ഗ്രീന്‍ടീ ഉപയോഗിച്ച് അഞ്ച് സൗന്ദര്യ വര്‍ദ്ധന മാര്‍ഗങ്ങള്‍

By Web TeamFirst Published Mar 14, 2019, 6:54 PM IST
Highlights

ഗ്രീന്‍ ടീ ഉപയോഗിച്ചുള്ള അഞ്ച് സൗന്ദര്യ സംരക്ഷണ മാര്‍ഗങ്ങള്‍ നോക്കാം.

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഗ്രീന്‍ ടീ. ക്യാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ ചെറുക്കാന്‍ ഗ്രീന്‍ ടീ സഹായിക്കുമെന്നും ചില പഠനങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ ആരോഗ്യ സംരക്ഷണത്തില്‍ മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിലും ഗ്രീന്‍ ടീ പ്രയോജനകരമാണ്. ഇവിടെയിതാ, ഗ്രീന്‍ ടീ ഉപയോഗിച്ചുള്ള അഞ്ച് സൗന്ദര്യ സംരക്ഷണ മാര്‍ഗങ്ങളാണ് പങ്കുവെയ്‌ക്കുന്നത്. 

1. ക്ലന്‍സറായി ഉപയോഗിക്കാം...

രണ്ട് ടേബിള്‍ സ്‌പൂണ്‍ ഗ്രീന്‍ ടീ ലയിപ്പിച്ച വെള്ളവും ഒരു ടേബിള്‍ സ്‌പൂണ്‍ തേനും ഉപയോഗിച്ച് ചാലിച്ചെടുത്ത മിശ്രിതം ഉപയോഗിച്ച് മുഖത്ത് നന്നായി തേച്ചുപിടിപ്പിക്കുക. 10-15 മിനിട്ടിന് ശേഷം ഇത് കഴുകി കളയുക. ഇത് മുഖത്തിന് കൂടുതല്‍ മിനുസവും തിളക്കവും ലഭിക്കാന്‍ സഹായിക്കും. കുറച്ചുദിവസം ഇത് തുടര്‍ന്നാല്‍ മുഖസൗന്ദര്യം വര്‍ദ്ധിക്കും. 

2. ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍...

ഒരു ഒഴിഞ്ഞ സ്‌പ്രേ ബോട്ടില്‍ നന്നായി കഴുകി എടുക്കുക. ഇതിലേക്ക്, ഗ്രീന്‍ ടീ ബാഗ് നന്നായി വെള്ളത്തിലിട്ട് മിശ്രിതമാക്കിയെടുക്കുക. ഇത് സ്‌പ്രേ ബോട്ടിലിലാക്കി, മുഖത്തേക്ക് സ്‌പ്രേ ചെയ്യുക. കുറച്ചുനേരം ഇതു തുടര്‍ന്ന ശേഷം കഴുകി കളയുക. ആഴ്‌ചയില്‍ നാലുദിവസം വീതം ഒരു മാസത്തോളം ഇത് തുടരുക. മുഖത്തിന് നല്ല നിറമുണ്ടാകാന്‍ ഇത് സഹായിക്കും. 

3. മുഖക്കുരുവിന്...

നല്ല മുഖക്കുരു ഉള്ളവര്‍ക്ക് ഗ്രീന്‍ ടീ ഉപയോഗിച്ച് പ്രതിവിധിയുണ്ട്. തേയില ഇല നന്നായി ചതച്ച് നീരാക്കിയത് ഒരു ടേബിള്‍സ്‌പൂണ്‍ എടുത്ത്, അതിലേക്ക് രണ്ടു ടേബിള്‍ സ്‌പൂണ്‍ തേന്‍ ചേര്‍ക്കുക. ഇത് മുഖക്കുരു ഉള്ള ഭാഗങ്ങളില്‍ നന്നായി തേച്ചുപിടിപ്പിച്ച് 20 മിനുട്ടിനുശേഷം കഴുകി കളയുക. 

4. നേത്രസംരക്ഷണം...

കണ്ണിന് ചുറ്റും കറുപ്പ് നിറം ഉണ്ടാകുന്നത് ഇന്ന് വലിയൊരു സൗന്ദര്യപ്രശ്‌നമായി മാറിയിട്ടുണ്ട്. ഇത് പരിഹരിക്കാന്‍. രണ്ട് ഗ്രീന്‍ ബാഗ് വെള്ളത്തിലിട്ട് വെയ്‌ക്കുക. ഈ വെള്ളം അഞ്ചു മിനിട്ടോളം ഫ്രീസറില്‍വെച്ച് തണുപ്പിച്ചശേഷം കണ്ണിന് ചുറ്റും പുരട്ടുക. ഇത് കണ്ണിന് കൂടുതല്‍ കുളിര്‍മ ലഭിക്കാനും സഹായിക്കും. 

5. സ്റ്റീം ഫേഷ്യല്‍ ചെയ്യാന്‍...

വിപണിയില്‍ ലഭിക്കുന്ന വിലയേറിയതും, മാരകമായ രാസവസ്‌തുക്കള്‍ അടങ്ങിയതുമായ ക്രീം ഉപയോഗിച്ചാണ് പലരും ഫേഷ്യല്‍ ചെയ്യാറുള്ളത്. എന്നാല്‍ ഗ്രീന്‍ ടീ ഉപയോഗിച്ച് തികച്ചും പ്രകൃതിദത്തമായ രീതിയില്‍ ഫേഷ്യല്‍ ചെയ്യുന്നതിനുള്ള മാര്‍ഗം പറഞ്ഞുതരാം. വെള്ളം ചൂടാക്കുക. തിളച്ചുവരുമ്പോള്‍ അതിലേക്ക് ഗ്രീന്‍ടീ ഇല ഇടുക. നന്നായി തിളച്ചുതുടങ്ങുമ്പോള്‍, ഒരു മൂടിവെച്ച് മൂടുക. അതിനുശേഷം സാധാരണ ആവി കൊള്ളുന്നതുപോലെ, ടവല്‍ തലയിലൂടെ മൂടി, വെള്ളത്തിന്റെ മൂടി തുറന്ന് ആവി മുഖത്തുകൊള്ളിക്കുക. 

 


 

click me!