'ചുരുണ്ട മുടിക്കാരിയെ ആണ് ഇഷ്ടം'; മുടിച്ചുരുളുകളോടുള്ള പ്രണയം...

By Web TeamFirst Published Jul 13, 2020, 11:50 PM IST
Highlights

അക്കാലത്ത് 'ഫ്രീ സ്റ്റൈല്‍' മുടി മലയാളികളുടെ സൗന്ദര്യസങ്കല്‍പത്തില്‍ അങ്ങനെ കാര്യമായി കയറിക്കൂടിയിരുന്നില്ല. 'വിന്റേജ്' നായികമാരായിരുന്ന കെ ആര്‍ വിജയ, ജയഭാരതി, ശ്രീവിദ്യ തുടങ്ങിയ നടിമാരെല്ലാം ചുരുണ്ട മുടിക്കാര്‍ തന്നെയായിരുന്നു. പക്ഷേ അത് നീട്ടി, ഒതുക്കത്തില്‍ കെട്ടിവയ്ക്കുന്നതായിരുന്നു അവരുടെ രീതികള്‍

ഫാഷന്‍- ബ്യൂട്ടി എന്നിങ്ങനെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട ട്രെന്‍ഡുകളെല്ലാം തന്നെ നമ്മള്‍ സിനിമാമേഖലയോട് ചേര്‍ത്താണ് എപ്പോഴും വിലയിരുത്താറുള്ളത്. ഓരോ കാലങ്ങളിലും വലിയ ചര്‍ച്ചയായ വസ്ത്രധാരണ രീതികള്‍, ഹെയര്‍സ്‌റ്റൈല്‍, മേക്കപ്പ് എന്നിവയെല്ലാം മനസിലാക്കാന്‍ സിനിമയിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ മതി. 

അത്തരത്തില്‍ ഒരുകാലത്ത് വലിയ തരംഗമായിരുന്ന ഹെയര്‍സ്‌റ്റൈലിനെക്കുറിച്ച് ഇപ്പോള്‍ ഓര്‍മ്മിപ്പിക്കുകയാണ് ബോളിവുഡ് താരം കജോല്‍. ചുരുണ്ട മുടി ഭംഗിയായി വിടര്‍ത്തിയിട്ട് നില്‍ക്കുന്ന തന്റെ പഴയകാല ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം ഹെയര്‍സ്റ്റൈലിനെക്കുറിച്ച് സംസാരിക്കുന്നത്. 

അക്കാലത്ത് ഈ ഹെയര്‍സ്റ്റൈല്‍ ട്രെന്‍ഡായിരുന്നുവെന്നാണ് കജോല്‍ പറയുന്നത്. നേരുപറഞ്ഞാല്‍ കജോലിന്റെ ഈ വാദം സത്യമാണെന്ന് എണ്‍പതുകളിലേയും തൊണ്ണൂറുകളിലേയുമെല്ലാം ഫാഷന്‍- സ്റ്റൈല്‍ രംഗങ്ങളെ കണ്ടുപോന്നവര്‍ക്കറിയാം. 

 

 
 
 
 
 
 
 
 
 
 
 
 
 

I swear..... #InStyle #UnnaturalPerm #MeWhenI

A post shared by Kajol Devgan (@kajol) on Jul 13, 2020 at 2:11am PDT

 

പക്ഷേ മുടിച്ചുരുളുകളോടുള്ള പ്രണയം അങ്ങനെ അവസാനിച്ചുവെന്നോ, അല്ലെങ്കില്‍ അതിനെ ഒരു കാലത്തില്‍ മാത്രം തളച്ചിടാമെന്നോ ഓര്‍ക്കരുത്. ഇപ്പോള്‍ മുടി 'സ്‌ട്രെയിറ്റന്‍' ചെയ്യുന്നതും, സില്‍ക്ക് പരുവത്തില്‍ നീട്ടിവയ്ക്കുന്നതുമെല്ലാം ട്രെന്‍ഡാണ്. 

പക്ഷേ അതിനിടയിലും ചുരുണ്ട മുടിക്കാരോട് ഇഷ്ടം സൂക്ഷിക്കുന്ന ഒട്ടേറെ പേരുണ്ട്. ഇത് മനസിലാക്കാനും ആദ്യം സൂചിപ്പിച്ചത് പോലെ സിനിമയിലേക്ക് തന്നെ ഒന്ന് തിരിഞ്ഞുനോക്കിയാല്‍ മതിയാകും. 

