പങ്കാളിയുമായി വൈകാരികമായ ബന്ധം സൂക്ഷിക്കാനാകുന്നില്ലേ?

By Web TeamFirst Published Jul 7, 2019, 11:09 PM IST
Highlights

പ്രണയവിവാഹത്തില്‍ ശാരീരികവും മാനസികവുമായ അടുപ്പവും ആത്മാര്‍ത്ഥതയും പുലര്‍ത്താന്‍ ആളുകള്‍ക്ക് പെട്ടെന്ന് കഴിയും എന്നാല്‍ അറേഞ്ച്ഡ് മാരീജില്‍ ചിലപ്പോഴൊക്കെ ആദ്യം സൂചിപ്പിച്ചത് പോലുള്ള പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത് സ്വാഭാവികമാണെന്നാണ് മുംബൈയില്‍ നിന്നുള്ള പ്രമുഖ കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റായ രചന അവത്രാമണി പറയുന്നത്

കുടുംബജീവിതത്തില്‍ വൈകാരികമായ ബന്ധത്തിന് വലിയ പ്രാധാന്യമുണ്ട്. എന്നാല്‍ പലപ്പോഴും ഭാര്യ-ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഇത്തരത്തിലുള്ള വൈകാരികബന്ധം ഉണ്ടാകാത്ത സാഹചര്യമുണ്ടാകാറുണ്ട്. ഇതിനെ മറികടക്കാന്‍ എന്താണ് ചെയ്യാനാവുക?

സാധാരണഗതിയില്‍ ശാരീരികമായ അടുപ്പം പുലര്‍ത്താന്‍ കഴിയാത്തവര്‍ ഡോക്ടര്‍മാരെ സമീപിച്ച് ഇതിന് വേണ്ട നിര്‍ദേശങ്ങള്‍ ആരായാറുണ്ട്. അത്ര തന്നെ പ്രാധാന്യത്തോടെ വൈകാരിക പ്രശ്‌നങ്ങളേയും കൈകാര്യം ചെയ്യുകയാണ് ആദ്യം വേണ്ടതെന്ന് സൈക്കോളജിസ്റ്റുകള്‍ പറയുന്നു. 

പ്രണയവിവാഹത്തില്‍ ശാരീരികവും മാനസികവുമായ അടുപ്പവും ആത്മാര്‍ത്ഥതയും പുലര്‍ത്താന്‍ ആളുകള്‍ക്ക് പെട്ടെന്ന് കഴിയും എന്നാല്‍ അറേഞ്ച്ഡ് മാരീജില്‍ ചിലപ്പോഴൊക്കെ ആദ്യം സൂചിപ്പിച്ചത് പോലുള്ള പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത് സ്വാഭാവികമാണെന്നാണ് മുംബൈയില്‍ നിന്നുള്ള പ്രമുഖ കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റായ രചന അവത്രാമണി പറയുന്നത്. 

ഇതിനെ അതിജീവിക്കാന്‍ ഭാര്യയും ഭര്‍ത്താവും മുന്‍കയ്യെടുക്കേണ്ടി വരുമെന്നാണ് ഇവര്‍ പറയുന്നത്. തങ്ങള്‍ക്കിടയില്‍ കാര്യമായ കെട്ടുറപ്പ് ഉണ്ടായിവരുന്നില്ലെന്ന് തിരിച്ചറിയുന്നത് തന്നെ നല്ല സൂചനയാണെന്നും ഇത് തിരിച്ചറിഞ്ഞ് കഴിഞ്ഞാല്‍പ്പിന്നെ ബോധപൂര്‍വ്വമായ ചില ഇടപെടലുകള്‍ നടത്തിത്തുടങ്ങണമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു. 

'വിവാഹം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ഭര്‍ത്താവുമായി വൈകാരികമായ ബന്ധം സ്ഥാപിക്കാനായില്ലെന്ന് പരാതിപ്പെട്ട യുവതിയോട് ഞാന്‍ അതിന്റെ വിശദാംശങ്ങള്‍ ചോദിച്ചു. നല്ലരീതിയിലുള്ള ശാരീരികബന്ധം അവര്‍ക്കിടയില്‍ നടക്കുന്നുണ്ട്. എന്നാല്‍ സമാനമായ ഇഷ്ടങ്ങളെ അടിസ്ഥാനപ്പെടുത്തി ഏതെങ്കിലും വിഷയത്തെ പറ്റി സംസാരിക്കുകയോ, ജീവിതത്തെക്കുറിച്ചുള്ള ചെറിയ ചിന്തകള്‍ പങ്കുവയ്ക്കുകയോ ഒക്കെ ചെയ്യുന്ന പോലുള്ള പതിവ് അവര്‍ക്കിടയില്‍ ഉണ്ടാകുന്നില്ലായിരുന്നു. ഭര്‍ത്താവ് വളരെ മാന്യനായ ഒരു മനുഷ്യനാണെന്നും യുവതി ആവര്‍ത്തിച്ച് പറഞ്ഞിരുന്നു...

...ഇത്തരം സന്ദര്‍ഭങ്ങളില്‍ തനിക്കും പങ്കാളിക്കും അല്‍പം സമയം അനുവദിക്കുകയാണ് വേണ്ടത്. പൊരുത്തമുള്ള വിഷയങ്ങളും ഇഷ്ടങ്ങളും കാഴ്ചപ്പാടുകളുമൊക്കെ ഒരാള്‍ മറ്റൊരാളില്‍ തിരഞ്ഞുകണ്ടെത്തണം. അല്ലാത്ത പക്ഷം ഒരിക്കലും ആത്മബന്ധത്തിലാകാന്‍ കഴിയാതെ പോയേക്കാം. കുറേയൊക്കെ മനോഭാവത്തിന്റെ പ്രശ്‌നം കൂടിയാണിത്. അറേഞ്ച്ഡ് മാരീജില്‍ ഇതൊക്കെ സാധാരണമാണ്. അത്രമാത്രം ആശങ്കപ്പെടേണ്ടതൊന്നുമില്ല. എന്നാല്‍ ബോധപൂര്‍വ്വം ഇതിനെ മാറ്റിയെടുക്കാന്‍ ഒരു ശ്രമം നമ്മുടെ ഭാഗത്ത് നിന്നുണ്ടാകണം. അധികം സമയം സംസാരിക്കാന്‍ കണ്ടെത്തുക. ഒരുമിച്ച് യാത്ര പോവുകയോ സിനിമ കാണുകയോ ചെയ്യുക. ഇതെല്ലാം പരിശീലിക്കാവുന്നതാണ്. പതിയെ പങ്കാളിയുടെ മനസ് അറിയാം. തനിക്ക് ഒത്തുപോകാനാകുന്ന ആള്‍ തന്നെയല്ലേ എന്ന സംശയം ഇതോടെ മാറ്റാം. പരമാവധി തുറന്നുള്ള സമീപനം തന്നെയാകണം ഇതില്‍ പുലര്‍ത്തേണ്ടത്...'- രചന പറയുന്നു.

click me!