ലോക്ക്ഡൗണ്‍; പിഞ്ചുകുഞ്ഞിനും മുത്തശ്ശിക്കും സഹായമെത്തിച്ച് 'ഹീറോ' മുഖ്യമന്ത്രി

By Web TeamFirst Published Apr 29, 2020, 9:20 PM IST
Highlights

കുഞ്ഞ് ജനിച്ച് അധികം വൈകാതെ തന്നെ അസുഖബാധിതയായി അമ്മ മരിച്ചുപോയിരുന്നു. അച്ഛനാണെങ്കില്‍ മുംബൈയില്‍ തൊഴിലാളിയാണ്. ലോക്ക്ഡൗണ്‍ ആയതോടെ മുംബൈയില്‍ കുടുങ്ങിക്കിടപ്പാണിപ്പോള്‍. ഇയാളുടെ അമ്മയ്‌ക്കൊപ്പമാണ് ഇപ്പോള്‍ കുഞ്ഞ് ഉള്ളത്

പട്ടിണിയിലൂടെയും ദുരിതത്തിലൂടെയുമാണ് രാജ്യത്ത് പലയിടങ്ങളിലും പല കുടുംബങ്ങളും ഈ ലോക്ക്ഡൗണ്‍ കാലത്തിലൂടെ കടന്നുപോകുന്നത്. പലരും തങ്ങളനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ പുറത്തറിയിക്കുന്നില്ല. അറിയിച്ചാലും സഹായങ്ങളെത്തുമോ എന്ന നിരാശയില്‍ കഴിയുന്നവരും ഉണ്ടാകാം. എന്തായാലും ദുരിതമനുഭവിക്കുമ്പോള്‍ കൈത്താങ്ങായി വരുന്നവര്‍ ആരായാലും അവര്‍ ഈ ഘട്ടത്തില്‍ 'ഹീറോ' തന്നെയാണ്. 

അങ്ങനെ 'ഹീറോ' ഇമേജിലെത്തിയിരിക്കുകയാണിപ്പോള്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായ ഹേമന്ത് സോറണ്‍. ലാത്തെഹറിലെ ഒരു ദരിദ്ര കുടുംബത്തിന് സഹായമെത്തിച്ചതോടെയാണ് ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറണ് അഭിനന്ദനങ്ങളെത്തുന്നത്. 

അഞ്ച് മാസം പ്രായമായ കുഞ്ഞിന് കൊടുക്കാന്‍ പാലില്ലാതെ കഷ്ടപ്പെടുന്ന ഒരു മുത്തശ്ശിയെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെയാണ് മുഖ്യമന്ത്രി അറിയുന്നത്. തുടര്‍ന്ന് ആ കുടുംബത്തെ കുറിച്ച് അദ്ദേഹം വിശദമായ അന്വേഷണം നടത്തി. 

കുഞ്ഞ് ജനിച്ച് അധികം വൈകാതെ തന്നെ അസുഖബാധിതയായി അമ്മ മരിച്ചുപോയിരുന്നു. അച്ഛനാണെങ്കില്‍ മുംബൈയില്‍ തൊഴിലാളിയാണ്. ലോക്ക്ഡൗണ്‍ ആയതോടെ മുംബൈയില്‍ കുടുങ്ങിക്കിടപ്പാണിപ്പോള്‍. ഇയാളുടെ അമ്മയ്‌ക്കൊപ്പമാണ് ഇപ്പോള്‍ കുഞ്ഞ് ഉള്ളത്. 

തീര്‍ത്തും ദരിദ്രരായ കുടുംബത്തിന് നാട്ടുകാര്‍ ചില്ലറ സഹായങ്ങളെല്ലാം മുമ്പെത്തിച്ചിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ ആയതോടെ ആ സഹായങ്ങളും നിലച്ചു. അമ്മയില്ലാത്ത കുഞ്ഞിന് പാല്‍ നല്‍കാനാകാതെ, കഞ്ഞിവെള്ളമാണ് ഇപ്പോള്‍ നല്‍കുന്നത്. ഇതെക്കുറിച്ച് ആരോ സോഷ്യല്‍ മീഡിയയില്‍ എഴുതിയതാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടത്. 

Also Read:- ലോക്ഡൗണില്‍ പട്ടിണി, അമ്മയ്ക്കും സഹോദരനും ഭക്ഷണം നല്‍കാന്‍ മോഷണം; പതിനാറുകാരന് മാപ്പുനല്‍കി കോടതി...

ഏതായാലും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുടുംബത്തിന് ആവശ്യമായ സഹായങ്ങളെത്തിക്കാന്‍ നടപടിയായി. പാലും മറ്റ് അവശ്യസാധനങ്ങളും ഇവര്‍ക്കെത്തിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ തന്നെ അദ്ദേഹം അറിയിക്കുകയും ചെയ്തു. 

click me!