കവര്‍ച്ചയ്ക്ക് എത്തിയ ആളെ സ്നേഹം കൊണ്ട് കയ്യിലാക്കി ; ഒടുവില്‍ പൊട്ടിക്കരഞ്ഞ് പ്രതി...

By Web TeamFirst Published May 28, 2023, 1:04 PM IST
Highlights

ബാങ്കില്‍ ഇടപാടിനെത്തിയതായിരുന്നു മൈക്കല്‍ ആര്‍മസ് എന്നയാള്‍. ഈ സമയത്തായിരുന്നു മുഖം മറച്ചെത്തിയ ഒരാള്‍ ബാങ്കിലെ ഉദ്യോഗസ്ഥയ്ക്ക് ഒരു കുറിപ്പ് കൈമാറിയത്. താൻ ബാങ്ക് കവര്‍ച്ചയ്ക്ക് എത്തിയതാണെന്നും തന്‍റെ കൈവശം സ്ഫോടകവസ്തുക്കളുണ്ട്, തന്നോട് സഹകരിക്കുന്നതാണ് നല്ലത് എന്നുമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. 

സ്നേഹമാണ് ലോകത്തിലെ ഏറ്റവും മൂര്‍ച്ചയേറിയ ആയുധമെന്ന് പറയുന്നത് കേട്ടിട്ടില്ലേ? സ്നേഹത്തിന് മുമ്പില്‍ ആരും എന്തും കീഴടങ്ങുമെന്നാണ് പറയപ്പെടാറ്. പലപ്പോഴും ഈ പ്രയോഗങ്ങളെല്ലാം വെറും വാക്കുകളാണെന്ന് നമുക്ക് തോന്നിയേക്കാം. എന്നാലോ, ചില സന്ദര്‍ഭങ്ങള്‍ ഇപ്പറയുന്നതെല്ലാം അക്ഷരംപ്രതി സത്യമാണെന്നും നമ്മെ ചിന്തിപ്പിക്കാം.

അത്തരത്തിലൊരു സംഭവമാണ് യുഎസിലെ കാലിഫോര്‍ണിയയില്‍ നിന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒരു ബാങ്ക് കവര്‍ച്ചയ്ക്കെത്തിയ പ്രതിയെ സ്നേഹം കൊണ്ടൊരാള്‍ കീഴ്പ്പെടുത്തി, അയാളെ കുറ്റകൃത്യത്തില്‍ നിന്ന് പിന്തിരിപ്പിച്ചുവെന്നതാണ് വാര്‍ത്ത.

ബാങ്കില്‍ ഇടപാടിനെത്തിയതായിരുന്നു മൈക്കല്‍ ആര്‍മസ് എന്നയാള്‍. ഈ സമയത്തായിരുന്നു മുഖം മറച്ചെത്തിയ ഒരാള്‍ ബാങ്കിലെ ഉദ്യോഗസ്ഥയ്ക്ക് ഒരു കുറിപ്പ് കൈമാറിയത്. താൻ ബാങ്ക് കവര്‍ച്ചയ്ക്ക് എത്തിയതാണെന്നും തന്‍റെ കൈവശം സ്ഫോടകവസ്തുക്കളുണ്ട്, തന്നോട് സഹകരിക്കുന്നതാണ് നല്ലത് എന്നുമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. 

കുറിപ്പ് വായിച്ചതോടെ ഉദ്യോഗസ്ഥ പരിഭ്രാന്തയായി, സംഭവം അവിടെയുണ്ടായിരുന്നവരെല്ലാം നിമിഷങ്ങള്‍ക്കകം അറിഞ്ഞു. എന്നാല്‍ എന്തെങ്കിലും ചെയ്യാൻ ഏവരും മടിച്ചു. കാരണം അക്രമിയുടെ കയ്യില്‍ സ്ഫോടകവസ്തുക്കളുണ്ടല്ലോ. 

