'ഒഴുകുന്ന സ്വര്‍ണം' കയ്യിലെത്തി; ശുചീകരണത്തൊഴിലാളി ഇനി കോടിപതി

By Web TeamFirst Published Dec 12, 2019, 11:21 PM IST
Highlights

മെഴുക് പോലിരിക്കുന്ന ദ്രാവകമായിരിക്കും ആദ്യം ഇത്. പിന്നീട് ഉറഞ്ഞുറഞ്ഞ് കട്ടിയായിരിക്കും. ഗന്ധമില്ലാത്ത ഒരുതരം ആല്‍ക്കഹോള്‍ അടങ്ങിയതാണ് സ്രവം. പെർഫ്യൂം നിർമ്മാണത്തിനാണ് ഇത് ഉപകാരപ്പെടുന്നത്
 

ഒഴുകുന്ന സ്വര്‍ണം എന്നറിയപ്പെടുന്ന, ഇത്രയും വിലമതിക്കുന്ന ആ സാധനം എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? ഒരുപക്ഷേ കേട്ടുകഴിഞ്ഞാല്‍ ആര്‍ക്കും ഒരറപ്പൊക്കെ തോന്നിയേക്കും. എന്നാല്‍ ഇതിന്റെ വില കേള്‍ക്കുന്നതോടെ ആ അറപ്പൊക്കെ പോയിക്കിട്ടും. 

തിമിംഗലത്തിന്റെ ഛര്‍ദ്ദില്‍ ആണ് 'ഒഴുകുന്ന സ്വര്‍ണം' എന്നറിയപ്പെടുന്ന വിലമതിക്കുന്ന ഈ സാധനം. പെര്‍ഫ്യൂം നിര്‍മ്മിക്കാനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. കിട്ടാന്‍ പ്രയാസമായതിനാല്‍ത്തന്നെ വളരെ വളരെ മൂല്യമാണ് 'കടലിലെ നിധി' എന്ന പേരിലും അറിയപ്പെടുന്ന ഈ സ്രവത്തിന്. 

മെഴുക് പോലിരിക്കുന്ന ദ്രാവകമായിരിക്കും ആദ്യം ഇത്. പിന്നീട് ഉറഞ്ഞുറഞ്ഞ് കട്ടിയായിരിക്കും. ഗന്ധമില്ലാത്ത ഒരുതരം ആല്‍ക്കഹോള്‍ അടങ്ങിയതാണ് സ്രവം. ഒരു വര്‍ഷം മുമ്പ് തായ്‌ലാന്‍ഡിലെ ഒരു കടല്‍ത്തീരത്ത് വച്ച് മത്സ്യത്തൊഴിലാളിയായ ഒരാള്‍ക്ക് രണ്ട് കോടിയിലധികം വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദില്‍ കിട്ടിയിരുന്നു. 

അതിന് ശേഷം ഇപ്പോഴിതാ കടല്‍ത്തീരം വൃത്തിയാക്കുന്ന തൊഴിലാളിക്കാണ് ഭാഗ്യമുദിച്ചിരിക്കുന്നത്. അതും തായ്‌ലാന്‍ഡില്‍ തന്നെ. രാവിലെ തീരം വൃത്തിയാക്കുന്നതിനിടെയാണ് സംഗതി കണ്ടത്. ആദ്യം എന്താണെന്ന് മനസിലായില്ല. എന്നാല്‍ സൂക്ഷ്മമായി പരിശോധിച്ചതോടെ അദ്ദേഹത്തിന് കാര്യം മനസിലായി. 

ഏതാണ്ട് നാല് കോടിയിലധികം വിലമതിക്കുന്നതാണ് ഇതെന്ന് കരുതപ്പെടുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെത്തി ഗുണമേന്മയും തൂക്കവും തിട്ടപ്പെടുത്തുന്നതിനായി കാത്തിരിക്കുകയാണ് ശുചീകരണത്തൊഴിലാളിയായ സുരാഖത്തും കുടുംബവും.

click me!