'ഫോട്ടോ എഡിറ്റഡ്? അല്ല 'റിയല്‍...; ഹൃദയം നിറയ്ക്കുന്ന ചിത്രവുമായി ഫോട്ടോഗ്രാഫര്‍

Published : Oct 21, 2019, 07:53 PM IST
'ഫോട്ടോ എഡിറ്റഡ്? അല്ല 'റിയല്‍...; ഹൃദയം നിറയ്ക്കുന്ന ചിത്രവുമായി ഫോട്ടോഗ്രാഫര്‍

Synopsis

ഒരു പകല്‍ മുഴുവനും അണ്ണാന്‍ കുഞ്ഞുങ്ങളുടെ പടങ്ങളെടുത്തു. വൈകീട്ട് മടങ്ങുന്നതിന് തൊട്ടുമുമ്പായി ക്യാമറയ്ക്ക് മുന്നില്‍ വന്നുവീണ നിമിഷങ്ങളാണിതെന്നാണ് ഡിക് അവകാശപ്പെടുന്നത്

ഡച്ച് ഫോട്ടോഗ്രാഫറായ ഡിക് വാന്‍ ഡുജിന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ട ചിത്രങ്ങളാണിത്. ഒരു അണ്ണാന്‍ കുഞ്ഞ് സൂര്യകാന്തിപ്പൂവെടുത്ത് മണക്കുന്ന ചിത്രം. അതിന്റെ ഓരോ നിമിഷങ്ങളും ഓരോ ചിത്രങ്ങളാക്കി ഡിക്. 

എഡിറ്റഡ് ഫോട്ടോ ആണെന്ന് വിധിയെഴുതിയ ഇന്റര്‍നെറ്റ് ലോകത്തോട് ഡിക് പ്രഖ്യാപിച്ചു... 'ഇത് 100 ശതമാനം റിയലാണ്..' എങ്കിലും ഇപ്പോഴും ചിത്രത്തെ ചൊല്ലി അവിശ്വസനീയതയില്‍ തന്നെയാണ് സോഷ്യല്‍ മീഡിയ. 

വിയന്നയില്‍ 'ഗ്രൗണ്ട് സ്‌ക്വിരല്‍സ്' എന്നറിയപ്പെടുന്ന അണ്ണാന്‍ കുഞ്ഞുങ്ങളുടെ ചിത്രമെടുക്കാന്‍ പോയതാണത്രേ ഫോട്ടോഗ്രാഫര്‍മാരുടെ സംഘം. ഡിക്കും അക്കൂട്ടത്തിലുണ്ടായിരുന്നു. ഒരു പകല്‍ മുഴുവനും അണ്ണാന്‍ കുഞ്ഞുങ്ങളുടെ പടങ്ങളെടുത്തു. വൈകീട്ട് മടങ്ങുന്നതിന് തൊട്ടുമുമ്പായി ക്യാമറയ്ക്ക് മുന്നില്‍ വന്നുവീണ നിമിഷങ്ങളാണിതെന്നാണ് ഡിക് അവകാശപ്പെടുന്നത്. 

'ആദ്യദിവസം ഞങ്ങള്‍ ഈ അണ്ണാന്‍കുഞ്ഞുങ്ങളുടെ സ്വഭാവവും അവരുടെ പെരുമാറ്റരീതികളുമെല്ലാം മനസിലാക്കി. രണ്ടാം ദിവസം മുഴുവനായി അവരെ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചു. അന്ന് സൂര്യാസ്തമനത്തോടടുത്ത നേരം, തിരിച്ച് പോരാനൊരുങ്ങുകയായിരുന്നു ഞങ്ങള്‍. വെളിച്ചം നേര്‍ത്തുതുടങ്ങുകയായിരുന്നു. അതിമനോഹരമായിരുന്നു ആ കാലാവസ്ഥ. അപ്പോഴാണ് അണ്ണാന്‍ കുഞ്ഞുങ്ങള്‍ സൂര്യകാന്തിപ്പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്നയിടത്തേക്ക് കൂട്ടത്തോടെ പോകുന്നത് കണ്ടത്. അവരില്‍ ചിലര്‍ പൂക്കളെടുത്ത് മണക്കുന്നത് കണ്ടു. ക്യാമറ ക്ലിക്ക് ചെയ്യുമ്പോള്‍ അത്രയും മനോഹരമായ നിമിഷങ്ങളാണ് പകര്‍ത്തുന്നതെന്ന് ഞാന്‍ എന്നോടുതന്നെ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു...'- 'പെറ്റ പിക്‌സല്‍' എന്ന സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ ഡിക് പറയുന്നു. 

രണ്ട് ലക്ഷത്തിനടുത്ത് ഫോളോവേഴ്‌സ് ഇന്‍സ്റ്റഗ്രാമിലുള്ള ഫോട്ടോഗ്രാഫറാണ് ഡിക്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയിലും നാച്വര്‍ ഫോട്ടോഗ്രാഫിയിലുമെല്ലാം തന്റെ കഴിവ് മുമ്പ് പലതവണ തെളിയിച്ചതാണ് ഇദ്ദേഹം. അത്തരത്തിലുള്ളൊരു ഫോട്ടോഗ്രാഫര്‍ കള്ളം പറയില്ലെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. എന്തായാലും ഹൃദയം കവരുന്ന ചിത്രങ്ങളുടെ മനോഹാരിത കൊണ്ടോ എന്തോ ഫോട്ടോ 'റിയല്‍' ആണെന്ന് വിശ്വസിക്കാത്ത മറുവിഭാഗവും രംഗത്തുണ്ട്. 

 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