ചൂടേറ്റ് വാടിപ്പോയ മുഖത്തിന്റെ തിളക്കം വീണ്ടെടുക്കാന്‍ ഒരു വഴി...

By Web TeamFirst Published Mar 28, 2019, 6:26 PM IST
Highlights

തണുപ്പുകാലത്ത് തൊലി വരളുകയാണ് ചെയ്യുന്നതെങ്കില്‍, ഈ ചൂടത്ത് തൊലി വാടിക്കരിയുകയാണ് ചെയ്യുന്നത്. ഇതിനെ മറികടക്കല്‍ അത്ര എളുപ്പമല്ലെന്നല്ലേ ചിന്തിക്കുന്നത്? വെയിലില്‍ പുറത്തുപോകാതിരിക്കാം, അല്ലെങ്കില്‍ പുറത്തുപോകുമ്പോള്‍ സണ്‍സ്‌ക്രീന്‍ ക്രീമുകള്‍ പുരട്ടാം, ധാരാളം വെള്ളം കുടിക്കാം... അങ്ങനെയൊക്കെയാണെങ്കിലും വാടിത്തളര്‍ന്നുപോയ ചര്‍മ്മത്തെ എങ്ങനെ തിളക്കമുള്ളതാക്കി മാറ്റാം?

ഓരോ ദിവസവും ചൂട് കൂടിവരുന്ന സാഹചര്യമാണ് കേരളം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ചൂട് കൂടുംതോറും ചര്‍മ്മം വാടി, ക്ഷീണിച്ചുപോകാനുള്ള സാധ്യതകളും കൂടുതലാണ്. തണുപ്പുകാലത്ത് തൊലി വരളുകയാണ് ചെയ്യുന്നതെങ്കില്‍, ഈ ചൂടത്ത് തൊലി വാടിക്കരിയുകയാണ് ചെയ്യുന്നത്. 

ഇതിനെ മറികടക്കല്‍ അത്ര എളുപ്പമല്ലെന്നല്ലേ ചിന്തിക്കുന്നത്? വെയിലില്‍ പുറത്തുപോകാതിരിക്കാം, അല്ലെങ്കില്‍ പുറത്തുപോകുമ്പോള്‍ സണ്‍സ്‌ക്രീന്‍ ക്രീമുകള്‍ പുരട്ടാം, ധാരാളം വെള്ളം കുടിക്കാം... അങ്ങനെയൊക്കെയാണെങ്കിലും വാടിത്തളര്‍ന്നുപോയ ചര്‍മ്മത്തെ എങ്ങനെ തിളക്കമുള്ളതാക്കി മാറ്റാം?

വിയര്‍പ്പും പൊടിയുമടിഞ്ഞ് മുഖത്ത് വന്ന മുഖക്കുരുകളും അതിന്റെ പാടുകളും എങ്ങനെ മാറ്റാം? ഇതിനുള്ള ഒരു ലളിതമായ വഴിയാണ് ഇനി പറയുന്നത്. 

വീട്ടിൽത്തന്നെയുണ്ട് പരിഹാരം...

മിക്കവാറും എല്ലാ വീടുകളിലെ അടുക്കളയിലും കാണുന്ന ഒന്നാണ് പുതിനയില. പുതിനയിലയുണ്ടെങ്കില്‍ ചൂടുകാലം ചര്‍മ്മത്തിന് സമ്മാനിക്കുന്ന പാടുകളെയും കലകളെയുമെല്ലാം ഒരു പരിധി വരെ ഒഴിവാക്കാനാകും. 

പുതിനയിലയിലടങ്ങിയിരിക്കുന്ന ശക്തമായ ആന്റി ഓക്‌സിഡന്റുകളും ആന്റി ബാക്ടീരിയല്‍ ഘടകങ്ങളും തൊലിപ്പുറത്ത് വീഴുന്ന പാടുകളും ചുളിവുകളും നീക്കാനും മുഖക്കുരുവിന്റെ കലകള്‍ മായ്ക്കാനുമെല്ലാം സഹായിക്കുന്നു. 

കൂടാതെ പുതിനയിലുള്ള 'സാലിസിലിക് ആസിഡ്' മുഖക്കുരു വരുന്നത് തടയുകയും, ചര്‍മ്മത്തെ തിളക്കമുള്ളതാക്കുകയും ചെയ്യും. അതോടൊപ്പം തന്നെ മുഖത്തെ രോമകൂപങ്ങള്‍ തുറന്ന് അഴുക്കിനെ പുറത്താക്കാനും, നശിച്ചുപോയ കോശങ്ങളടങ്ങിയ തൊലിയെ നീക്കം ചെയ്യാനുമെല്ലാം ഇത് സഹായകമാണ്. 

ആഴ്ചയിലൊരിക്കലെങ്കിലും 'മിന്റ് ഫെയ്‌സ് മാസ്‌ക്' അതായത്, പുതിനയില കൊണ്ടുണ്ടാക്കുന്ന ഫെയ്‌സ് മാസ്‌ക് ഉപയോഗിക്കുന്നതാണ് വേനല്‍ക്കാല ചര്‍മ്മപ്രശ്‌നങ്ങള്‍ക്കുള്ള ഒരു ചെറിയ പരിഹാരം. ഇതിനായി എങ്ങനെ മാസ്‌ക് തയ്യാറാക്കാമെന്ന് നോക്കാം. 

'മിന്റ് ഫെയ്‌സ് മാസ്‌ക്' തയ്യാറാക്കാം....

ഫെയ്‌സ് പാക്ക് തയ്യാറാക്കാനായി ഒരു പാത്രത്തില്‍ എട്ടോ പത്തോ പുതിയില നന്നായി അരച്ചത് എടുക്കുക. ഇതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ തൈരും ഒരു സ്പൂണ്‍ തേനും ചേര്‍ക്കുക. എല്ലാം ചേര്‍ത്ത് യോജിപ്പിച്ച ശേഷം ഇത് മുഖത്ത് പുരട്ടുക. 20 മിനുറ്റോളം മുഖത്ത് മാസ്‌ക് വച്ച ശേഷം സാധാരണ വെള്ളത്തില്‍ കഴുകിയെടുക്കാം. 

click me!