ഒരു ഫ്രഞ്ച് മാനിക്യൂറിൻ്റെ നേർത്ത വരയ്ക്കോ, തിളക്കമുള്ള ഓറ പാച്ചിനോ പിന്നിൽ ഒളിപ്പിച്ചുവെച്ച ഒരു രഹസ്യമുണ്ട്. നഖങ്ങളിലെ ഈ വർണ്ണ വിസ്മയം കേവലം ഒരു ഫാഷൻ ട്രെൻഡ് മാത്രമല്ല;
വസ്ത്രങ്ങളോ ആഭരണങ്ങളോ പോലെ തന്നെ, ഇന്ന് വ്യക്തിത്വം പ്രകടിപ്പിക്കാനുള്ള ഒരു പ്രധാന മാധ്യമമായി മാറിയിരിക്കുകയാണ് നഖങ്ങൾ. ജെൻ സികൾക്ക് നഖങ്ങൾ വെറുമൊരു ചായം പൂശാനുള്ള ഇടമല്ല, മറിച്ച്, അവരുടെ മാനസികാവസ്ഥയും , ആസ്വാദന രീതിയും, സ്റ്റൈൽബോധവും തുറന്നുകാട്ടാനുള്ള 'മിനി-കാൻവാസ്' ആണ്. നീണ്ട നഖങ്ങളിൽ നിന്ന് മാറി, ഇപ്പോൾ കൂടുതൽ സൂക്ഷ്മമായതും, എന്നാൽ ആഴത്തിലുള്ളതുമായ കലാവിരുതുകളാണ് ഈ രംഗത്തെ പുതിയ ട്രെൻഡ്.
സൗന്ദര്യശാസ്ത്രം മാറി: വലുപ്പമല്ല, സൂക്ഷ്മതയാണ് പ്രധാനം
നഖങ്ങളുടെ നീളത്തേക്കാൾ അതിലെ വിശദാംശങ്ങൾക്കാണ് ജെൻ സികൾ ഇപ്പോൾ പ്രാധാന്യം നൽകുന്നത്. വലിയ ആർഭാടങ്ങളില്ലാത്ത, പക്ഷേ അടുത്ത് നിന്ന് നോക്കിയാൽ ശ്രദ്ധയിൽപ്പെടുന്ന, വ്യക്തിഗത ടച്ചുള്ള ഡിസൈനുകളാണ് ഇപ്പോൾ താരം.
ട്രെൻഡിംഗായ ജെൻ സികളുടെ നഖച്ചായങ്ങൾ:
ക്രോം / ഗ്ലേസ്ഡ് ഡോനട്ട് നഖങ്ങൾ (Chrome / Glazed Donut Nails): പ്രമുഖ താരങ്ങൾ ഉപയോഗിച്ച് തരംഗമാക്കിയ, ഈ സ്റ്റൈൽ നഖങ്ങൾക്ക് തിളക്കവും, എന്നാൽ വളരെ മൃദുവായി തോന്നിക്കുന്നതുമായ ഒരു ഷൈൻ നൽകുന്നു. ഒരു ഡോനട്ടിലെ ഷുഗർ ഗ്ലേസ് പോലെ ഇത് തോന്നിക്കുന്നതിനാൽ ഇതിനെ ഗ്ലേസ്ഡ് ഡോനട്ട് നഖങ്ങൾ എന്ന് വിളിക്കുന്നു. ഇത് മിനുസവും ആഢംബരവും ഒരുമിച്ചു നൽകുന്നു.
മൈക്രോ ഫ്രഞ്ച് (Micro French): ക്ലാസിക് ഫ്രഞ്ച് മാനിക്യൂറിൻ്റെ പുതിയ രൂപമാണിത്. നഖത്തിൻ്റെ അറ്റത്ത് വളരെ നേർത്ത, നൂൽ പോലുള്ള ഒരു ലൈൻ മാത്രം നൽകുന്നു. വൃത്തിയും ലാളിത്യവുമാണ് ഇതിൻ്റെ സൗന്ദര്യം. ഒപ്പം, കറുപ്പ്, ചുവപ്പ് പോലുള്ള നിറങ്ങളിൽ ഈ 'മൈക്രോ ലൈൻ' ഉപയോഗിക്കുന്നത് ഇപ്പോൾ ഒരു ഫാഷനാണ്.
ഓറ നഖങ്ങൾ (Aura Nails): മനുഷ്യൻ്റെ ഊർജ്ജ വലയം (Aura) നഖങ്ങളിൽ പുനഃസൃഷ്ടിക്കുന്ന രീതിയാണിത്. നഖത്തിൻ്റെ മധ്യഭാഗത്ത് മാത്രം മറ്റൊരു നിറം സ്പോഞ്ച് ചെയ്ത്, അത് മറ്റ് നിറങ്ങളുമായി സമന്വയിപ്പിക്കുന്നു. ഓരോ നഖത്തിലും ഓരോ നിറം ഉപയോഗിക്കുന്നത് വ്യക്തിഗത മൂഡ് പ്രകടിപ്പിക്കാൻ ജെൻ സികളെ സഹായിക്കുന്നു.
3D എലമെൻ്റുകൾ: നഖങ്ങളിൽ മുത്തുകൾ, ചെറിയ കല്ലുകൾ, ജെൽ ഉപയോഗിച്ചുള്ള തടിച്ച വരകൾ എന്നിവ നൽകുന്നത് വലിയ ട്രെൻഡാണ്. ഇതിലൂടെ നഖങ്ങൾക്ക് ഒരു 'ടെക്സ്ചർ' നൽകുന്നു.
DIY-യും ആധികാരികതയും
സലൂണുകളിൽ പോയി പെർഫെക്ട് ആയ നഖങ്ങൾ ചെയ്യുന്നതിനേക്കാൾ, സ്വന്തമായി ചെയ്യുക എന്നതിനാണ് ജെൻ സികൾ ഇപ്പോൾ പ്രാധാന്യം നൽകുന്നത്. ഇത് പണം ലാഭിക്കാനും തൻ്റേതായ സ്റ്റൈൽ കൊണ്ടുവരാനും സഹായിക്കുന്നു. സോഷ്യൽ മീഡിയയിൽ ഓരോ നഖത്തിലും വ്യത്യസ്ത ഡിസൈൻ നൽകുന്ന 'മിസ്മാച്ച്ഡ് മാനിക്യൂർ' (Mismatched Manicure)എന്ന ട്രെൻഡ് ഇപ്പോൾ വൈറലാണ്. നഖം ഇപ്പോൾ ഒരു ഫാഷൻ ആക്സസറി എന്നതിലുപരി, ജെൻ സികളുടെ മാറിക്കൊണ്ടിരിക്കുന്ന വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന ഒരു കൊച്ചു കലാസൃഷ്ടിയായി മാറിയിരിക്കുന്നു.