ക്രോണിക് സ്‌ട്രെസ്സ് മുതൽ ലേറ്റ് നൈറ്റ് ലൈഫ്‌സ്റ്റൈൽ വരെ: ജെൻ സികളെ കാത്തിരിക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങളോ?

Published : Mar 02, 2026, 04:43 PM IST
gen z

Synopsis

സ്മാർട്ട്ഫോണും കണ്ണഞ്ചിപ്പിക്കുന്ന ഡിജിറ്റൽ ലോകവും ഇന്നത്തെ യുവാക്കളുടെ ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ ഈ തിളക്കത്തിന് പിന്നിൽ വരാനിരിക്കുന്ന വലിയൊരു ആരോഗ്യ തകർച്ചയെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് റിപ്പോർട്ടുകൾ. 

രാത്രി പന്ത്രണ്ടിന് ശേഷവും സ്ക്രീനിൽ സ്‌ക്രോൾ ചെയ്യുന്നത് പലർക്കും പതിവായ കാര്യമായി മാറിയിരിക്കുന്നു. ഒരു നോട്ടിഫിക്കേഷൻ കൂടി, ഒരു റീൽ കൂടി, ഒരു ചാറ്റ് കൂടി അങ്ങനെ പറഞ്ഞ് പറഞ്ഞ് ഉറക്കം പിന്നിലേക്ക് നീങ്ങുന്നു. ഭക്ഷണം ഒഴിവാക്കുന്നു. ഇടവേളകൾ കഫെയിനാൽ നിറയുന്നു. വിശ്രമം സ്ഥിരമായി മാറ്റിവെക്കപ്പെടുന്നു. ഇതെല്ലാം ഒരു സാധാരണ മോഡേൺ ലൈഫ്‌സ്റ്റൈൽ ശീലം മാത്രമല്ലെന്ന് പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. ശരീരത്തിന്റെ സ്വാഭാവിക റിതം തകർക്കുന്ന അടയാളങ്ങളാണിവ. ഇത്തരം നിസ്സാരമെന്ന് തോന്നിക്കുന്ന ശീലങ്ങൾ ശരീരത്തിന്റെ സ്വാഭാവികമായ താളക്രമത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നതിനെക്കുറിച്ച് മണി കൺട്രോൾ പ്രസിദ്ധീകരിച്ച റിപ്പോർട്ട് വലിയ ആകുലതകളാണ് പങ്കുവെക്കുന്നത്. പ്രമുഖ ആയുർവേദ വിദഗ്ദ്ധൻ്റെ അഭിപ്രായത്തിൽ തയ്യാറാക്കിയ ഈ റിപ്പോർട്ട് പ്രകാരം, യുവാക്കൾ നേരിടുന്ന മാനസികവും ശാരീരികവുമായ പല പ്രശ്നങ്ങൾക്കും പിന്നിൽ ഈ മോഡേൺ ലൈഫ്‌സ്റ്റൈൽ ശീലങ്ങളാണുള്ളത്.

ഓരോ രാത്രിയിലും ഉറക്കം വൈകുന്നത് ശരീരത്തിലെ ഹോർമോണൽ ബാലൻസ് തകർക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ശരീരം വിശ്രമം ആഗ്രഹിക്കുന്ന സമയത്ത് അതിനെ അവഗണിച്ച് സ്ക്രീനുകളിൽ സമയം ചെലവഴിക്കുമ്പോൾ സ്ട്രെസ് ഹോർമോണായ കോർട്ടിസോൾ അമിതമായി ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഇത് ഇൻസുലിൻ സെൻസിറ്റിവിറ്റിയെ ബാധിക്കുകയും അമിതമായ ക്ഷീണത്തിനും വണ്ണം വെക്കുന്നതിനും കാരണമാകുന്നു. ആയുർവേദ കാഴ്ചപ്പാടിൽ രാത്രി ഉറക്കം വൈകുന്നത് വാത, കഫ ദോഷങ്ങളെ അസ്വസ്ഥമാക്കുകയും അതുവഴി ദഹനപ്രക്രിയ മന്ദഗതിയിലാക്കുകയും ചെയ്യുന്നുവെന്നാണ് പറയുന്നത്. ഭക്ഷണം കുറച്ചു കഴിച്ചാൽ പോലും വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഇത്തരം അസന്തുലിതാവസ്ഥയുടെ ലക്ഷണമാണ്.

