
നിത്യവും വ്യത്യസ്തമായ എത്രയോ തരം വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളിലൂടെ നാം വായിച്ചും കണ്ടുമെല്ലാം അറിയുന്നത്. പലപ്പോഴും നമുക്ക് അവിശ്വസനീയമായി തോന്നുന്നതോ, നമ്മളില്‍ അളവറ്റ കൗതുകം നിറയ്ക്കുന്നതോ ആയ സംഭവവികാസങ്ങള്‍ ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ നമ്മെ തേടിയെത്താറുണ്ട്.
സമാനമായൊരു വാര്‍ത്തയാണിപ്പോള്‍ ഏറെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. ഭാര്യയുടെ മുഖം പ്രിന്‍റ് ( Wife's Face Pillow ) ചെയ്ത തലയിണയും കൊണ്ട് വിനോദയാത്രയ്ക്ക് ഇറങ്ങിയിരിക്കുകയാണ് ഒരു യുവാവ്. ഫിലിപ്പീൻ സ്വദേശിയായ ( Philippines Man ) റേയ്മണ്ട് ഫോര്‍ചുനാഡോ എന്ന യുവാവാണ് വ്യത്യസ്തമായ രീതിയില്‍ വിനോദയാത്ര പോയിരിക്കുന്നത്.
ഇദ്ദേഹം തന്നെ ഫേസ്ബുക്കിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ വൈറലായതോടെയാണ് സംഭവം ഏവരും അറിഞ്ഞത്. ഭാര്യ ജൊവാൻ ഫോര്‍ചുനാഡോയ്ക്കൊപ്പം ചില വിനോദസഞ്ചാര മേഖലകളിലേക്ക് യാത്ര പോകാനായിരുന്നു റേയ്മണ്ടിന്‍റെ പദ്ധതി. ഇരുവരും ഇതിനായി എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരിക്കവേയാണ് അവസാന നിമിഷം മോഡലായ ജൊവാന് അവധി കിട്ടാതിരുന്നത്.
ഇതോടെ ഏറെ കാത്തിരുന്ന യാത്രയില്‍ റേയ്മണ്ട് തനിച്ചായി. ഇത്രയേറെ തയ്യാറെടുപ്പുകള്‍ നടത്തിയതല്ലേ എന്നോര്‍ത്ത് റേയ്മണ്ട് മാത്രം യാത്രയ്ക്ക് ഇറങ്ങുകയും ചെയ്തു. എന്നാല്‍ ജൊവാന്‍റെ അസാന്നിധ്യം തന്നെ പ്രശ്നത്തിലാക്കാതിരിക്കാനായി അവരുടെ മുഖം പ്രിന്‍റ് ചെയ്ത തലയിണ കൂടെത്തന്നെ കരുതുകയായിരുന്നു.
യാത്രയ്ക്ക് തൊട്ടുമുമ്പ് ഇരുവരും തമ്മില്‍ വഴക്കുണ്ടായത്രേ. ഇതിന് ശേഷം ജൊവാൻ തന്നെയാണ് തന്‍റെ മുഖമുള്ള തലയിണ ഭര്‍ത്താവിന് നല്‍കിയത്. എവിടെ പോകുമ്പോഴും ഭാര്യയേയും കൂടെ കൂട്ടുമെന്ന് താൻ അവര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് തലയിണ കൂടെത്തന്നെ കൊണ്ടുനടക്കുന്നതെന്നാണ് റേയ്മണ്ട് പറയുന്നത്.
വിനോദയാത്രയ്ക്കിടെ വെള്ളത്തില്‍ മുങ്ങിക്കളിക്കുമ്പോഴും, ഷോപ്പിംഗിന് പോകുമ്പോഴുമെല്ലാം റേയമണ്ട് ഈ തലയിണ വിടാതെ പിടിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ തലയിണ മറ്റുള്ളവരെ പിടിപ്പിച്ചുകൊണ്ട് ഗ്രൂപ്പ് ഫോട്ടോ വരെ എടുത്തിട്ടുണ്ട്. എല്ലായിടത്തും ഭാര്യയുടെ സാന്നിധ്യം അനുഭവപ്പെടുന്നതിനാണ് ഇതെന്നാണ് റേയ്മണ്ട് പറയുന്നത്. എന്തായാലും ഫിലിപ്പീൻ സ്വദേശിയുടെ ( Philippines Man ) ഏറെ വ്യത്യസ്തമായ ഈ പ്രണയബന്ധത്തിന് സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലാണ് പ്രതികരണങ്ങള്‍ ലഭിച്ചിരിക്കുന്നത്.
ഫോട്ടോകള്‍ കാണാം...
Also Read:- വിവാഹച്ചടങ്ങിനിടെ കുടിച്ച് ബോധം പോയി അപകടം വരുത്തി; വീഡിയോ വൈറൽ