എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കുളത്തിലെറിഞ്ഞ് നീന്തൽ പരിശീലനം, വീഡിയോ പങ്കിട്ട അമ്മയ്‌ക്കെതിരെ സൈബർ ആക്രമണം

By Web TeamFirst Published Jun 29, 2020, 4:22 PM IST
Highlights

"കുഞ്ഞിന് രണ്ടോ മൂന്നോ വയസ്സാകും വരെ കാത്തിരിക്കാൻ വയ്യല്ലേ?" എന്ന് ഒരാൾ കമന്റ് ചെയ്തു. 

കുഞ്ഞുങ്ങളെ നീന്തൽ പഠിപ്പിച്ചു തുടങ്ങേണ്ടത് ഏത് പ്രായത്തിലാണ് എന്നത് സംബന്ധിച്ച് ഓരോ അച്ഛനമ്മമാർക്കും ഓരോ അഭിപ്രായമാണ് ഉണ്ടാകാറ്. തങ്ങളുടെ അഭിപ്രായങ്ങൾക്ക് വിരുദ്ധമായ പ്രവൃത്തികൾ മറ്റുള്ള രക്ഷിതാക്കളിൽ നിന്നുണ്ടാകുമ്പോൾ അവർ പലപ്പോഴും രൂക്ഷമായി പ്രതികരിക്കുന്നതും പതിവാണ്. അത്തരത്തിൽ ഒരു രൂക്ഷമായ പ്രതികരണത്തിന്റെ വാർത്തകളാണ് അമേരിക്കയിലെ കൊളറാഡോ സ്പ്രിങ്‌സിൽ നിന്ന് പുറത്തുവരുന്നത്.

എട്ടുമാസം മാത്രം പ്രായമുള്ള സ്വന്തം ആൺകുഞ്ഞിനെ, നീന്തൽ പരിശീലനത്തിന്റെ ഭാഗമായി കുളത്തിലേക്ക് പരിശീലക ഇടുന്നതിന്റെ വീഡിയോ പങ്കിട്ട അമ്മയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം. കൊളറാഡോ സ്പ്രിങ്‌സിലെ ലിറ്റിൽ ഫിൻസ് സ്വിം സ്‌കൂളിൽ തന്റെ എട്ടുമാസം പ്രായമുള്ള മകൻ ഒലിവറുമൊത്ത് നീന്തൽ പരിശീലനത്തിന് എത്തിയതായിരുന്നു അമ്മ ക്രിസ്റ്റ മേയർ.  സ്വിമ്മിങ് സ്‌കൂളിലെ പരിശീലനത്തിന്റെ ഒരു കുഞ്ഞു വീഡിയോ ക്ലിപ്പ് അവർ ടിക്‌ടോക്കിൽ പങ്കിട്ടു.

 

 

@mom.of.2.boyss

Oliver amazes me every week! I can’t believe he is barely 2 months in and is catching on so fast. He is a little fish. ##baby ##swim

♬ original sound - mom.of.2.boyss

 

ഇൻസ്ട്രക്ടർ തന്റെ കുഞ്ഞിനെ കയ്യിലെടുത്ത് പൂളിലെ വെള്ളത്തിലേക്ക് ഇടുന്നതിന്റെയും, ആദ്യം ഒന്ന് മുങ്ങിത്താണ ശേഷം കുഞ്ഞ് ആരുടേയും സഹായമില്ലാതെ തന്നെ തിരിച്ച് ജലോപരിതലത്തിലേക്ക് പൊന്തി വന്ന മലർന്നു പൊന്തിക്കിടക്കുന്നതിന്റെയും ഒക്കെ ദൃശ്യങ്ങളയിരുന്നു ആ അമ്മ അഭിമാനപൂർവം പങ്കിട്ടത്. കുഞ്ഞ് പൊങ്ങി വരുമ്പോൾ ഇൻസ്ട്രക്ടർ കൂടെ ചാടി കുഞ്ഞിനെ സുരക്ഷിതനാക്കുന്നതും കുഞ്ഞ് ഒലിവർ മലർന്നുകിടന്ന് കൈകാലിട്ടടിച്ച് നീന്തുന്നതും ഒക്കെ വീഡിയോയിൽ കാണാം.