മാനസികമായ തളർച്ച അഥവാ ബേൺഔട്ട് എന്നത് കേവലം വൈകാരികമായ ഒരു പ്രശ്നമല്ലെന്നും അത് ശരീരത്തിലെ മൊത്തം വ്യവസ്ഥയെ ബാധിക്കുന്ന ഒന്നാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തലച്ചോറിന് ആവശ്യമായ വിശ്രമം നൽകാതെ തുടർച്ചയായി ഉത്തേജിപ്പിക്കുന്നത് നാഡീവ്യൂഹത്തെ എപ്പോഴും ഹൈ അലർട്ട് മോഡിൽ നിർത്തുന്നു. ഇത് വിശപ്പിനെയും മൂഡിനെയും നിയന്ത്രിക്കുന്ന ഹോർമോണുകളിൽ വ്യതിയാനം വരുത്തുന്നു. രാത്രികാലങ്ങളിൽ നിയന്ത്രിക്കാനാവാത്ത രീതിയിൽ ഭക്ഷണം കഴിക്കാനുള്ള തോന്നൽ, ആഹാരം കഴിച്ചാലും സംതൃപ്തി ലഭിക്കാതിരിക്കുക, പെട്ടെന്നുണ്ടാകുന്ന ദേഷ്യം തുടങ്ങിയവയെല്ലാം ശരീരം നൽകുന്ന മുന്നറിയിപ്പുകളാണ്.

തെറ്റായ ഭക്ഷണരീതികളും അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളുടെ അമിത ഉപയോഗവും ശരീരത്തിലെ ദഹനശക്തിയായ അഗ്നിയെ ദുർബലപ്പെടുത്തുന്നു. ദഹനം ശരിയായി നടക്കാതെ വരുമ്പോൾ ശരീരത്തിൽ ടോക്സിനുകൾ അടിഞ്ഞുകൂടുകയും ഇത് ശാരീരികമായ അസ്വസ്ഥതകളിലേക്കും മാനസികമായ മടുപ്പിലേക്കും നയിക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. എന്നാൽ ലളിതമായ ചില മാറ്റങ്ങളിലൂടെ ഈ പ്രതിസന്ധിയെ മറികടക്കാമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അർദ്ധരാത്രിക്ക് മുൻപ് ഉറങ്ങാൻ ശ്രമിക്കുക, ചൂടുള്ള പോഷകാഹാരം കഴിക്കുക, ഇടയ്ക്കിടെ ഡിജിറ്റൽ സ്ക്രീനുകളിൽ നിന്ന് വിട്ടുനിൽക്കുക തുടങ്ങിയ ചെറിയ കാര്യങ്ങൾ നാഡീവ്യൂഹത്തെ ശാന്തമാക്കാനും ഹോർമോണുകളെ സന്തുലിതമാക്കാനും സഹായിക്കും. ആധുനികമായ ശീലങ്ങൾക്കിടയിലും ആരോഗ്യകരമായ ഒരു ദിനചര്യ തിരിച്ചുപിടിച്ചാൽ മാത്രമേ പുതിയ തലമുറയ്ക്ക് ഈ പ്രതിസന്ധികളിൽ നിന്ന് മോചനം സാധ്യമാകൂ എന്ന് മണി കൺട്രോൾ റിപ്പോർട്ട് ഓർമ്മിപ്പിക്കുന്നു.

 

PREV
Read more Articles on
click me!

Recommended Stories

ബാത്‌റൂം എസ്കേപ്പിസം: വെറും കുളിയല്ല, ഇത് മനസ്സിനെ വീണ്ടെടുക്കാനുള്ള രഹസ്യ താവളം! എന്താണ് ജെൻ സി പിന്തുടരുന്ന ഈ പുതിയ ട്രെൻഡ്?
മിലൻ ഫാഷൻ വീക്കിനെ ഞെട്ടിച്ച് ഡെമി മൂർ; പുത്തൻ 'ഹൈഡ്രോ ബോബ്' ലുക്ക് വൈറൽ