഴിഞ്ഞു. അതൊരു ഭയങ്കര ക്രൂഷ്യൽ സംഭവമായിരുന്നു. എനിക്ക് ട്യൂബ് റിമൂവ് ചെയ്യാൻ എവിടെ പോകണമെന്നൊന്നും അറിയില്ല. 21-ാമത്തെ ദിവസമാണ് ട്യൂബ് റിമൂവ് ചെയ്യുന്നത്. സ്വന്തമായി ബ്ലേഡ് ഉപയോഗിച്ച് ട്യൂബ് അറുത്ത് കളയുകയാണ് ചെയ്തത്. പിന്നീട് റീസർജറി ചെയ്തിട്ടുണ്ടായിരുന്നു. കുറച്ചും കൂടി ഡെവലപ്ഡ് ആയിട്ടുള്ള സർജറിയാണ് ചെയ്തത്. പിന്നീട് ആയൂര്‍വേദ ചികിത്സയൊക്കെ ചെയ്തിരുന്നു. 3-4 ലക്ഷം രൂപയാണ് ഒരു സർജറിക്ക് വരുന്നത്. പല തരം സര്‍ജറികളുണ്ട്. അതിനനുസരിച്ച് ചികിത്സാ ചിലവിലും വ്യത്യാസം വരും.

'എല്ലാവർക്കും എന്റെ സർജറി ചെയ്ത ഭാഗം കാണണം'

സർജറിക്ക് ശേഷം ഒരു വർഷം കഴിഞ്ഞ് വീടിനടുത്തുള്ള ആന്റിയുടെ വീട്ടില്‍ പോയപ്പോള്‍ അവിടെയുണ്ടായിരുന്ന സ്ത്രീകൾക്ക് എന്‍റെ സർജറി ചെയ്ത ഭാഗം എങ്ങനെയാണെന്ന് അറിയണമായിരുന്നു. കുളിക്കാൻ കയറുമ്പോൾ ഇവരൊക്കെ പിന്നാലെ വന്നു. കാണിക്ക് കാണിക്ക് എന്ന് പറഞ്ഞു. കണ്ടപ്പോള്‍ അയ്യോ ഇത് നമ്മളുടേത് പോലെ തന്നെയാണ്, എങ്ങനെ ഇങ്ങനെയാക്കിയെടുക്കുന്നു എന്നൊക്കെ പറഞ്ഞു. ഇവരിങ്ങനെ കണ്ടു എന്നുള്ള കാര്യം അവര്‍ എല്ലായിടത്തും പറയുകയും ചെയ്തു. ഷേപ്പ് ഒക്കെ നമ്മുടെ പോലെ തന്നെ നോർമൽ ആണ് എന്നൊക്കെ. അപ്പോള്‍ അത് കേട്ടപ്പോള്‍ സന്തോഷമാണ് തോന്നിയത്. ആ പോയിന്റിൽ ഞാൻ ഡിസ്കംഫർട്ട് ആയിരുന്നില്ല. കാരണം അവരുടെ അക്സെപ്റ്റൻസ് ഭയങ്കര എടുത്ത് പറയേണ്ടത് തന്നെയായിരുന്നു. എന്‍റെ കസിന്‍ പറയുമ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത് എന്‍റെ പേഴ്സണൽ ആയിട്ടുള്ള കാര്യം ഞാന്‍ കാണിക്കാന്‍ പാടില്ലായിരുന്നു എന്ന്. ഒരാളുടെ മുന്നിലും എന്‍റെ സെല്‍ഫ് റെസ്പക്റ്റ് അടിയറവ് വെക്കരുത് എന്നുള്ളത് അപ്പോഴാണ് തിരിച്ചറിയുന്നത്. അന്ന് എനിക്ക് 19 വയസ്സേ ഉണ്ടായിരുന്നോള്ളൂ. പിന്നെ ട്രാന്‍സായിട്ടുള്ള ആളുകളുടെ കാര്യത്തില്‍ ആളുകള്‍ക്ക് ഇപ്പോഴും ഭയങ്കര ക്യൂരിയോസിറ്റി ആണ്. അതുകൊണ്ടാണല്ലോ ജാസിയുടെ സർജറി പോലും ഇത്രയും വിവാദമായതും ചർച്ചാവിഷയമായതുമൊക്കെ. ഫിസിക്കലി കാണുമ്പോഴാണെങ്കിലും, ഇമോഷണലി കാണുമ്പോഴാണെങ്കിലും, അവരുടെ ഫീച്ചേഴ്സിൽ ആണെങ്കിലും, അവരുടെ പെരുമാറ്റത്തില്‍ ആണെങ്കിലും ആൾക്കാർ ഭയങ്കര ക്യൂരിയസാണ്. അത് നോർമലൈസ് ചെയ്യാൻ ഇപ്പോഴും പറ്റിയിട്ടില്ല.

