തിളങ്ങുന്ന മുഖത്തിന് മഞ്ഞള്‍ കൊണ്ടൊരു സൂത്രം...

By Web TeamFirst Published Feb 27, 2020, 11:27 PM IST
Highlights

സ്‌ക്രബ്, മാസ്‌ക്, മസാജ് എന്നിങ്ങനെ ആവശ്യമായ ചര്‍മ്മസംരക്ഷണമെല്ലാം നമുക്ക് നടത്താവുന്നതാണ്. എന്നാല്‍ പുറമേയ്ക്കുള്ള ഇത്തരം കരുതലുകള്‍ മാത്രം മതിയോ ചര്‍മ്മം തിളക്കമുള്ളതാക്കാന്‍? ഇത് പോരെ എന്നതാണ് വസ്തുത. നല്ല ഡയറ്റ്, നല്ല ഉറക്കം, നല്ല ജീവിതശൈലി എന്നിവയെല്ലാം ചര്‍മ്മത്തിന്റെ ശോഭയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇതിനോട് ചേര്‍ത്തുവായിക്കാവുന്ന ഒരു വിഷയമാണ് ഇനി പറയുന്നത്

മുഖം തിളങ്ങാന്‍ നമ്മള്‍ പല കുറുക്കുവഴികളും തേടാറുണ്ട്. ചിലപ്പോള്‍ ബ്യൂട്ടി പാര്‍ലറുകളേയും മറ്റ് ചിലപ്പോള്‍ വീട്ടില്‍ ലഭ്യമാകുന്ന പ്രകൃതിദത്തമായ പദാര്‍ത്ഥങ്ങളേയും ഇതിനായി നമ്മള്‍ ആശ്രയിക്കാറുണ്ട്. സ്‌ക്രബ്, മാസ്‌ക്, മസാജ് എന്നിങ്ങനെ ആവശ്യമായ ചര്‍മ്മസംരക്ഷണമെല്ലാം നടത്താം. 

എന്നാല്‍ പുറമേയ്ക്കുള്ള ഇത്തരം കരുതലുകള്‍ മാത്രം മതിയോ ചര്‍മ്മം തിളക്കമുള്ളതാക്കാന്‍? ഇത് പോരെ എന്നതാണ് വസ്തുത. നല്ല ഡയറ്റ്, നല്ല ഉറക്കം, നല്ല ജീവിതശൈലി എന്നിവയെല്ലാം ചര്‍മ്മത്തിന്റെ ശോഭയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇതിനോട് ചേര്‍ത്തുവായിക്കാവുന്ന ഒരു വിഷയമാണ് ഇനി പറയുന്നത്. 

നമ്മുടെ ശരീരത്തില്‍ പല സമയങ്ങളിലായി പല മോശം പദാര്‍ത്ഥങ്ങളും അടിഞ്ഞുകൂടാറുണ്ട്. ഇത് ഭക്ഷണത്തിലൂടെ തന്നെയാകാം, അല്ലെങ്കില്‍ അന്തരീക്ഷത്തിലൂടെയാകാം, ഉപയോഗിക്കുന്ന വെള്ളത്തിലൂടെയോ, അല്ലെങ്കില്‍ സൗന്ദര്യവര്‍ധക വസ്തുക്കളിലൂടെയോ അങ്ങനെ ഏത് വഴിയുമാകാം. എന്തായാലും ഇത്തരത്തിലുള്ള അനാവശ്യമായപദാര്‍ത്ഥങ്ങള്‍ ആരോഗ്യത്തെ ബാധിക്കുന്നതിനൊപ്പം തന്നെ ക്രമേണ ചര്‍മ്മത്തിന്റെ തിളക്കത്തെയും ബാധിച്ചുതുടങ്ങും. 

ഈ പ്രശ്‌നം ഒഴിവാക്കാന്‍ ഇടയ്‌ക്കെങ്കിലും ശരീരത്തെ 'ഡീടോക്‌സിഫൈ' (വിഷവിമുക്തം) ആക്കേണ്ടതുണ്ട്. ഇതിനായി മഞ്ഞള്‍ കൊണ്ട് ചെയ്യാവുന്ന ഒരു പൊടിക്കൈ പറയാം. മഞ്ഞള്‍, നമുക്കറിയാം വിഷാംശത്തെ ഒഴിവാക്കാന്‍ വളരെ സഹായകമായിട്ടുള്ള ഒന്നാണ്. അതുപോലെ നിരവധി ഗുണങ്ങളാണ് മഞ്ഞളിനുള്ളത്. മഞ്ഞള്‍ കൊണ്ട് തയ്യാറാക്കാവുന്ന ഒരു പാനീയമാണ് പരിചയപ്പെടുത്തുന്നത്. 

രണ്ടോ മൂന്നോ കപ്പ് വെള്ളമെടുക്കുക. ഇതിലേക്ക് മഞ്ഞള്‍ ചെറുതായി മുറിച്ചത് ചേര്‍ക്കുക. ശേഷം ഇത് നന്നായി തിളപ്പിക്കുക. തിളച്ചുകഴിഞ്ഞാല്‍ വാങ്ങിവച്ച ശേഷം ഇതിലേക്ക് അല്‍പം തേനും നാരങ്ങാനീരും ചേര്‍ക്കാം. ആഴ്ചയിലൊരിക്കലെങ്കിലും ഇത് തയ്യാറാക്കി കുടിക്കുന്നത് ആരോഗ്യത്തിനും ചര്‍മ്മത്തിനുമെല്ലാം വളരെ നല്ലതാണ്. ചര്‍മ്മം ശുദ്ധിയാകുന്നതോടെ, അതിന് നല്ലത് പോലെ തിളക്കവും വയ്ക്കാന്‍ ഇത് സഹായിക്കും. 

click me!