Latest Videos

'നമ്മള്‍ ഒരു യുദ്ധത്തിലാണെന്ന് ചിന്തിക്കരുത്, ചെറിയ സന്തോഷങ്ങളൊക്കെ വേണ്ടേ...'

By Web TeamFirst Published May 16, 2020, 5:11 PM IST
Highlights

കൊവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ മാസ്‌കും സാമൂഹികാകലവും നൈജീരിയയില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. എങ്കിലും പലര്‍ക്കും ഇതിന്റെ ഗൗരവം മനസിലാകുന്നില്ലെന്ന വസ്തുതയും നിലനില്‍ക്കുന്നുണ്ട്. അത്തരക്കാരില്‍ ഈ പ്രതിരോധമാര്‍ഗങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ചിന്തകളെത്തിക്കാന്‍ സ്വന്തമായി ഡിസൈന്‍ ചെയ്ത അതിമനോഹരമായ മാസ്‌കും അണിഞ്ഞുള്ള ചിത്രമാണ് സെഫിയ പങ്കുവച്ചിരിക്കുന്നത്

ലോകരാജ്യങ്ങളെ ഒന്നടങ്കം കടന്നുപിടിച്ച കൊവിഡ് 19 എന്ന മഹാമാരി ആഫ്രിക്കന്‍ രാജ്യങ്ങളെ വലിയ തരത്തില്‍ ബാധിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പൊതുവേ ആരോഗ്യമേഖലയിലുള്ള പിന്നോക്കാവസ്ഥയും പോഷകാഹാരക്കുറവ് മൂലം നേരത്തേ ശാരീരികാവശത നേരിടുന്ന ജനതയും ആയതിനാല്‍ കൊവിഡിന്റെ തീവ്രത ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് താങ്ങാവുന്നതിലും അധികമായിരിക്കുമെന്നാണ് വിലയിരുത്തല്‍. 

ഇതിനിടെ കൊവിഡിനെക്കുറിച്ച് സാധാരണക്കാര്‍ക്കിടയില്‍ അവബോധമില്ലാത്തതും ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് തിരിച്ചടി ആയേക്കുമെന്ന് സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ ബോധവത്കരണത്തിന് വിവിധ മാര്‍ഗങ്ങള്‍ തേടുകയാണ് ഇവിടങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരും സെലിബ്രിറ്റികളും സര്‍ക്കാര്‍ പ്രതിനിധികളുമെല്ലാം. 

ഇക്കൂട്ടത്തില്‍ വ്യത്യസ്തമാവുകയാണ് നൈജീരിയന്‍ ഫാഷന്‍ സ്റ്റൈലിസ്റ്റായ സെഫിയ ദീജ്‌മോഹ് പങ്കുവച്ച ഒരു ചിത്രം. കൊവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ മാസ്‌കും സാമൂഹികാകലവും നൈജീരിയയില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. എങ്കിലും പലര്‍ക്കും ഇതിന്റെ ഗൗരവം മനസിലാകുന്നില്ലെന്ന വസ്തുതയും നിലനില്‍ക്കുന്നുണ്ട്. അത്തരക്കാരില്‍ ഈ പ്രതിരോധമാര്‍ഗങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ചിന്തകളെത്തിക്കാന്‍ സ്വന്തമായി ഡിസൈന്‍ ചെയ്ത അതിമനോഹരമായ മാസ്‌കും അണിഞ്ഞുള്ള ചിത്രമാണ് സെഫിയ പങ്കുവച്ചിരിക്കുന്നത്. 

ഗോള്‍ഡന്‍ ബീഡുകളും ക്രീം നിറത്തിലുള്ള മുത്തുകളും ത്രെഡ് വർക്കും ചെയ്ത 'റോയല്‍' മാസ്‌ക് ആണ് സെഫിയ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മാസ്‌ക് ധരിക്കുന്നത് ഒരു നിര്‍ബന്ധമാകുമ്പോള്‍ പലര്‍ക്കും അതിനോട് മാനസികമായി യോജിക്കാനാകില്ല. ഈ പ്രശ്‌നം ഒഴിവാക്കാന്‍ ഉഗ്രനൊരു ഉപദേശവും സെഫിയ നല്‍കുന്നു. 

'നല്ല സ്റ്റൈലിഷായ മാസ്‌കുകള്‍ ധരിക്കൂ നിങ്ങള്‍. എന്നിട്ട് ഭംഗിയായി പുറത്തിറങ്ങൂ. നമ്മളൊരു യുദ്ധത്തിലാണ് എന്ന് എപ്പോഴും ചിന്തിക്കേണ്ട. അല്‍പം സന്തോഷമൊക്കെ നുകരാവുന്നതാണ്...'- സെഫിയയുടെ വാക്കുകള്‍. 

Also Read:- ഇതാണോ മാസ്‌കിന്റെ ഭാവി?; പുതിയ ട്രെന്‍ഡുകളെ കുറിച്ച്...

അതേസമയം നൈജീരിയയും സൗത്ത് ആഫ്രിക്കയും ഉള്‍പ്പെടെ ചിലയിടങ്ങളിലെങ്കിലും ഡിസൈനര്‍ മാസ്‌കുകളുടെ വില്‍പന പച്ച പിടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നഗരകേന്ദ്രീകൃതമായ ഇടങ്ങളിലാണ് ഇത്തരം മാസ്‌കുകള്‍ക്ക് ആവശ്യക്കാരേറുന്നത്. പ്രാദേശികമായി ജോലി ചെയ്യുന്ന തയ്യല്‍ക്കാരും സമീപദിവസങ്ങളില്‍ ഡിസൈനര്‍ മാസ്‌കുകളുടെ നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞിട്ടുണ്ടത്രേ. ഇത് സാമ്പത്തികമായി അവരെ മെച്ചപ്പെടുത്താന്‍ സഹായിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 

ഇതുവരെ 78, 194 കൊവിഡ് 19 കേസുകളാണ് വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂവ്വായിരത്തിനടുത്ത് മരണവും ഉള്ളതായി വാര്‍ത്തയുണ്ട്. 29,453 പേര്‍ക്ക് രോഗം ഭേദമായതായും റിപ്പോര്‍ട്ടുണ്ട്. ഈജിപ്ത്, സൗത്ത് ആഫ്രിക്ക, നൈജീരിയ, ഘാന, അള്‍ജീരിയ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിലാണ് പ്രധാനമായും കൊവിഡ് ബാധ ഏറെയുള്ളത്.

Also Read:- ഓണത്തിന് ധരിക്കാം കസവ് മാസ്ക്, അതാണ് മലയാളി; വൈറലായി തരൂരിന്‍റെ ട്വീറ്റ്...

click me!