ട്രാൻസ് വുമണേക്കാൾ കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത് ട്രാൻസ് മെൻ

ജനിച്ച സമയത്ത് സ്ത്രീകളായിട്ട് അടയാളപ്പെടുത്തിയിട്ടുള്ളവരാണല്ലോ ട്രാൻസ് മെൻ എന്ന് പറയുന്നത്. അപ്പോള്‍ അവര്‍ വീടുകളില്‍ ഒരുപാട് അടിച്ചമര്‍ത്തലുകള്‍ നേരിട്ടവരാണ്. യൂട്രസ് റിമൂവ് ചെയ്യുന്നത് വരെ അവര്‍ പല ശാരീരിക- മാനസിക ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോകുന്നത്. അവര്‍ക്ക് പിയർ ഗ്രൂപ്പിനെ കണ്ടെത്താനും അവരുടെ ഒരു കംഫർട്ട് സോൺ കണ്ടെത്താനും കുറച്ചൊരു ചലഞ്ചിങ് ആവാറുണ്ട് എന്നാണ് എനിക്ക് തോന്നിയത്.

നെറ്റും ജെആർഎഫും കിട്ടി, പിഎച്ച്ഡി ചെയ്യുന്നു

എന്തെങ്കിലുമൊക്കെ ജോലി കിട്ടണമെങ്കിൽ ക്വാളിഫിക്കേഷന്‍ വേണമല്ലോ. അങ്ങനെയാണ് പഠനത്തിലേക്ക് വീണ്ടും ശ്രദ്ധ തിരിച്ചത്. നെറ്റും ജെആർഎഫും കിട്ടി. ഇപ്പോള്‍ എംജി യൂണിവേഴ്സിറ്റിയില്‍ മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തില്‍ പിഎച്ച്ഡി ചെയ്യുന്നു. ജെആർഎഫ് കിട്ടിക്കഴിഞ്ഞതിന്റെ പിറ്റേ ദിവസമാണ് എന്റെ അങ്കിൾ വിളിക്കുന്നത് ഉപ്പാക്ക് വയ്യാന്ന് പറഞ്ഞിട്ട്. ഉപ്പക്ക് എന്നെ കാണണം എന്ന് പറഞ്ഞു. അങ്ങനെയാണ് വീട്ടിലേക്ക് പോകുന്നത്. ഇക്കഴിഞ്ഞ വര്‍ഷമായിരുന്നു അത്. എല്ലാവരും എന്നെ മോളെ എന്നൊക്കെ പറഞ്ഞ് അഭിസംബോധന ചെയ്തപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. അക്സെപ്റ്റ് ചെയ്ത് കുറച്ചു ദിവസം കഴിയുമ്പോഴേക്കും ഫാദർ മരിക്കുകയായിരുന്നു. ഉമ്മയും ബ്രദറും ബ്രദറിന്റെ വൈഫും ഒക്കെയായി നല്ല ബന്ധമാണിപ്പോള്‍.

വിവാഹം വര്‍ക്കൗട്ട് ആയില്ല!

എന്‍റെ വിവാഹം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. പക്ഷേ ജീവിതത്തിലേക്ക് കടന്നുപ്പോള്‍ ആ വൈബ് ഉണ്ടായിരുന്നില്ല. അത് എന്തോ വര്‍ക്കൗട്ട് ആയില്ല. നമ്മുടെ ജീവിതത്തിലും അത് സംഭവിക്കുന്നു എന്നുള്ളത് നോർമൽ ആയിട്ടുള്ള ഒരു കാര്യം തന്നെയാണ്. ഞാന്‍ ഇമോഷണലി ഡിപ്പെൻഡ് ചെയ്തു പോകുന്ന ഒരാളാണ്. പക്ഷേ തിരിച്ച് ഇങ്ങോട്ട് ഒരു ഇമോഷണല്‍ കണക്ടും കിട്ടിയില്ലെങ്കില്‍ പിന്നെ ആ ബന്ധത്തില്‍ തുടരുന്നതില്‍ കാര്യമില്ലല്ലോ. ഞങ്ങള്‍ക്കിടയില്‍ ഫിസിക്കൽ ഇന്റിമസി ഉണ്ടായിട്ടേയില്ല. ഇമോഷണൽ കണക്ഷനും ഉണ്ടായിട്ടില്ല. ഉണ്ടായ‍ിരുന്നെങ്കിൽ ഞാൻ ആ ബന്ധത്തിൽ തുടർന്നേനെ. ഞാൻ ഒരു പ്രൗഡ് ഡിവോഴ്സിയാണ്.

 

PREV
Read more Articles on
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