ഇതിനിടെ മുഖം മറച്ചിരുന്നുവെങ്കില്‍ പോലും അക്രമിയെ എവിടെയോ കണ്ടുമറന്നത് പോലെ ആര്‍മസിന് തോന്നി. അദ്ദേഹം ധൈര്യസമേതം അക്രമിയെ സമീപിച്ചു. മുമ്പ് താൻ താമസിച്ചിരുന്ന വീടിന് അടുത്ത് താമസിച്ചിരുന്ന, തന്‍റെ മകളുടെ സുഹൃത്ത് കൂടിയായിരുന്ന യുവാവാണതെന്ന് ആര്‍മസ് പെട്ടെന്ന് തന്നെ മനസിലാക്കി.

അദ്ദേഹം യുവാവിനോട് സംയമനത്തോടെ എന്തുപറ്റിയെന്ന് ചോദിക്കുകയും, തുടര്‍ന്ന് തനിക്ക് ജോലിയൊന്നും ആയില്ലേടോ എന്ന് സ്നേഹപൂര്‍വം അന്വേഷിക്കുകയും ചെയ്തു. ഉടനെ അക്രമിയായ യുവാവ് വികാരധീനനായി എനിക്കായി ഇവിടെ ഒന്നും ബാക്കിയില്ല. ഒന്നും... എന്നും എനിക്ക് ജയിലില്‍ പോയാല്‍ മതിയെന്നും മറുപടിയായി പറഞ്ഞു.

ഇതിന് പിന്നാലെ ആര്‍മസ് ആ യുവാവിനെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അയാളെ ദയാപൂര്‍വം ആലിംഗനം ചെയ്തു. ഉടനെ തന്നെ ആ യുവാവ് കരഞ്ഞുതുടങ്ങി.  അയാളെ ആര്‍മസ് സമാധാനിപ്പിച്ചുകൊണ്ടിരിക്കെ സ്ഥലത്ത് പൊലീസെത്തി. സൈറണ്‍ മുഴക്കാതെ വെളിച്ചം മാത്രമിട്ടാണ് പൊലീസെത്തിയത്. 

പൊലീസ് അയാളെ അറസ്റ്റ് ചെയ്ത് കൂട്ടിക്കൊണ്ട് പോവുകയും കവര്‍ച്ചാശ്രമത്തിന് കേസെടുക്കുകയും ചെയ്തു. എന്നാല്‍ ഇയാളുടെ പക്കല്‍ ആയുധങ്ങളോ ഒരു വിധത്തിലുള്ള സ്ഫോടകവസ്തുക്കളോ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് അറിയിച്ചത്. 

'ഒരു 20-25 വര്‍ഷം മുമ്പാണ്. എന്‍റെ അയല്‍ക്കാരനായിരുന്നു അവൻ. എനിക്കവനെ ഒരുപാടൊന്നും അടുത്തറിയില്ല. പക്ഷേ എപ്പോഴും ഇങ്ങനെ കാണാം. എന്‍റെ മകളുടെ സുഹൃത്തുമായിരുന്നു. അതുകൊണ്ടൊക്കെയാണ് ധൈര്യപൂര്‍വം അവന്‍റെയടുത്തേക്ക് പോകാൻ എനിക്ക് കഴിഞ്ഞത്. എനിക്ക് തോന്നിയത് അയാള്‍ ഡിപ്രഷനിലാണെന്നാണ്. അയാളുടെ സംസാരമൊക്കെ അങ്ങനെയായിരുന്നു...'- ആര്‍മസ് മാധ്യമങ്ങളോട് പറഞ്ഞു. 

ഇനി ജയിലില്‍ പോയി അയാളെ കാണുമെന്നും സ്നേഹം മനുഷ്യരെ മാറ്റുമെന്ന് താൻ വിശ്വസിക്കുന്നു, എന്നാല്‍ ആളുകള്‍ക്ക് ഇപ്പോഴും സ്നേഹത്തില്‍ വിശ്വാസമില്ലെന്നും അസാധാരണമായ സംഭവത്തിന് പിന്നാലെ ആര്‍മസ് പറയുന്നു. 

Also Read:- 'കോടികളുടെ സമ്പാദ്യമല്ല, ഇങ്ങനെയൊരു ഹൃദയമാണ് സ്വത്ത്'; കണ്ണ് നനയിക്കുന്ന വീഡിയോ

 

click me!