പനി മാറാന്‍ ഇരുമ്പ് പഴുപ്പിച്ചുവച്ചു; മന്ത്രവാദിയുടെ ചികിത്സയില്‍ ദാരുണ മരണം

By Web TeamFirst Published Jun 3, 2019, 7:36 PM IST
Highlights

അവശനിലയില്‍ പിന്നീട് ആശുപത്രിയിലെത്തിച്ച കുഞ്ഞിന് സംഭവിച്ച ദുരന്തത്തെക്കുറിച്ച് ഡോക്ടര്‍മാരാണ് ആദ്യമറിഞ്ഞത്. കുഞ്ഞിന് ന്യുമോണിയ ആയിരുന്നുവെന്നും, സമയത്തിന് ചികിത്സ നല്‍കിയിരുന്നുവെങ്കില്‍ കുഞ്ഞ് രക്ഷപ്പെടുമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു

വ്യാജവൈദ്യന്മാരുടെയും മന്ത്രവാദികളുടേയും ചികിത്സയെ തുടര്‍ന്ന് എത്രയോ ജീവനുകള്‍ പൊലിഞ്ഞ വാര്‍ത്ത നമ്മള്‍ കേട്ടിട്ടുണ്ട്. കേരളത്തില്‍ തന്നെ സമീപകാലത്ത് ഇത്തരത്തിലുള്ള മൂന്ന് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാലിപ്പോള്‍ മന്ത്രവാദത്തിലൂടെ പിഞ്ചുകുഞ്ഞിന് ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നുവെന്ന വാര്‍ത്തയാണ് ഗുജറാത്തിലെ പാലന്‍പൂരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഒരു വയസ് മാത്രമുള്ള ആണ്‍കുഞ്ഞിനാണ് ദാരുണാന്ത്യം. പനി വന്നതിന് പിന്നാലെ കുഞ്ഞിനെയും കൊണ്ട് മാതാപിതാക്കള്‍ അടുത്തുള്ള ഒരു മന്ത്രവാദിയെ കാണാന്‍ പോവുകയായിരുന്നു. ഇയാള്‍ രോഗശാന്തിക്കായി കുഞ്ഞിന്റെ ദേഹത്ത് ഇരുമ്പ് പഴുപ്പിച്ച് വച്ചു. 

പൊള്ളലിലുണ്ടായ മുറിവിലെ അണുബാധയാണ് കുഞ്ഞിന്റെ മരണത്തിനിടയാക്കിയത്. അവശനിലയില്‍ പിന്നീട് ആശുപത്രിയിലെത്തിച്ച കുഞ്ഞിന് സംഭവിച്ച ദുരന്തത്തെക്കുറിച്ച് ഡോക്ടര്‍മാരാണ് ആദ്യമറിഞ്ഞത്. കുഞ്ഞിന് ന്യുമോണിയ ആയിരുന്നുവെന്നും, സമയത്തിന് ചികിത്സ നല്‍കിയിരുന്നുവെങ്കില്‍ കുഞ്ഞ് രക്ഷപ്പെടുമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തിന് കാരണക്കാരായ മന്ത്രിവാദിക്കും കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കുമെതിരെ ഉടന്‍ നിയമനടപടിയുണ്ടായേക്കുമെന്നാണ് സൂചന.
 

click me!