
വേഴ്സസ് സ്പ്രിങ് 2020യുടെ വേദിയിൽ അതേ പച്ചവസ്ത്രത്തില്‍ താരമായി നടി ജെന്നിഫർ ലോപ്പസ്. അമ്പതാമത്തെ വയസിലാണ് ജെന്നിഫറിന്‍റെ ഈ ചടുലമായ ചുവടുകൾ എന്നത് വിശ്വസിക്കാൻ പോലും പ്രയാസമാണ്. പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രാമി അവാര്‍ഡ്‌സ് റെഡ്കാര്‍പ്പെറ്റില്‍ ധരിച്ച അതേ പച്ചവസ്ത്രമണിഞ്ഞാണ് മിലാനില്‍ നടന്ന വെര്‍സേസ് സ്പ്രിംഗ് 2020 റണ്‍വേ ഷോയില്‍ ജെന്നിഫര്‍ തിളങ്ങിയത്. ഡീപ് വി നെക്കുള്ള ജംഗിള്‍ പ്രിന്റഡ് ഗ്രീന്‍ ഗൗണാണ് ജെന്നിഫര്‍ ധരിച്ചത്.
ജെന്നിഫറിന്‍റെ പ്രസിദ്ധമായ ഈ ഗ്രാമി ഗ്രീന്‍ ഔട്ട്ഫിറ്റാണ് ഗൂഗിള്‍ ഇമേജസിന്റെ പിറവിക്ക് പിന്നില്‍. ജെന്നിഫറിന്റെ റാമ്പ് വാക്കോടെയായിരുന്നു ഷോയുടെ പരിസമാപ്തി . 2000 ഫെബ്രുവരിയില്‍ നടന്ന ഗ്രാമി അവാര്‍ഡ്‌സിന്റെ റെഡ്കാര്‍പ്പെറ്റിലാണ് ഇതേ ഗ്രീന്‍ ഗൗണ്‍ അണിഞ്ഞ് ജെന്നിഫര്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത്.
ഗൂഗിള്‍ എന്ന സെര്‍ച്ച് എന്‍ജിന്‍ ലോകത്തിന് പരിചിതമായി തുടങ്ങിയ കാലമായിരുന്നു അത്. ജെന്നിഫര്‍ ധരിച്ച ഈ പച്ച ഗൗണിന്റെ ചിത്രങ്ങള്‍ കാണാനായി ആരാധകര്‍ ഗൂഗിളില്‍ തിരഞ്ഞു. അതുവരെയുള്ള ഗൂഗിളിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ആ വസ്ത്രമായിരുന്നു. ഗൂഗിള്‍ ഇമേജസ് എന്ന ചിന്തയുണ്ടായത് പോലും ഈ തിരച്ചിലുകളാണെന്ന് ഗൂഗിളിന്റെ മുന്‍ സിഇഒ ആയിരുന്ന എറിക് ഷ്മിഡ്റ്റ് മുന്‍പ് പറഞ്ഞിരുന്നു.
അന്നത്തെ ആ വസ്ത്രത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ഇത്തവണ താരമത് ധരിച്ചത്. പ്രശസ്ത ഡിസൈറായ ഡൊണേറ്റെല്ല വെര്‍സേസിനൊപ്പമാണ് താരം റാമ്പ് വാക്ക് ചെയ്തത്.