'കയ്യിലുള്ളത് കുഞ്ഞാണോ, അതോ കുഞ്ഞിന്റെ രൂപത്തിലുള്ള കേക്കോ?'

By Web TeamFirst Published Nov 22, 2021, 9:11 PM IST
Highlights

നിത്യോപയോഗ സാധനങ്ങള്‍, കൗതുകവസ്തുക്കള്‍, മൃഗങ്ങള്‍, പക്ഷികള്‍ എന്നുവേണ്ട സകല മാതൃകയിലും ബെന്‍ കേക്കുകള്‍ തയ്യാറാക്കി. എല്ലാം സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റ്. ഇപ്പോള്‍ കേക്ക് അല്ലാത്തതൊന്നും ബെന്നിന് ഈ പേജില്‍ പങ്കുവയ്ക്കാന്‍ പറ്റില്ലെന്ന അവസ്ഥയാണ്

പോയ വര്‍ഷം സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ട്രെന്‍ഡിംഗ് ( Social Media ) ആയൊരു സംഭവമായിരുന്നു 'സ്‌പെഷ്യല്‍' കേക്കുകളുടെ പാചകം ( Cake Baking ). ഔദ്യോഗികമായി പാചകക്കാര്‍ ആയവരും അല്ലാത്തവരുമെല്ലാം ഒരുപോലെ ആ മേഖലയില്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. അങ്ങനെ ലോക്ഡൗണ്‍ കാലത്തെ പാചക പരീക്ഷണങ്ങളില്‍ കേക്ക് തയ്യാറാക്കല്‍ ഒരു പ്രധാനം 'ഐറ്റം' തന്നെയായി മാറിയിരുന്നു. 

സാധാരണഗതിയില്‍ നിന്ന് വ്യത്യസ്തമായി രുചിയില്‍ മാത്രമല്ല കാഴ്ചയ്ക്കും കേക്കുകളില്‍ ധാരാളം പേര്‍ 'വറൈറ്റി'കള്‍ പരീക്ഷിച്ചിരുന്നു. ആദ്യമേ സൂചിപ്പിച്ചത് പോലെ സോഷ്യല്‍ മീഡിയ തന്നെയാണ് ഇതിന് വേദിയായി മാറിയത്. അത്തരത്തില്‍ കേക്കുകളുടെ പ്രത്യേകത കൊണ്ട് മാത്രം ഇക്കാലയളവില്‍ ശ്രദ്ധിക്കപ്പെട്ട ചിലരുമുണ്ട്. 

ഇക്കൂട്ടത്തില്‍ പെടുന്നയാളാണ് യുകെയിലെ ചെസ്റ്റര്‍ സ്വദേശിയായ ഷെഫ്, ബെന്‍ കൂളനും. 'ദ ബേക്ക് കിംഗ്' എന്ന പേരില്‍ ബെന്‍ കൈകാര്യം ചെയ്യുന്ന ഇന്‍സ്റ്റഗ്രാം പേജിനെ കേക്കുകളുടെ ഒരു മായികലോകം തന്നെയായി ആളുകള്‍ കണക്കാക്കി. അത്രമാത്രം വ്യത്യസ്തമായ പരീക്ഷണങ്ങളായിരുന്നു ബെന്‍ കേക്കുകളില്‍ ചെയ്തത്. 

 

 

നിത്യോപയോഗ സാധനങ്ങള്‍, കൗതുകവസ്തുക്കള്‍, മൃഗങ്ങള്‍, പക്ഷികള്‍ എന്നുവേണ്ട സകല മാതൃകയിലും ബെന്‍ കേക്കുകള്‍ തയ്യാറാക്കി. എല്ലാം സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റ്. ഇപ്പോള്‍ കേക്ക് അല്ലാത്തതൊന്നും ബെന്നിന് ഈ പേജില്‍ പങ്കുവയ്ക്കാന്‍ പറ്റില്ലെന്ന അവസ്ഥയാണ്. 

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തന്റെ പ്രിയപ്പെട്ട മകളെയും കൈകളിലേന്തിയ ഒരു ചിത്രം ബെന്‍ ഈ പേജില്‍ പങ്കുവയ്ക്കുകയുണ്ടായി. അന്നേ ഈ ചിത്രം ചെറിയ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. ഇപ്പോഴിതാ വീണ്ടും ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. 

ബെന്‍ തന്റെ കുഞ്ഞിന്റെ കൂടെയുള്ള ഫോട്ടോ ഒരു സന്തോഷത്തിനാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ കുഞ്ഞാണോ, അതോ കുഞ്ഞിന്റെ രൂപത്തിലുള്ള കേക്കാണോ എന്നതായിരുന്നു ചിത്രം കണ്ട മിക്കവരുടെയും സംശയം. ചിത്രത്തിന് താഴെ തന്നെ കമന്റുകളുടെ രൂപത്തില്‍ ചര്‍ച്ച സജീവമായി. 

 

 

സത്യത്തില്‍ ഇത് ബെന്നിന്റെ മകള്‍ തന്നെയായിരുന്നു. മൂന്നാഴ്ച മാത്രമായിരുന്നു അപ്പോള്‍ അവള്‍ക്ക് പ്രായം. താന്‍ മുമ്പ് സുഹൃത്തുക്കള്‍ക്കും മറ്റ് പ്രിയപ്പെട്ടവര്‍ക്കുമെല്ലാമൊപ്പമുള്ള ചിത്രങ്ങള്‍ ഇതുപോലെ പോസ്റ്റ് ചെയ്തിരുന്നുവെന്നും എന്നാല്‍ കേക്കുകളുടെ ഫോട്ടോകള്‍ വൈറലായിത്തുടങ്ങിയതിന് ശേഷം എന്ത് ഫോട്ടോ പോസ്റ്റ് ചെയ്താലും ആളുകള്‍ തെറ്റിദ്ധരിക്കുകയാണെന്നും ബെന്‍ പിന്നീട് ഒരു അഭിമുഖത്തിലൂടെ പ്രതികരിച്ചിരുന്നു. 

 

 

കുഞ്ഞിന്റെ ഫോട്ടോ വിവാദമാകാന്‍ മറ്റൊരു കാരണവുമുണ്ട്. മുമ്പ് ബെന്‍ തന്നെ പിഞ്ചുകുഞ്ഞിന്റെ രൂപത്തിലുള്ള കേക്ക് തയ്യാറാക്കുകയും അതിന്റെ ചിത്രം ഇന്‍സ്റ്റ പേജില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും ബെന്നിന്റെയും മകളുടെയും ചിത്രം ഇപ്പോഴും ഇടവിട്ട് സോഷ്യല്‍ മീഡിയയില്‍ രസകരമായ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നുണ്ടെന്നത് കൗതുകകരമായ സംഗതി തന്നെ.

Also Read:- കണ്ടാല്‍ നല്ല അസല്‍ ഉള്ളി, തുറന്നാല്‍ മറ്റൊന്ന്; വീഡിയോ

click me!