ഗ്രന്ഥിക്ക് പുറത്തെങ്ങും പരന്നിട്ടില്ലാത്ത അവസ്ഥ ആയിരുന്നതിനാല്‍ തന്നെ ഇദ്ദേഹത്തിന് ഫലപ്രദമായ ചികിത്സ നേടാൻ സാധിച്ചു. അസാധാരണമായ ആരോഗ്യപ്രശ്നങ്ങള്‍ കാണുന്നപക്ഷം തന്നെ ഡോക്ടറെ കാണുന്നതും വേണ്ട പരിശോധനകള്‍ നടത്തുന്നതും എത്രമാത്രം പ്രധാനമാണെന്നതാണ് ഈ അനുഭവം തെളിയിക്കുന്നത്.

പ്രോസ്റ്റേറ്റ് ക്യാൻസറിനെ കുറിച്ച് മിക്കവരും കേട്ടിരിക്കും. പുരുഷന്മാരെ ബാധിക്കുന്ന ക്യാൻസറുകളില്‍ മുൻപന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് പ്രോസ്റ്റേറ്റ് ക്യാൻസര്‍. പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന അര്‍ബുദമാണിത്.

പുരുഷന്മാരുടെ പ്രത്യുത്പാദന അവയവങ്ങളില്‍ ഏറ്റവും പ്രധാനമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. ബീജത്തിന്‍റെ ചലനത്തിന് സഹായിക്കുന്ന ശുക്ലം ഉത്പാദിപ്പിക്കുക എന്നതാണ് ഇതിന്‍റെ പ്രധാനധര്‍മ്മം. പ്രോസ്റ്റേറ്റ് ക്യാൻസര്‍ പലപ്പോഴും ലക്ഷണങ്ങള്‍ കാണിക്കില്ല എന്നതിനാല്‍ തന്നെ സമയബന്ധിതമായി ഇത് തിരിച്ചറിയാൻ സാധിക്കാതെ പോകുന്ന കേസുകള്‍ ധാരാളമാണ്. 

ഇടവിട്ട് മൂത്രം പോവുക, മൂത്രമൊഴിക്കാൻ തടസം, മൂത്രമൊഴിച്ച് കഴിഞ്ഞാലും മുഴുവൻ പോയില്ലെന്ന തോന്നല്‍ തുടങ്ങി മൂത്രാശയ രോഗങ്ങളുടെ ഭാഗമായി വരുന്ന പ്രയാസങ്ങളെല്ലാം പ്രോസ്റ്റേറ്റ് ക്യാൻസര്‍ ലക്ഷണങ്ങളായും വരാറുണ്ട്.ശുക്ലത്തില്‍ രക്തം കാണുന്നത്, ഉദ്ധാരണക്കുറവ്, മറ്റ് കാരണങ്ങളില്ലാതെ ശരീരഭാരം കുറയല്‍ എന്നിവയെല്ലാം പ്രോസ്റ്റേറ്റ് ക്യാൻസറിന്‍റെ ഭാഗമായി വരാം. ഇതിനെല്ലാം പുറമെ അത്ര സാധാരണമല്ലാതെ കാണപ്പെടുന്നൊരു പ്രോസ്റ്റേറ്റ് ക്യാൻസര്‍ ലക്ഷണത്തെ കുറിച്ച് പങ്കുവയ്ക്കുകയാണ് ഒരനുഭവസ്ഥൻ. 

യുകെയിലെ ഈസ്റ്റ് ആംഗ്ലിയയില്‍ നിന്നുള്ള ഡഗ് ബ്ലിസ് എന്നയാളാണ് താൻ നേരിട്ട വ്യത്യസ്തമായ പ്രോസ്റ്റേറ്റ് ക്യാൻസര്‍ ലക്ഷണത്തെ കുറിച്ച് ആരോഗ്യപ്രസിദ്ധീകരണങ്ങളോട് പങ്കുവച്ചിരിക്കുന്നത്. 

ബസ് ഡ്രൈവറായ ഡഗ് ബ്ലിസ് ഒരു ദിവസം നടക്കുമ്പോള്‍ പെട്ടെന്ന് ടോയ്‍ലറ്റില്‍ പോകണമെന്ന് തോന്നി. സാധാരണഗതിയില്‍ ഇങ്ങനെ അനുഭവപ്പെട്ടാലും അല്‍പനേരം പിടിച്ചുവയ്ക്കാൻ ഏവര്‍ക്കും സാധിക്കും. എന്നാല്‍ അന്ന് ഡഗ് ബ്ലിസിന് ഇത് ഒട്ടും പിടിച്ചുവയ്ക്കാൻ സാധിച്ചില്ല. ഇതോടെ എന്തോ പന്തികേട് തോന്നിയ ഇദ്ദേഹം ഡോക്ടറെ കാണുകയായിരുന്നു. 

ഡോക്ടര്‍ യൂറോളജി വിഭാഗത്തിലേക്ക് ഇദ്ദേഹത്തെ റഫര്‍ ചെയ്തു. ഇവിടെ വച്ച് പ്രോസ്റ്റേറ്റ്-സ്പെസിഫിക് ആന്‍റിജെന്‍ (പിഎസ്എ) ടെസ്റ്റ് നടത്തി. ഇതില്‍ 13 ആയിരുന്നു ഫലം കാണിച്ചത്. പത്തിന് മുകളില്‍ പോയാല്‍ തന്നെ പ്രോസ്റ്റേറ്റ് ക്യാൻസര്‍ സാധ്യത 50 ശതമാനമാണ്. തുടര്‍ന്ന് എംആര്‍ഐ സ്കാനിംഗും ബയോപ്സിയും കൂടി നടത്തി. ഇതില്‍ പ്രേസ്റ്റേറ്റ് ക്യാൻസര്‍ സ്ഥിരീകരിച്ചു.

ഗ്രന്ഥിക്ക് പുറത്തെങ്ങും പരന്നിട്ടില്ലാത്ത അവസ്ഥ ആയിരുന്നതിനാല്‍ തന്നെ ഇദ്ദേഹത്തിന് ഫലപ്രദമായ ചികിത്സ നേടാൻ സാധിച്ചു. അസാധാരണമായ ആരോഗ്യപ്രശ്നങ്ങള്‍ കാണുന്നപക്ഷം തന്നെ ഡോക്ടറെ കാണുന്നതും വേണ്ട പരിശോധനകള്‍ നടത്തുന്നതും എത്രമാത്രം പ്രധാനമാണെന്നതാണ് ഈ അനുഭവം തെളിയിക്കുന്നത്. ഇന്ത്യയിലും പ്രോസ്റ്റേറ്റ് ക്യാൻസര്‍ രോഗികളുടെ എണ്ണം അത്ര കുറവല്ല. ആദ്യമേ സൂചിപ്പിച്ചത് പോലെ സമയത്തിന് കണ്ടെത്താതിരിക്കുന്ന കേസുകളാണ് അധികവുമെന്ന് ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. അധികവും നാല്‍പത് കടന്ന പുരുഷന്മാരാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്. 

Also Read:- പുരുഷന്മാര്‍ പതിവായി കഴിക്കേണ്ട എട്ട് 'സൂപ്പര്‍ ഫുഡ്സ്'...