പാറ്റ്‌ന: ലോക്ഡൗണിനെ തുടര്‍ന്ന് സഹോദരനും മാനസിക വെല്ലുവിളി നേരിടുന്ന അമ്മയ്ക്കും ആഹാരം നല്‍കാന്‍ മാര്‍ഗ്ഗമില്ലാതെ മോഷണം നടത്തിയ പതിനാറുകാരന് മാപ്പുനല്‍കി കോടതി. ബിഹാറിലെ നളന്ദ ജില്ലയിലെ കോടതിയാണ് കൗമാരക്കാരന് മാപ്പുനല്‍കിയത്. യുവതിടെ പേഴ്‌സ് മോഷ്ടിച്ചതിനാണ് കുട്ടിയെ പൊലീസ് പിടികൂടിയത്. ലോക്ഡൗണിനെ തുടര്‍ന്ന് ദിവസങ്ങളായി ഇവര്‍ പട്ടിണിയിലായിരുന്നു. 

കുട്ടിക്കും കുടുംബത്തിനും സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടും റേഷനും നല്‍കണമെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രിന്‍സിപ്പല്‍ മജിസ്‌ട്രേറ്റ് മാനവേന്ദ്ര മിശ്ര നിര്‍ദ്ദേശിച്ചു. നാല് മാസത്തിന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അദ്ദേഹം പൊലീസിനോട് ആവശ്യപ്പെട്ടു. 

ബിഗഹ ഗ്രാമത്തില്‍ ഖട്ടോല്‍നയില്‍ ഒരു ചെറിയ കുടിലിലാണ് കുട്ടിയും കുടുംബവും താമസിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയുടെ ഉത്തരവ് പ്രകാരം കുട്ടിയുടെ വീട് സന്ദര്‍ശിച്ചുവെന്നും വേണ്ട ഭക്ഷണവും അവശ്യവസ്തുക്കളും എത്തിച്ചുനല്‍കിയെന്നും ഇസ്ലാംപൂര്‍ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ പ്രിയദര്‍ശി രാജേഷ്  പറഞ്ഞു.