കൊറോണ വൈറസ് വ്യാപനം തുടങ്ങിയതോടെയാണ് സാധാരണക്കാര്‍ മാസ്‌ക് ഉപയോഗിച്ച് തുടങ്ങുന്നത്. മുമ്പ് മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുള്ളത് മാത്രമായിട്ടാണ് മാസ്‌കിനെ കരുതിയിരുന്നത്. എന്നാല്‍ ആ സാഹചര്യമെല്ലാം ഇപ്പോള്‍ മാറിമറിഞ്ഞിരിക്കുന്നു. ഇനി ലോക്ക്ഡൗണ്‍ ഇളവുകള്‍ വരികയോ, സാധാരണജീവിതത്തിലേക്ക് നമ്മള്‍ തിരിച്ചെത്തുകയോ ചെയ്താല്‍ പോലും കുറച്ച് നാളത്തേക്ക് മാസ്‌ക് നിര്‍ബന്ധമായിരിക്കാനാണ് സാധ്യത. 

ഇപ്പോള്‍ത്തന്നെ കേരളമുള്‍പ്പെടെ പലയിടങ്ങളിലും പുറത്തിറങ്ങുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. ആദ്യഘട്ടത്തില്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് ലഭിച്ചിരുന്ന 'ഡിസ്‌പോസബിള്‍ മാസ്‌ക്' ആയിരുന്നു എല്ലാവരും വാങ്ങി ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറി. 

വീട്ടിലിരുന്ന് നിര്‍മ്മിച്ചവ, വിവിധ കമ്പനികള്‍ പുതുതായി പുറത്തിറക്കിയവ എന്നിങ്ങനെ മാസ്‌കുകളില്‍ വലിയ തോതിലുള്ള വ്യത്യസ്തതകള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. കോട്ടണ്‍ തുണി കൊണ്ടുള്ള മാസ്‌കിന് തന്നെയാണ് 'ഡിമാന്‍ഡ്' കൂടുതല്‍. തുണി കൊണ്ടുള്ള മാസ്‌കുകളാകുമ്പോള്‍ ഇവ, അലക്കി വൃത്തിയാക്കിയ ശേഷം വീണ്ടും ഉപയോഗിക്കാമല്ലോ.

ഇനി തുടര്‍ന്നും മാസ്‌ക് വസ്ത്രത്തിനൊപ്പം നിര്‍ബന്ധിതമാകുന്ന സാഹചര്യം വരുമ്പോള്‍ അതിലും ആളുകള്‍ ട്രെന്‍ഡുകള്‍ തിരഞ്ഞുതുടങ്ങുന്നുവെന്നാണ് ഫാഷന്‍ ലോകം അവകാശപ്പെടുന്നത്. 

Also Read:- അടുത്ത അധ്യയന വർഷം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും മാസ്ക് നിർബന്ധം...

'മാസ്‌ക് നമ്മുടെ ലൈഫ്‌സ്റ്റൈലിന്റെ തന്നെ ഒരു ഭാഗമായി വരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞങ്ങളിപ്പോള്‍ ആര്യവേപ്പിന്‍ സത്ത് ഉപയോഗിച്ച് കോട്ടണില്‍ മാസ്‌ക് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ആര്യവേപ്പിനെ കുറിച്ച് നമുക്കെല്ലാം അറിയാം, ധാരാളം ഔഷധഗുണമുള്ളതാണ്. അതുകൊണ്ട് തന്നെ അതില്‍ നിന്നുള്ള സത്ത് മാസ്‌കില്‍ വരുന്നത് വളരെയധികം ഗുണം ചെയ്യുമെന്നാണ് ഞങ്ങളുടെ കണക്കുകൂട്ടല്‍. അതുപോലെ തന്നെ സില്‍വര്‍ ത്രെഡുകൊണ്ട് നെയ്‌തെടുത്ത മാസ്‌കുകളും ഞങ്ങള്‍ വിപണിയിലിറക്കിയിട്ടുണ്ട്...'- തമിഴ്‌നാട്ടില്‍ ഗാര്‍മെന്റ് കമ്പനി ഉടമസ്ഥയായ ഉമ പ്രജാപതി പറയുന്നു. 

ലോക്ക്ഡൗണ്‍ തീരുന്നതോടെ പുത്തന്‍ സ്റ്റൈലുകളിലുള്ള മാസ്‌കുകള്‍ക്ക് ആവശ്യക്കാര്‍ ഏറുമെന്നാണ് ഡിസൈനറും ഗാര്‍മെന്റ് വ്യവസായിയുമായി ആമി സദയും പറയുന്നത്. 

