15 വയസ് പ്രായമുള്ള റാണിയ്ക്കും 20 വയസുള്ള മോട്ടിയ്ക്കുമാണ് അഞ്ച് കോടി രൂപവിലമതിക്കുന്ന സമ്പത്ത് ഈ അമ്പതുകാരന്‍ എഴുതി വച്ചത്

പാട്ന: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്യമൃഗങ്ങള്‍ക്കെതിരായ അക്രമ സംഭവങ്ങള്‍ക്കിടയില്‍ ശുഭസൂചനയുമായി ബിഹാറില്‍ നിന്നുള്ള വാര്‍ത്ത. പട്നയില്‍ നിന്നുള്ള മൃഗസ്നേഹിയായ അക്തര്‍ ഇമാമാണ് തന്‍റെ പേരിലുള്ള അഞ്ച് കോടി രൂപവിലമതിക്കുന്ന സമ്പത്ത് രണ്ട് ആനകളുടെ പേരിലാണ് എഴുതി വച്ചിരിക്കുന്നത്. 15 വയസ് പ്രായമുള്ള റാണിയ്ക്കും 20 വയസുള്ള മോട്ടിയ്ക്കുമാണ് എന്‍ജിഒ സ്ഥാപനത്തിന്‍റെ ചീഫ് മാനേജറായ അക്തര്‍ ഇമാമിന്റെ സ്വത്തുക്കളുടെ അവകാശം. 

അമ്പത് വയസ് പ്രായമുള്ള പട്ന സ്വദേശി 12 വയസ് പ്രായം മുതല്‍ ആ ആനകളെ പരിപാലിക്കുന്നയാളാണ് അക്തര്‍. തന്‍റെ മക്കളെപ്പോലെയാണ് ആനകളെ പരിപാലിക്കുന്നത്. ആറരയേക്കര്‍ നിലമാണ് ആനകളുടെ പേരിലുള്ളത്. ഏഷ്യന്‍ എലിഫന്‍റ് റിഹാബിലിറ്റേഷന്‍ ആന്‍ഡ് വൈല്‍ഡ് ലൈഫ് അനിമല്‍ ട്രസ്റ്റ് തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ആനകളെ സംരക്ഷിക്കുമെന്നും അക്തര്‍ പറയുന്നു. അഞ്ച് സഹോദരിമാര്‍ക്കും വിവാഹമോചനം നേടിയ ഭാര്യക്കും മകനും അവരുടെ ഭാഗം നല്‍കിയ ശേഷമാണ് ഈ നടപടിയെന്നും അക്തര്‍ എഎന്‍ഐയോട് പ്രതികരിക്കുന്നു.

Scroll to load tweet…

ആനകളെമായി ജോലിക്ക് പോയപ്പോള്‍ തന്നെ ആയുധവുമായി ചിലര്‍ അക്രമിക്കാനെത്തിയപ്പോള്‍ അവരില്‍ നിന്ന് രക്ഷപ്പെടുത്തിയത് ആനകളാണ്. ആനകളാണ് തന്‍റെ കുടുംബം. എന്നും അവരെ നോക്കാന്‍ പറ്റാതെ പോവുമോയെന്ന ഭയം നിമിത്തമാണ് സ്വത്ത് ആനകളുടെ പേരില്‍ എഴുതിയതെന്നും അക്തര്‍ പറയുന്നു. മനുഷ്യരേപ്പോലെയല്ല മൃഗങ്ങള്‍ നന്ദിയും സ്നേഹവുമുള്ളവരാണെന്നും അക്തര്‍ ഇമാം കൂട്ടിച്ചേര്‍ക്കുന്നു. തന്‍റെ മരണശേഷം അവര്‍ അനാഥരാകുന്ന അവസ്ഥയുണ്ടാകരുതെന്ന അക്തറിന്‍റെ കരുതലാണ് വിചിത്രമെന്ന് തോന്നുന്ന നടപടിക്ക് പിന്നില്‍.