സമീപത്തുണ്ടായിരുന്ന ടോർച്ച് അടിച്ചു നോക്കിയപ്പോഴാണ് താൻ കിടക്കുന്ന കട്ടിലിന്‍റെ മുകളിൽ ചുറ്റിയിരിക്കുന്ന പാമ്പിനെ അവര്‍ കണ്ടത്.

ഉറക്കത്തിനിടയിൽ എന്തോ ശബ്ദം കേട്ടുണർന്ന വീട്ടമ്മ കിടക്കയിൽ കണ്ടത് കൂറ്റൻ രാജവെമ്പാലയെ. തായ്‌ലൻഡിലെ ചന്ദാബുരി പ്രവിശ്യയിലാണ് സംഭവം നടന്നത്. 62 കാരിയായ ഖാന്തോങ്നാക്ക് ആണ് എന്തോ ചീറ്റുന്ന ശബ്ദം കേട്ട് ഞെട്ടി ഉണർന്നത്. 

സമീപത്തുണ്ടായിരുന്ന ടോർച്ച് അടിച്ചു നോക്കിയപ്പോഴാണ് താൻ കിടക്കുന്ന കട്ടിലിന്റെ മുകളിൽ ചുറ്റിയിരിക്കുന്ന പാമ്പിനെ അവര്‍ കണ്ടത്. ഭയന്നുവിറച്ച് പുറത്തേയ്ക്കോടിയ അവര്‍ അയല്‍ക്കാരെ വിവരമറിയിച്ചു. അയൽക്കാർ രക്ഷാപ്രവർത്തകരെയും വിളിച്ചു. പാമ്പുപിടുത്ത വിദഗ്ധര്‍ എത്തുമ്പോഴും കട്ടിലിന്റെ കാലില്‍ ചുറ്റിയ നിലയിൽ പാമ്പ് അവിടെത്തന്നെയുണ്ടായിരുന്നു. പാമ്പിനെ പുറത്തെടുക്കാൻ ശ്രമിക്കുമ്പോഴെല്ലാം അത് ശക്തമായി ചീറ്റുന്നുണ്ടായിരുന്നു. ഇതിന്‍റെ ദൃശ്യവും സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

ഏകദേശം പത്തടിയോളം നീളമുള്ള കൂറ്റൻ രാജവെമ്പാലയെ അരമണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് പുറത്തെടുക്കാനായത്. പിന്നീട് പാമ്പിനെ വനത്തിനുള്ളിൽ കൊണ്ടുപോയി തുറന്നുവിട്ടതായി ഇവർ വ്യക്തമാക്കി. 

Also Read: വീടിനുള്ളില്‍നിന്ന് കണ്ടെത്തിയത് ഭീമന്‍ രാജവെമ്പാലയെ, ഭയന്ന് നാട്ടുകാര്‍