'ഞങ്ങള്‍ ഓര്‍ഗാനിക് കോട്ടണ്‍ ഉപയോഗിച്ചാണ് മാസ്‌ക് നിര്‍മ്മിക്കുന്നത്. നേരത്തേ ഒരു ഫൗണ്ടേഷന് വേണ്ടി ഇത്തരത്തിലുള്ള 3000 മാസ്‌കുകള്‍ ഞങ്ങള്‍ നല്‍കിയിരുന്നു. അത് കണ്ട് പലരും വീണ്ടും മാസ്‌കുകള്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ് ഇതിന് നല്ലതോതില്‍ ഡിമാന്‍ഡുള്ളതായി മനസിലാക്കിയത്. മറ്റ് ഏത് ഫാബ്രിക് കൊണ്ടും ഉണ്ടാക്കിയത് പോലെയല്ല ഓര്‍ഗാനിക് കോട്ടണ്‍ കൊണ്ടുള്ള മാസ്‌ക്. അത് ധരിക്കുമ്പോള്‍ തന്നെ ഫാബ്രികിന്റെ സുഖം മനസിലാകും. ശ്വസിക്കാനും എളുപ്പമാണ്. ഇനിയിപ്പോള്‍ ലോക്ക്ഡൗണ്‍ കഴിഞ്ഞ് ആളുകള്‍ ജോലിക്ക് പോകാനും പുറത്തിറങ്ങാനും തുടങ്ങുമ്പോള്‍ മാസ്‌കിന് വീണ്ടും ഡിമാന്‍ഡ് കൂടും. അതൊരു ഫാഷന്‍ ആക്‌സസറിയായി മാറാനും അധികസമയം വേണ്ടിവരില്ല'- ആമി പറയുന്നു. 

ആദ്യഘട്ടത്തിലെല്ലാം നിര്‍ബന്ധമായത് കൊണ്ടാകും ആളുകള്‍ മാസ്‌ക് ധരിക്കുക. എന്നാല്‍ വൈകാതെ തന്നെ ഈ മനശാസ്ത്രം മാറുമെന്നാണ് ഫാഷന്‍ വിദഗ്ധനായ ഹരീഷ് ബിജൂര്‍ പറയുന്നത്. 

'സുരക്ഷ എന്ന ഘടകം നിര്‍ത്തിക്കൊണ്ട് തന്നെ മാസ്‌ക് ഒരു ഫാഷന്‍ ഐറ്റമായി മാറും. ഇപ്പോള്‍ തന്നെ തിരുപ്പൂര്‍ ഉള്‍പ്പെടെയുള്ള പ്രധാന വസ്ത്രനിര്‍മ്മാണ മേഖലകള്‍ മാസ്‌കിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് കഴിഞ്ഞിരിക്കുന്നു. ഇനിയീ തരംഗം പ്രാദേശികമായ വിപണികളും കീഴടക്കും. തിരുപ്പൂരില്‍ നിന്നെല്ലാം കയറ്റുമതിക്കും ധാരാളം സാധ്യതകളാണ് നില്‍ക്കുന്നത്...'- ഹരീഷ് പറയുന്നു. 

Also Read:-'കൊവിഡ് പോരാട്ടത്തിലെ ഏറ്റവും ശക്തയായ പേരാളി'; 98-ാം വയസിൽ മാസ്ക് തുന്നി മുത്തശ്ശി...

ലോക്ക്ഡൗണ്‍ തീരാന്‍ ഇനി ദിവസങ്ങളേ ബാക്കിയുള്ളൂ. ലോക്ക്ഡൗണ്‍ അവസാനിച്ചാലും എന്തെല്ലാം തരത്തിലുള്ള നിയന്ത്രണങ്ങളാണ് വരികയെന്ന് മുന്‍കൂട്ടി പ്രവചിക്കാനാകില്ല. എന്തായാലും മാസ്‌ക് ഒരു നിര്‍ബന്ധിത ഘടകം ആകുമെന്ന കാര്യത്തില്‍ സംശയമില്ല. സ്വയം പ്രതിരോധിക്കാനും മറ്റുള്ളവരെ സുരക്ഷിതരാക്കാനുമെല്ലാം സുരക്ഷിതമായ രീതിയില്‍ തയ്യാറാക്കിയ മാസ്‌കുകള്‍ തന്നെ ഉപയോഗിക്കുക. ഫാഷനും സ്റ്റൈലുമെല്ലാം തീര്‍ച്ചയായും രണ്ടാമത് വരുന്ന ഘടകം മാത്രമാണ്. ആദ്യസ്ഥാനം ആരോഗ്യത്തിന് തന്നെയാകട്ടെ.