'ആദ്യം പാല്‍ക്കുപ്പികളാണെന്ന് കരുതി, പിന്നെയാണ് പുകഞ്ഞുതുടങ്ങിയത്'; അത്ഭുതപ്പെടുത്തുന്ന സംഭവം...

By Web TeamFirst Published May 3, 2021, 11:51 PM IST
Highlights

ഒട്ടും സാധാരണമല്ലാത്ത, നമ്മെ ഏറെ അത്ഭുതപ്പെടുത്തുന്ന ഒരു കഥയാണ് ഈ സംഭവത്തിന്റെ പശ്ചാത്തലം. യുകെയിലെ ബ്രാംഡീന്‍ എന്ന സ്ഥലം. അവിടെ വളരെ കാലമായി താമസിക്കുന്ന ജെയിംസ് ഒസ്‌ബോണ്‍ എന്ന വ്യക്തി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹവും അദ്ദേഹത്തിന്റെ സഹായിയും ചേര്‍ന്ന് വീട്ടുപരിസരവും പറമ്പുമെല്ലാം വൃത്തിയാക്കുകയായിരുന്നു

തികച്ചും അപ്രതീക്ഷിതമായ രീതിയില്‍ പലപ്പോഴും നമ്മെ കാത്ത് മുന്നോട്ടുള്ള വഴികളില്‍ അപകടങ്ങള്‍ പതിയിരിക്കാറുണ്ട് അല്ലേ? ഭാഗ്യത്തിന്റെയും സൂക്ഷ്മതയുടെയും ജാമ്യത്തില്‍ മാത്രം നമ്മള്‍ രക്ഷപ്പെടുന്ന എത്രയോ മുഹൂര്‍ത്തങ്ങളുമുണ്ടാകാം. അത്തരത്തിലൊരു സംഭവത്തെ കുറിച്ചാണ് ഇനി പറയുന്നത്. 

ഒട്ടും സാധാരണമല്ലാത്ത, നമ്മെ ഏറെ അത്ഭുതപ്പെടുത്തുന്ന ഒരു കഥയാണ് ഈ സംഭവത്തിന്റെ പശ്ചാത്തലം. യുകെയിലെ ബ്രാംഡീന്‍ എന്ന സ്ഥലം. അവിടെ വളരെ കാലമായി താമസിക്കുന്ന ജെയിംസ് ഒസ്‌ബോണ്‍ എന്ന വ്യക്തി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹവും അദ്ദേഹത്തിന്റെ സഹായിയും ചേര്‍ന്ന് വീട്ടുപരിസരവും പറമ്പുമെല്ലാം വൃത്തിയാക്കുകയായിരുന്നു. 

ഇതിനിടെ വീടിന് പിന്‍ഭാഗത്തായി മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ വലിയ രണ്ട് വീഞ്ഞപ്പെട്ടികള്‍ അവര്‍ക്ക് ലഭിച്ചു. പെട്ടി പുറത്തെടുത്ത് തുറന്നുനോക്കിയപ്പോള്‍ അതിനകത്തെല്ലാം ചെറിയ കുപ്പികളായിരുന്നു. ഒറ്റനോട്ടത്തില്‍ പാല്‍ നിറച്ചുവയ്ക്കാനുള്ള കുപ്പികളാണെന്നേ തോന്നുകയുള്ളൂ. 

ജെയിംസ് അത് അങ്ങനെ തന്നെയെന്ന് വിശ്വസിക്കുകയും ചെയ്തു. ഒരുപക്ഷേ മുമ്പ് അവിടെ താമസിച്ചിരുന്നവര്‍ ഉപയോഗിച്ചിരുന്നതാകാം എന്ന നിഗമനത്തിലായിരുന്നു അദ്ദേഹം. അങ്ങനെ സഹായിയോടൊപ്പം ചേര്‍ന്ന് എല്ലാ കുപ്പികളും പുറത്തെടുത്ത് ഒരു വശത്തായി കൂട്ടിയിട്ടു. 

അല്‍പസമയം കഴിഞ്ഞപ്പോള്‍ കുപ്പികള്‍ കൂട്ടിയിട്ട ഭാഗത്ത് നിന്ന് പുക ഉയരുന്നതായി ജെയിംസ് ശ്രദ്ധിച്ചു. എന്തോ അപകടം മണത്തതോടെ അദ്ദേഹം വിവരം പൊലീസില്‍ അറിയിച്ചു. ആവശ്യമായ സന്നാഹങ്ങളോടെ വൈകാതെ പൊലീസെത്തി. അവര്‍ നടത്തിയ പരിശോധനയിലാണ് യഥാര്‍ത്ഥത്തില്‍ ഈ കുപ്പികളെന്താണെന്ന് കണ്ടെത്തപ്പെട്ടത്. 

രണ്ടാം ലോകയുദ്ധ കാലത്ത് മണ്ണിനടിയില്‍ കുഴിച്ചിടപ്പെട്ട ഗ്രനേഡുകളായിരുന്നുവത്രേ അവ. ഇത്ര കാലത്തിന് ശേഷവും അവ നിര്‍വീര്യമായിട്ടില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ശ്രദ്ധിച്ചില്ലായിരുന്നുവെങ്കില്‍ വലിയൊരു അപകടത്തിലേക്ക് സംഭവം വഴിയൊരുങ്ങുമായിരുന്നു. തുടര്‍ന്ന് പ്രത്യേകസംഘത്തിന്റെ സഹായത്തോടെ ഗ്രനേഡുകളെല്ലാം പൊലീസ് സുരക്ഷിതമായി പൊട്ടിച്ചുതന്നെ നിര്‍വീര്യമാക്കി. 

 

Was exciting pic.twitter.com/sy8tPVLKdd

— Jan Hall (@JanJanbilly)

 

രണ്ടാം ലോകയുദ്ധ കാലത്ത് മണ്ണിനടിയില്‍ കുഴിച്ചിട്ട ഗ്രനേഡുകള്‍ ഇത്രയും വര്‍ഷങ്ങളായി അങ്ങനെ തന്നെ കിടന്നു എന്നത് അത്ഭുതകരമാണ്. എന്തായാലും സംഭവം ഇതിനോടകം വാര്‍ത്താമാധ്യമങ്ങളിലെല്ലാം എത്തിക്കഴിഞ്ഞിട്ടുണ്ട്. ചരിത്രപ്രാധാന്യമുള്ള സ്ഥലത്താണ് ജെയിംസ് താമസിക്കുന്നതെന്നും ഇനിയും പരിശോധിച്ചുനോക്കിയാല്‍ ഇത്തരത്തിലുള്ള കൂടുതല്‍ ചരിത്ര തെളിവുകള്‍ കൂടി ലഭിച്ചേക്കാമെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്തായാലും തലനാരിഴയ്ക്ക് ഒരു ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് താനെന്നാണ് ജെയിംസ് പ്രതികരിക്കുന്നത്. 

Also Read:- ശബ്ദം കേട്ട് ഉണർന്ന വീട്ടമ്മ കിടക്കയിൽ കണ്ടത് കൂറ്റന്‍ രാജവെമ്പാലയെ; പിന്നീട് സംഭവിച്ചത്....

click me!