കുഞ്ഞുണ്ടായാല്‍ അച്ഛനും 'ലീവ്' വേണോ? കോളിളക്കം സൃഷ്ടിച്ച് ഒരു മന്ത്രി....

By Web TeamFirst Published Jan 16, 2020, 6:04 PM IST
Highlights

യഥാര്‍ത്ഥത്തില്‍ കുഞ്ഞ് ജനിച്ചാല്‍ അച്ഛന്മാര്‍ക്കും അവധി നല്‍കണോ? വേണം എന്ന് പറയുന്നവരും വേണ്ടെന്ന് പറയുന്നവരും കാണും. എന്നാല്‍ ഈ വിഷയത്തില്‍ വലിയ വിവാദം നടക്കുകയാണ് ജപ്പാനില്‍. അവിടത്തെ പരിസ്ഥിതി മന്ത്രിയും മുന്‍ പ്രധാനമന്ത്രി ജുനിചിരോ കൊയ്‌സൂമിയുടെ മകനുമായ ഷിംഗ്ജിരോ കൊയ്‌സൂമിയാണ് വിവാദത്തിന് വഴിയൊരുക്കിയത്

ഏത് തൊഴില്‍മേഖലയിലായാലും പ്രസവിച്ച സ്ത്രീകള്‍ക്ക് ആറ് മാസത്തെയെങ്കിലും അവധി നല്‍കാന്‍ തൊഴില്‍ ദാതാവ് ബാധ്യസ്ഥനാണ്. ശമ്പളത്തോടുകൂടിയായിരിക്കും ഈ അവധി. എന്നാല്‍ കുഞ്ഞ് ജനിച്ചാല്‍ അച്ഛന്‍ അവധിയെടുക്കുന്ന പതിവ് നമ്മുടെ നാട്ടില്‍ ഇപ്പോഴും ഇല്ലെന്ന് വേണമെങ്കില്‍ പറയാം. നിശ്ചിത ദിവസത്തേക്ക് അവധി അനുവദിക്കുന്ന സ്ഥാപനങ്ങളുണ്ടെങ്കില്‍ പോലും അതൊരു പൊതുപ്രവണതയായി കാണാറില്ലെന്നതാണ് സത്യം.

യഥാര്‍ത്ഥത്തില്‍ കുഞ്ഞ് ജനിച്ചാല്‍ അച്ഛന്മാര്‍ക്കും അവധി നല്‍കണോ? വേണം എന്ന് പറയുന്നവരും വേണ്ടെന്ന് പറയുന്നവരും കാണും. എന്നാല്‍ ഈ വിഷയത്തില്‍ വലിയ വിവാദം നടക്കുകയാണ് ജപ്പാനില്‍. അവിടത്തെ പരിസ്ഥിതി മന്ത്രിയും മുന്‍ പ്രധാനമന്ത്രി ജുനിചിരോ കൊയ്‌സൂമിയുടെ മകനുമായ ഷിംഗ്ജിരോ കൊയ്‌സൂമിയാണ് വിവാദത്തിന് വഴിയൊരുക്കിയത്.

ആദ്യകുഞ്ഞ് പിറന്നതിനെ തുടര്‍ന്ന് രണ്ടാഴ്ചത്തെ ലീവില്‍ പ്രവേശിക്കുകയാണ് താനെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കൊയ്‌സൂമി. ജപ്പാനില്‍ കുഞ്ഞ് ജനിച്ചാല്‍ അച്ഛന്മാര്‍ അവധിയെടുക്കുന്ന പതിവ് വളരെ കുറവാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് മന്ത്രിയായ ഒരാള്‍ രണ്ടാഴ്ചത്തെ അവധിക്കാര്യം പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. ജപ്പാന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു മന്ത്രി ഇങ്ങനെയൊരു അവധിയില്‍ പ്രവേശിക്കുന്നത്.

കൊയ്‌സൂമിയുടെ അവധിയെച്ചൊല്ലി വലിയ വാഗ്വാദങ്ങളും ചര്‍ച്ചകളുമാണ് ജപ്പാനില്‍ നടക്കുന്നത്. അദ്ദേഹത്തെ അനുകൂലിച്ചും എതിര്‍ത്തും ജനം പ്രതികരിക്കുന്നുണ്ട്. നാടിന്റെ വികസനത്തിന് വേണ്ടി രാപ്പകലില്ലാതെ ജോലി ചെയ്യേണ്ട ഒരു പദവിയിലിരുന്ന് ഇത്തരമൊരു തീരുമാനമെടുക്കുന്നത് ഉത്തരവാദിത്തമില്ലാത്തതിനാലാണെന്നാണ് ഒരു വിഭാഗം പറയുന്നത്. അതേസമയം ഒരു പിതാവ് എന്ന നിലയിലും ഭര്‍ത്താവ് എന്ന നിലയിലും വ്യക്തി എങ്ങനെയായിരിക്കണമെന്നതിന് മാതൃക കാണിക്കുകയാണ് കൊയ്‌സൂമിയെന്നാണ് മറുവിഭാഗം പറയുന്നത്.

കുഞ്ഞ് ജനിച്ചാല്‍ അവധിയെടുക്കുമെന്ന് കൊയ്‌സൂമി നേരത്തേ പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയത്തില്‍ തെളിഞ്ഞ ഭാവിയുള്ളയാളാണ് കൊയ്‌സൂമിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വാദം. പ്രധാനമന്ത്രി സ്ഥാനം വരെ കൊയ്‌സൂമിയെ കാത്തിരിപ്പുണ്ടെന്നാണ് അവരുടെ വിലയിരുത്തല്‍. എന്നാലിപ്പോഴുണ്ടായിരിക്കുന്ന 'അവധി വിവാദം' കൊയ്‌സൂമിയുടെ പ്രതിച്ഛായയെ ബാധിക്കുമോയെന്നാണ് അണികളുടെ ആശങ്ക. അതേസമയം തന്റെ തീരുമാനത്തിലുറച്ചുതന്നെ നില്‍ക്കുകയാണ് കൊയ്‌സൂമി.

click me!