കജോല്‍ പറഞ്ഞതുപോലെ ബോളിവുഡില്‍ ഇറങ്ങുന്ന സ്‌റ്റൈലുകളെല്ലാം ട്രെന്‍ഡ് ആയി മാറുന്ന പ്രവണത അന്നുണ്ടായിരുന്നു. അന്ന് മാത്രമല്ല- ഇപ്പോഴും ഇത് തുടരുന്നുണ്ട്. ബോളിവുഡിന്റെ സ്‌റ്റൈല്‍ സ്വാധീനം ഇങ്ങ് കേരളം വരെ എത്തിയിരുന്നു എന്നതാണ് സത്യം. കജോലിനേയും മാധുരി ദീക്ഷിതിനേയും പോലുള്ള മിന്നും താരങ്ങളുടെ ഹെയര്‍സ്‌റ്റൈലിന് സമാനമായ ഹെയര്‍സ്‌റ്റൈലുമായി മലയാളത്തിലേക്ക് ഇതരഭാഷകളില്‍ നിന്ന് ചേക്കേറിവന്ന മാധവി, സുപര്‍ണ തുടങ്ങിയ നടിമാര്‍ക്ക് കിട്ടിയ സ്വീകാര്യത ഇതിന് ഉദാഹരണമാണ്. 

 

 

അക്കാലത്ത് 'ഫ്രീ സ്റ്റൈല്‍' മുടി മലയാളികളുടെ സൗന്ദര്യസങ്കല്‍പത്തില്‍ അങ്ങനെ കാര്യമായി കയറിക്കൂടിയിരുന്നില്ല. 'വിന്റേജ്' നായികമാരായിരുന്ന കെ ആര്‍ വിജയ, ജയഭാരതി, ശ്രീവിദ്യ തുടങ്ങിയ നടിമാരെല്ലാം ചുരുണ്ട മുടിക്കാര്‍ തന്നെയായിരുന്നു. പക്ഷേ അത് നീട്ടി, ഒതുക്കത്തില്‍ കെട്ടിവയ്ക്കുന്നതായിരുന്നു അവരുടെ രീതികള്‍. 

അതില്‍ നിന്ന് വ്യത്യസ്തമായിരുന്നു മാധവിയെപ്പോലെയും സുപര്‍ണയെപ്പോലെയുമുള്ള 'മോഡേണ്‍' നടിമാരുടെ സ്‌റ്റൈലുകള്‍. പിന്നീട് നീണ്ട മുടിയിലേക്ക് ട്രെന്‍ഡ് മാറിമറിയാന്‍ തുടങ്ങി. അപ്പോഴും ചുരുണ്ട മുടിയെ പ്രണയിക്കുന്നവര്‍ അതില്‍ പിന്മാറിയില്ലെന്നതാണ് സത്യം. 

 

 

പുതിയ കാല നായികമാരായ റിമ കല്ലിങ്കല്‍, നിത്യ മേനോന്‍ തുടങ്ങിയവരുടെ സ്റ്റൈലുകള്‍ക്ക് കിട്ടിയ വരവേല്‍പ് ഇതിന് തെളിവാണ്. റിമയായാലും നിത്യയായാലും മുടിയുടെ ചുരുളുകളെ എടുത്തുപറഞ്ഞ് വര്‍ണ്ണിക്കാന്‍ ആരാധകര്‍ മത്സരിക്കുന്നു എന്നതാണ് സത്യം.

കാലമെത്ര കഴിഞ്ഞാലും ഹെയര്‍സ്റ്റൈലുകള്‍ എത്ര വന്നുപോയാലും ചുരുണ്ട മുടിയോടുള്ള ആരാധന ഇതുപോലൊക്കെ തുടരുമെന്ന് തന്നെയാണ് തോന്നുന്നത്. എന്തായാലും കാലഘട്ടങ്ങളുടെ ഹെയര്‍സ്‌റ്റൈലുകള്‍ തീര്‍ച്ചയായും ഏറെ കൗതുകം പകരുന്ന വിഷയം തന്നെയാണ്. ഓര്‍മ്മച്ചിത്രവുമായി ഈ വിഷയത്തിലേക്ക് കൂട്ടിക്കൊണ്ടുപോയതിന് കജോലിന് 'താങ്ക്‌സ്' പറയാം. 

Also Read:- കരുത്തുറ്റ തലമുടി വേണോ? മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനില ജോസഫ് പറയുന്നത് കേള്‍ക്കൂ...

click me!