കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ പോയി; പൂച്ചയ്ക്ക് പിന്നാലെ വീണ് വൃദ്ധന്‍!

By Web TeamFirst Published Jun 15, 2020, 9:30 PM IST
Highlights

ചെന്നൈ ലൊയോള കോളേജിലെ അധ്യാപകനായിരുന്നു പ്രൊഫ. പി എന്‍ തയിര്‍. മൃഗസംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും തല്‍പരന്‍. ജോലിയില്‍ നിന്ന് വിരമിച്ച ശേഷവും ഈ വിഷയവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചുവരികയായിരുന്നു അദ്ദേഹം. ഒരുപക്ഷേ ഇത്തരത്തിലുള്ള സജീവമായ ഇടപെടലുകള്‍ മൂലമാകാം എണ്‍പത്തിമൂന്നാം വയസിലും ആരോഗ്യവാനാണ് പ്രൊഫസര്‍

മൃഗസ്‌നേഹിയായ ഒരാളെ സംബന്ധിച്ചിടത്തോളം വളര്‍ത്തുമൃഗങ്ങള്‍ മാത്രമല്ല, തെരുവിലോ വീട്ടുപരിസരങ്ങളിലോ കാണുന്ന മൃഗങ്ങളും അവര്‍ക്ക് പ്രിയപ്പെട്ടവരായിരിക്കും. അവയുടെ ഭക്ഷണം, അതിജീവനം ഒക്കെയും ഇത്തരക്കാരെ അലട്ടിക്കൊണ്ടിരിക്കും. ഇതുതന്നെയാണ് എണ്‍പത്തിമൂന്നുകാരനായ പ്രൊഫ. പി എന്‍ തയിര്‍ എന്ന റിട്ടയേഡ് അധ്യാപകന്റേയും ദൗര്‍ബല്യം.

ചെന്നൈ ലൊയോള കോളേജിലെ അധ്യാപകനായിരുന്നു പ്രൊഫ. പി എന്‍ തയിര്‍. മൃഗസംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും തല്‍പരന്‍. ജോലിയില്‍ നിന്ന് വിരമിച്ച ശേഷവും ഈ വിഷയവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചുവരികയായിരുന്നു അദ്ദേഹം. ഒരുപക്ഷേ ഇത്തരത്തിലുള്ള സജീവമായ ഇടപെടലുകള്‍ മൂലമാകാം എണ്‍പത്തിമൂന്നാം വയസിലും ആരോഗ്യവാനാണ് പ്രൊഫസര്‍. 

ഈ മൃഗസ്‌നേഹം കാരണം അദ്ദേഹത്തിന് പറ്റിയൊരു അപകടത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. കഴിഞ്ഞ ദിവസം വീട്ടുപറമ്പിലെ കിണറ്റില്‍ അബദ്ധവശാല്‍ ഒരു പൂച്ച വീഴുന്നത് അദ്ദേഹം കാണാനിടയായി. ഉടനെ തന്നെ അതിനെ രക്ഷപ്പെടുത്താനായി ശ്രമം തുടങ്ങി. ഇതിനിടെ എങ്ങനെയോ കാല്‍ വഴുതി പൂച്ചയ്ക്ക് പിന്നാലെ അദ്ദേഹവും മുപ്പതടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് വീണു. 

വെള്ളത്തില്‍ കൈകാലിട്ടടിയ്ക്കുന്ന പ്രൊഫസറെ മരുമകളാണ് ആദ്യം കണ്ടത്. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സില്‍ വിവരമറിയിച്ചു. അവരെത്തി അദ്ദേഹത്തെ രക്ഷപ്പെടുത്തുകയാണുണ്ടായത്. കാര്യമായ പരിക്കുകളൊന്നും അദ്ദേഹത്തിന് സംഭവിച്ചില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്തായാലും ഒരു പൂച്ചയുടെ ജീവന്‍ രക്ഷപ്പെടുത്തുന്നതിനായി തന്റെ ജീവന്‍ പണയപ്പെടുത്തിയ പ്രൊഫസര്‍ക്ക് കയ്യടി നല്‍കുകയാണ് മൃഗസ്‌നേഹികള്‍. അതേസമയം സ്വയരക്ഷ കൂടി ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഇത്തരത്തിലുള്ള രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാവൂ എന്ന ഉപദേശം നല്‍കുന്നവരും കുറവല്ല. 

Also Read:- ആനയോളം വലിയ കരുതൽ; അഞ്ച് കോടിയുടെ സ്വത്ത് ആനകളുടെ പേരിലെഴുതി അമ്പതുകാരൻ...

click me!