രാക്ഷസപ്പാമ്പോ കൂറ്റന്‍ മത്സ്യമോ?; 'വിചിത്രജീവി'യെ ഒടുവില്‍ തിരിച്ചറിഞ്ഞു

By Web TeamFirst Published Sep 20, 2019, 1:36 PM IST
Highlights

നദിയില്‍ കണ്ടെത്തിയ 'വിചിത്രജീവി'യുടെ വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായി. ഇതെന്ത് ജീവിയാണെന്ന് ഓരോരുത്തരും അവരവരുടെ കാഴ്ചപ്പാടനുസരിച്ച് പറഞ്ഞുകൊണ്ടിരുന്നു. അങ്ങനെ ചൈനയിലാകെ വീഡിയോ വലിയ ചര്‍ച്ചയായി

വെള്ളത്തിന് മുകളിലൂടെ വേഗത്തില്‍ പാഞ്ഞുപോകുന്ന ഒരു ജീവി. കറുത്ത നിറമാണ്, നല്ല നീളമുണ്ട്. ഒറ്റക്കാഴ്ചയില്‍ കൂറ്റനൊരു പാമ്പ് വെള്ളത്തിലൂടെ ഇഴഞ്ഞുപോകുന്നതായേ തോന്നൂ. ചൈനയിലെ യാങ്‌സെ നദിയില്‍ നിന്ന് ആരോ പകര്‍ത്തിയ ഒരു വീഡിയോയെക്കുറിച്ചാണ് പറയുന്നത്. 

നദിയില്‍ കണ്ടെത്തിയ 'വിചിത്രജീവി'യുടെ വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായി. ഇതെന്ത് ജീവിയാണെന്ന് ഓരോരുത്തരും അവരവരുടെ കാഴ്ചപ്പാടനുസരിച്ച് പറഞ്ഞുകൊണ്ടിരുന്നു. അങ്ങനെ ചൈനയിലാകെ വീഡിയോ വലിയ ചര്‍ച്ചയായി. 

കോടിക്കണക്കിന് പേര്‍ ഈ വീഡിയോ കണ്ടു. പതിനായിരങ്ങള്‍ അഭിപ്രായം പങ്കുവച്ചുകൊണ്ട് രംഗത്തെത്തി. പഴമക്കാരുടെ കഥകളില്‍ കേട്ടിട്ടുള്ള ജലപ്പിശാചാണ് അതെന്ന് ഒരു വിഭാഗം വാദിച്ചു. എന്നാല്‍ അതെല്ലാം വെറും കെട്ടുകഥകള്‍ മാത്രമാണെന്നും, ഇത് ഏതോ രാക്ഷസപ്പാമ്പോ കൂറ്റന്‍ മത്സ്യമോ ആണെന്ന് മറ്റൊരു വിഭാഗം വാദിച്ചു. 

 

Water in the Three Gorges? Netizens speculated that the giant mysterious creature might be a fish or a big snake. Experts believe it is unlike living animals, more like floating objects. https://t.co/CGGrfWzckI pic.twitter.com/RCdbaDAvv9

— The Paper 澎湃新闻 (@thepapercn)

 

സംഗതി അതൊന്നുമല്ല വെള്ളത്തില്‍ വളരുന്ന പ്രത്യേകതരം ജലസസ്യങ്ങളുടെ കൂട്ടമാകാം അതെന്ന് വിദഗ്ധരായ ഒരുകൂട്ടം അഭിപ്രായപ്പെട്ടു. കേവലം ചര്‍ച്ചകള്‍ക്കപ്പുറം വീഡിയോ വലിയ തോതിലുള്ള ആശങ്കകളും ഭയവും വിതച്ചതോടെ സത്യാവസ്ഥ അറിയാന്‍ താല്‍പര്യപ്പെട്ടും നിരവധി പേര്‍ രംഗത്തെത്തി. 

ഇതിനിടെയാണ് വീഡിയോയില്‍ കണ്ട 'വിചിത്രജീവി'യെ അടുത്തുള്ള ഒരു ഫെറിയിലെ തൊഴിലാളികള്‍ കണ്ടത്. അങ്ങനെ അവരാണ് ഒടുവില്‍ ഇതെന്താണ് എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയത്. രാക്ഷസപ്പാമ്പോ കൂറ്റന്‍ മത്സ്യമോ ജലസസ്യമോ ഒന്നുമായിരുന്നില്ല അത്. 65 അടിയോളം നീളമുള്ള ഒരു വലിയ എയര്‍ബാഗായിരുന്നുവത്രേ അത്. 

ഷിപ് യാര്‍ഡുകളിലൊക്കെ ഉപയോഗിക്കുന്ന തരത്തിലുള്ള വലിയ എയര്‍ബാഗ്. ഉപയോഗശൂന്യമായതിനെ തുടര്‍ന്ന് ആരോ അത് നദിയിലേക്ക് തട്ടിയതാണ്. ഇതാണ് പിന്നീട് വെള്ളത്തിന് മുകളിലൂടെ ഒഴുകിനടക്കുന്നതായി കണ്ടത്.

എന്തായാലും സംഗതി വ്യക്തമായതോടെ വലിയ അവ്യക്തതയാണ് ജനങ്ങള്‍ക്കിടയില്‍ നിന്ന് നീങ്ങിക്കിട്ടിയിരിക്കുന്നത്. ഇതോടൊപ്പം, പ്രചരിക്കുന്ന വീഡിയോകളില്‍ കാണുന്ന കാര്യങ്ങളെല്ലാം വെള്ളം തൊടാതെ വിഴുങ്ങുന്നതിലെ വിഡ്ഢിത്തവും അപകടവും കൂടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ടിപ്പോള്‍. 

click me!