"ഒലിവർ എന്നെ ഓരോ ആഴ്ചയിലും അമ്പരപ്പിക്കുകയാണ്. രണ്ടു മാസത്തെ പരിശീലനം കഴിഞ്ഞപ്പോഴേക്കും അവൻ ഒരുപാട് നീന്തൽ പഠിച്ചിട്ടുണ്ട്. അവനൊരു കൊച്ചു മീനാണ് എന്നാണെനിക്ക് തോന്നുന്നത് " എന്നായിരുന്നു വീഡിയോയോടൊപ്പം ക്രിസ്റ്റ ഇട്ട ക്യാപ്ഷൻ. 

എന്നാൽ, സാമൂഹിക മാധ്യമങ്ങളിൽ നിന്ന് വല്ലാത്ത വേട്ടയാടലാണ് ഈ വീഡിയോ ഇട്ട നിമിഷം മുതൽ ക്രിസ്റ്റക്കെതിരെ നടക്കുന്നത്. വെറുപ്പും ദേഷ്യവും നിറഞ്ഞ കമന്റുകൾ കൊണ്ട് നിമിഷനേരത്തിനുള്ളിൽ വീഡിയോയുടെ കമന്റ് ബോക്സ് നിറഞ്ഞു. 

ചുരുങ്ങിയ നേരം കൊണ്ട് അഞ്ചു മില്യണിലധികം വ്യൂസും ഒന്നേകാൽ ലക്ഷത്തിലധികം കമന്റുകളും കിട്ടി ഈ വീഡിയോയ്ക്ക്. പല കമന്റുകളും കുഞ്ഞിനെ നീന്തൽ പഠിപ്പിക്കാനുള്ള അമ്മയുടെ ധൃതിയെ കുറ്റപ്പെടുത്തിക്കൊണ്ടുളളതായിരുന്നു. "കുഞ്ഞ് നീന്തുകയല്ല, അവന്റെ ജീവനുവേണ്ടി പോരാടുകയാണ്" എന്നായിരുന്നു ഒരു കമന്റ്. "നിങ്ങൾ മകനെ മുക്കിക്കൊല്ലും" എന്നു മറ്റൊരാൾ. "കുഞ്ഞിന് രണ്ടോ മൂന്നോ വയസ്സാകും വരെ കാത്തിരിക്കാൻ വയ്യല്ലേ?" എന്നു വേറൊരാൾ കമന്റ് ചെയ്തു. 

 

എന്നാൽ, തന്റെ കുഞ്ഞിന്റെ ജീവനെപ്പറ്റിയും വിഷമത്തെപ്പറ്റിയും ഏറ്റവും അധികം ധാരണയും ചിന്തയും ഉള്ളത് അമ്മയായ തനിക്കുതന്നെയാണ് എന്നും ഒലിവറിനെ ഈ പരിശീലനം ഒട്ടും തന്നെ പ്രയാസപ്പെടുത്തുന്നില്ല എന്നും, മറിച്ച് അവൻ അത് ആസ്വദിക്കുകയാണ് ചെയ്യുന്നത് എന്നും അമ്മ ക്രിസ്റ്റ പറഞ്ഞു. സ്വിമ്മിങ് പൂളിൽ നീന്തൽ അറിയാത്തത് കാരണം കുഞ്ഞുങ്ങൾ അപകടത്തിൽ പെട്ട് മരിക്കുന്ന നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന അമേരിക്കയിൽ എത്ര നേരത്തെ കുഞ്ഞുങ്ങളെ നീന്തൽ പഠിപ്പിക്കാമോ അത്രയും നല്ലതാണ് എന്നും ക്രിസ്റ്റ പറഞ്ഞു. അമ്മ ക്രിസ്റ്റയെ പിന്തുണച്ചുകൊണ്ടും നിരവധി കമന്റുകൾ വന്നു. താൻ കുഞ്ഞിനെ നീന്തൽ പഠിപ്പിക്കാൻ ചേർത്ത അക്കാദമിയിലെ ഇൻസ്ട്രക്ടർമാർ തികഞ്ഞ പ്രൊഫഷനലുകളാണ് എന്നും അവരുടെ വിദഗ്ധ പരിശീലനം താൻ ഇനിയും തുടരുക തന്നെ ചെയ്യും എന്നുമാണ് ഒലിവറിന്റെ അമ്മ പറയുന്നത്. 

click me!