കൊവിഡ് 19 വ്യാപിച്ചതോടെയാണ് സാധാരണക്കാര്‍ മാസ്‌ക് ഉപയോഗിച്ച് തുടങ്ങുന്നത്. കേരളമുള്‍പ്പെടെ പലയിടങ്ങളിലും പുറത്തിറങ്ങുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. പലയിടത്തും ഏറ്റവും അധികം ക്ഷാമം വന്നിട്ടുള്ളതും മാസ്‌കുകള്‍ക്കാണ്.  വീട്ടില്‍ ഇരുന്ന് മാസ്‌കുകള്‍  നിര്‍മ്മിക്കുകയാണ് ഇന്ന് പലരും ചെയ്യുന്നത്.

മാസ്‌കുകള്‍  ഇന്ന് നമ്മുടെയെല്ലാം ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി മാറുകയും ചെയ്തു. എന്തിന് പുത്തന്‍ സ്റ്റൈലുകളിലുള്ള മാസ്‌കുകള്‍ വരെ ഫാഷന്‍ ലോകത്ത് ചര്‍ച്ചയാണിപ്പോള്‍. 

Also Read: ഇതാണോ മാസ്‌കിന്റെ ഭാവി?; പുതിയ ട്രെന്‍ഡുകളെ കുറിച്ച്...

 

അതിനിടെ ഓണത്തിന് ധരിക്കാവുന്ന കസവ് മാസ്കുകളുടെ നിര്‍മ്മാണവും കേരളത്തില്‍ ആരംഭിച്ചു. ഓണത്തിനു വേണ്ടി ഒരുക്കിയ കസവുള്ള മാസ്കിന്‍റെ ചിത്രം ശശി തരൂർ എംപി തന്‍റെ ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തു.  മുൻകൂട്ടി പദ്ധതി തയാറാക്കുന്ന മലയാളി എന്നാണ് ചിത്രം ട്വീറ്റ് ചെയ്ത് ശശി തരൂർ കുറിച്ചത്.

 

 

'ഓണക്കാലത്തേക്കുള്ള മാസ്കുകളുടെ നിർമ്മാണം ആരംഭിച്ചു, അതാണ് മലയാളി’ എന്ന് എഴുതി കസവു മാസ്കിന്‍റെ ചിത്രത്തോടൊപ്പമുള്ള ശശി തരൂറിന്‍റെ  ട്വീറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി. 

ലിമി റോസ് ടോം എന്ന മലയാളിയാണ് മാസ്ക് തയ്യാറാക്കിയത്. സെറ്റ് സാരി ഉപയോഗിച്ചാണ് ലിമി മാസ്‌ക് തയ്യാറാക്കിയത്. ഓടുന്ന ഓണത്തിന് ഒരു മുഴം മുമ്പെയെന്ന അടിക്കുറിപ്പോടെയാണ് ലിമി ചിത്രം പങ്കുവച്ചത്. ചിത്രം ശ്രദ്ധയിൽപ്പെട്ട ശശി തരൂർ അത് ട്വീറ്റ് ചെയ്യുകയായിരുന്നു. മറ്റ് ആഘോഷങ്ങളുടെ ഭാഗമായി തയാറാക്കിയ മാസ്കുകളുടെ ചിത്രങ്ങളും തരൂരിന്റെ ട്വീറ്റിനു താഴെ പലരും കമന്‍റ് ചെയ്തിട്ടുണ്ട്.