ഇന്റര്‍നെറ്റ് ലഭിക്കുന്ന ഏക സ്ഥലം; ഇതാണ് 'നെറ്റ്വര്‍ക്ക് മരം'

By Web TeamFirst Published Jul 3, 2021, 9:10 PM IST
Highlights

പ്രാദേശികമാധ്യമങ്ങളാണ് ആദ്യമായി 'നെറ്റ്വര്‍ക്ക് മര'ത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ വലിയ തോതിലുള്ള ജനശ്രദ്ധയാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പല ഇന്ത്യന്‍ ഗ്രാമങ്ങളുടെയും യഥാര്‍ത്ഥ അവസ്ഥയെ വെളിവാക്കുന്ന 'നെറ്റ്വര്‍ക്ക് മരം' കാലികമായ മാറ്റമാണ് ആവശ്യപ്പെടുന്നത്

കൊവിഡ് 19 മഹാമാരിയുടെ വരവോടുകൂടി മിക്കവരുടെയും ജോലിയും പഠനവുമെല്ലാം ഓണ്‍ലൈനായി മാറി. എന്നാല്‍ രാജ്യത്ത് പലയിടങ്ങളിലും, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ ഇന്റര്‍നെറ്റിന്റെ ലഭ്യത പരിമിതമായതിനാല്‍ പലപ്പോഴും വിദ്യാര്‍ത്ഥികള്‍ കടുത്ത പ്രതിസന്ധികളാണ് കൊവിഡ് കാലത്ത് നേരിട്ടത്. 

ഡിജിറ്റല്‍ ഇന്ത്യ എന്ന് രാജ്യം വിശേഷിപ്പിക്കപ്പെടുമ്പോഴും ഇതിന് പുറത്ത് നില്‍ക്കുന്ന എത്രയോ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പഠനത്തിനായി ഏറെ ദുരിതം അനുഭവിക്കുന്ന സാഹചര്യമുണ്ടായി. ചിലര്‍ പഠനം നിര്‍ത്തുന്ന അവസ്ഥയില്‍ വരെയെത്തി. 

ഈ ദുരിതങ്ങള്‍ക്ക് തെളിവാകുകയാണ് മഹാരാഷ്ട്രയിലെ ഗോണ്ഡിയയിലെ 'നെറ്റ്വര്‍ക്ക് മരം'. പ്രദേശത്തുള്ള ഏക മൊബൈല്‍ നെറ്റ് വര്‍ക്ക് ടവര്‍ ഈ മരത്തിന് 200 മീറ്റര്‍ അകലെയാണ്. ചുറ്റുമുള്ള ഗ്രാമങ്ങളിലൊന്നും ഇന്റര്‍നെറ്റ് ലഭ്യമാകാത്തതിനാല്‍ അവിടങ്ങളില്‍ നിന്നെല്ലാം വിദ്യാര്‍ത്ഥികള്‍ ഈ മരം തേടി വരും. 

പുസ്തകവും പേനയും മൊബൈല്‍ ഫോണുമായി എത്തുന്ന കുട്ടികള്‍ ഈ മരത്തിന്റെ കൊമ്പുകളിലിരുന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ വരെ ഇതിലുള്‍പ്പെടും. അങ്ങനെ 150ലധികം കുട്ടികള്‍ക്ക് ആശ്വാസമാകുന്ന ഈ മരം ഇപ്പോള്‍ 'നെറ്റ്വര്‍ക്ക് മരം' എന്ന പേരിലാണ് അറിയപ്പെടുന്നത്. 

പ്രാദേശികമാധ്യമങ്ങളാണ് ആദ്യമായി 'നെറ്റ്വര്‍ക്ക് മര'ത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ വലിയ തോതിലുള്ള ജനശ്രദ്ധയാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പല ഇന്ത്യന്‍ ഗ്രാമങ്ങളുടെയും യഥാര്‍ത്ഥ അവസ്ഥയെ വെളിവാക്കുന്ന 'നെറ്റ്വര്‍ക്ക് മരം' കാലികമായ മാറ്റമാണ് ആവശ്യപ്പെടുന്നത്. 

'എല്ലാ ദിവസവും കുട്ടികള്‍ ഇവിടെയെത്തുന്നുണ്ട്. പലരും കിലോമീറ്ററുകള്‍ നടന്നാണ് ഇവിടെയെത്തുന്നത്. മഴയാണെങ്കില്‍ ഞങ്ങള്‍ക്ക് ഈ അവസരവും ഉണ്ടാകില്ല. എങ്കിലും ഞങ്ങളുടെ ഏക ആശ്രയമാണ് ഈ മരം...'- വിദ്യാര്‍ത്ഥിയായ അതുല്‍ ഗോന്ഥാലെ പറയുന്നു. 

കഴിഞ്ഞ 15 മാസമായി മരത്തെ ആശ്രയിച്ച് വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നു. രാത്രി പോലും കുട്ടികള്‍ ക്ലാസ് അറ്റന്‍ഡ് ചെയ്യാനായി ഈ മരത്തില്‍ കയറാറുണ്ട്. എപ്പോഴാണ് നിലവിലെ ദുരിതാവസ്ഥയില്‍ നിന്ന് രക്ഷപ്പെടാനാവുകയെന്ന് ഇവര്‍ക്കാര്‍ക്കുമറിയില്ല. ഇപ്പോള്‍ ലഭ്യമായ ഈ പരിമിതമായ സൗകര്യമെങ്കിലും തുടര്‍ന്നും കിട്ടണമെന്നേ ഇവര്‍ ആഗ്രഹിക്കുന്നുള്ളൂ.

Also Read:- 12 മാമ്പഴത്തിന് 1.2 ലക്ഷം രൂപ; തുളസിക്ക് ഓണ്‍ലൈന്‍ ക്ലാസിന് സ്മാര്‍ട്ട് ഫോണായി...

click me!