'കുഞ്ഞ് ജനിച്ചതോടെ ജോലി രാജിവച്ചു'; ഇദ്ദേഹം പറയുന്ന പരാതി ഏതൊരു പുരുഷനെയും ബാധിക്കാം...

By Web TeamFirst Published Nov 19, 2022, 7:38 PM IST
Highlights

ഒരുപാട് പേര്‍ തന്നെ ശാസിച്ചതായും ഇതൊരു നല്ല തീരുമാനമല്ലെന്ന് പറഞ്ഞ് ഉപദേശിച്ചതായും ഇദ്ദേഹം പറയുന്നു. എന്നാല്‍ ഭാര്യ തന്‍റെ തീരുമാനത്തിനൊപ്പം ഉറച്ചുനിന്നുവെന്നും ഇദ്ദേഹം പറയുന്നു. 

സ്ത്രീകള്‍ക്ക് പ്രസവശേഷം മെറ്റോണിറ്റി ലീവ് നല്‍കുന്നത് ഏത് കമ്പനിയുടെയും നയം ആണ്. എന്നാല്‍ പുരുഷന്മാര്‍ക്ക് ഇത്തരത്തില്‍ കുഞ്ഞ് ജനിക്കുമ്പോള്‍ നല്‍കുന്ന അവധി (പറ്റേണിറ്റി ലീവ്) വളരെ ചുരുക്കം സമയമാണ്. ഈ സമയം കഴിഞ്ഞാല്‍ കുഞ്ഞിന്‍റെ കാര്യങ്ങളും അതുമായി ബന്ധപ്പെട്ട മറ്റ് ഉത്തരവാദിത്തങ്ങളുമെല്ലാം നോക്കുന്നത് അമ്മമാര്‍ തന്നെ ആയിരിക്കും.

പലപ്പോഴും ഇത് പ്രസവശേഷം സ്ത്രീകള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. കുഞ്ഞുങ്ങള്‍ക്കും അച്ഛനുമായുള്ള മാനസിക-വൈകാരികബന്ധം ഉണ്ടാക്കുന്നതിന് ഈ സമയമില്ലായ്മ തടസമാകാറുണ്ട്.

പുരുഷന്മാരെയും ഈ പ്രശ്നം കാര്യമായി തന്നെ ബാധിക്കാം. ഭാര്യക്കോ കുഞ്ഞിനോ ആവശ്യമുള്ളപ്പോള്‍ അവരുടെ സമീപത്തുണ്ടാകാനോ, എല്ലാത്തിനും പിന്തുണയായി കൂടെ നില്‍ക്കാനോ കഴിയാത്തതിന്‍റെ പ്രയാസം ഇവരും നേരിടുന്നതാണ്.

ഈ വ്യവസ്ഥതിയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഒരു തീരുമാനത്തിലേക്ക് കടന്നൊരു യുവാവിന്‍റെ അനുഭവം പങ്കുവയ്ക്കുകയാണ് 'ഹ്യൂമണ്‍സ് ഓഫ് ബോംബെ' എന്ന സോഷ്യല്‍ മീഡിയ കൂട്ടായ്മ. 

കരിയറില്‍ ഏറ്റവും നല്ല സ്ഥാനത്തിരിക്കുമ്പോള്‍ തന്നെ കുഞ്ഞ് ജനിച്ചതോടെ ജോലി രാജിവച്ച അങ്കിത് ജോഷി എന്ന യുവാവിന്‍റെ അനുഭവമാണിവര്‍ പങ്കുവച്ചിരിക്കുന്നത്. മകള്‍ ജനിക്കും മുമ്പ് തന്നെ അങ്കിത് ജോഷി ഇക്കാര്യം തീരുമാനിച്ചിരുന്നുവത്രേ. അങ്ങനെ ജോലി രാജിവയ്ക്കുകയും ചെയ്തു.

ഒരുപാട് പേര്‍ തന്നെ ശാസിച്ചതായും ഇതൊരു നല്ല തീരുമാനമല്ലെന്ന് പറഞ്ഞ് ഉപദേശിച്ചതായും ഇദ്ദേഹം പറയുന്നു. എന്നാല്‍ ഭാര്യ തന്‍റെ തീരുമാനത്തിനൊപ്പം ഉറച്ചുനിന്നുവെന്നും ഇദ്ദേഹം പറയുന്നു. 

'എനിക്കറിയാം ഇതൊരു സാധാരണമായ തീരുമാനമല്ല. ഒരുപാട് പേര്‍ എന്നോടിത് പറയുകയും ചെയ്തു. എന്നാല്‍ ആകാൻഷ (ഭാര്യ) എന്നെ ഇക്കാര്യത്തില്‍ പൂര്‍ണമായി പിന്തുണച്ചു. കുഞ്ഞ് ജനിച്ചതിന്‍റെ പേരില്‍ എനിക്ക് ഏതാനും ദിവസങ്ങള്‍ അവധി കിട്ടും. എന്നാല്‍ ഈ അവധി എന്‍റെ കമ്പനി എനിക്കായി കൂട്ടിനല്‍കില്ലല്ലോ. എനിക്കാണെങ്കിലും കുഞ്ഞിനും അവള്‍ക്കുമൊപ്പം സമയം ചെലവിടണമായിരുന്നു. അതുകൊണ്ട് രാജി എന്ന തീരുമാനത്തിലേക്കെത്തി. ജോലി രാജി വച്ച് പിതാവെന്ന നിലയിലേക്ക് ഞാൻ പ്രമോട്ടഡായി എന്നേ ഞാതിനെ കാണുന്നുള്ളൂ...'- 'ഹ്യൂമണ്‍സ് ഓഫ് ബോബെ'യോട് അങ്കിത് പറയുന്നു. 

ഭാര്യ ജോലി രാജി വച്ചിട്ടില്ല. ഇവര്‍ക്ക് മെറ്റേണിറ്റി അവധിയാണ്. ഇതിനിടെ പ്രമോഷനും ലഭിച്ചുവെന്നും താൻ മാസങ്ങള്‍ കഴിഞ്ഞാല്‍ പുതിയ ജോലിക്കായി അപേക്ഷിക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. 

'ഞാനിപ്പോള്‍ കുഞ്ഞിനെ എന്‍റെ കൈകളില്‍ കിടത്തി ഉറക്കുന്നു. രാത്രിയില്‍ അവളുണര്‍ന്നാലും ഞാൻ അവള്‍ക്ക് വേണ്ടി താരാട്ട് പാടി അവളെ ഉറക്കുന്നു. ഞാനിതെല്ലാം ഒരുപാട് ആസ്വദിക്കുന്നുണ്ട്. എനിക്കറിയാം ഒരുപാട് പേര്‍ക്ക് ഇത്തരം തീരുമാനങ്ങളെടുക്കാൻ സാധിക്കില്ല. ഭാവിയിലെങ്കിലും ഇക്കാര്യങ്ങള്‍ക്ക് മാറ്റമുണ്ടാകട്ടെ...'
- ഏറെ പ്രധാനമായൊരു വിഷയത്തിലേക്ക് വെളിച്ചം വീശിക്കൊണ്ട് അങ്കിത് പറയുന്നു. 

 

Also Read:- പ്രോസ്റ്റേറ്റ് ക്യാൻസറിന്‍റെ അസാധാരണ ലക്ഷണത്തെ കുറിച്ച് പങ്കിട്ട് അനുഭവസ്ഥൻ

tags
click me!