വയറ്റില്‍ മുട്ട കുടുങ്ങി; ഒടുവില്‍ കോഴിക്ക് സിസേറിയന്‍...

By Web TeamFirst Published Feb 15, 2020, 5:36 PM IST
Highlights

മുട്ടയിടാന്‍ കഴിയാതെയായ തന്റെ കോഴിയേയും കൊണ്ട് കൊല്ലം വെറ്ററിനറി കേന്ദ്രത്തിലേക്ക് ഒരാളെത്തി. എന്താണ് കോഴിക്ക് സംഭവിച്ചതെന്നറിയാന്‍ ഡോക്ടര്‍മാര്‍ ആദ്യം ഒരു എക്‌സ് റേ എടുത്തുനോക്കുകയാണ് ചെയ്തത്. അപ്പോഴാണ് വയറ്റിനുള്ളില്‍ രണ്ട് മുട്ടകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് മനസിലായത്. മയക്കിക്കിടത്തിയ ശേഷം ഒരു മുട്ട, ഡോക്ടര്‍മാര്‍ പുറത്തെടുത്തു. എന്നാല്‍ രണ്ടാമത്തെ മുട്ട അത്തരത്തില്‍ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല

സുഖപ്രസവത്തിന് തടസം സംഭവിക്കുന്ന സാഹചര്യങ്ങളില്‍ ഡോക്ടര്‍മാര്‍ സിസേറിയന്‍ നിര്‍ദേശിക്കാറുണ്ട്, അല്ലേ? മുമ്പത്തെ അപേക്ഷിച്ച് സിസേറിയനോടുള്ള പേടിയും ആശങ്കയുമൊക്കെ നമുക്കിപ്പോള്‍ കുറവാണ്. ഒന്നാമത്, അത്രമാത്രം സാധാരണമായിക്കഴിഞ്ഞു, സിസേറിയന്‍. രണ്ടാമതായി ആരോഗ്യരംഗം നല്ലതോതില്‍ മെച്ചപ്പെട്ടിരിക്കുന്നു എന്ന വസ്തുതയും നമുക്ക് ആശ്വാസമേകും. 

കാര്യമിങ്ങനെയൊക്കെയാണെങ്കിലും ഇതെല്ലാം നമ്മള്‍ മനുഷ്യരുടെ കാര്യത്തിലല്ലേ ബാധകമാകൂ. നമുക്ക് പകരം ഏതെങ്കിലും മൃഗമോ പക്ഷിയോ ആണെങ്കിലോ? സാധാരണനിലയിലുള്ള പ്രസവം നടന്നില്ലെങ്കില്‍ സിസേറിയന്‍ എന്ന ആശയത്തിലേക്ക് നമ്മളും ഡോക്ടര്‍മാരും എത്തുമോ? 

കാലം മാറി, മൃഗമായാലും പക്ഷിയായാലും ശരി, ആവശ്യമായി വന്നാല്‍ സിസേറിയനും അതിലധികവും നമ്മള്‍ നടത്തും എന്നതാണ് സത്യം. കൊല്ലത്ത് ഇക്കഴിഞ്ഞ ദിവസം നടന്ന ഒരപൂര്‍വ്വ സംഭവം ഇതിന് തെളിവാണ്. 

മുട്ടയിടാന്‍ കഴിയാതെയായ തന്റെ കോഴിയേയും കൊണ്ട് കൊല്ലം വെറ്ററിനറി കേന്ദ്രത്തിലേക്ക് ഒരാളെത്തി. എന്താണ് കോഴിക്ക് സംഭവിച്ചതെന്നറിയാന്‍ ഡോക്ടര്‍മാര്‍ ആദ്യം ഒരു എക്‌സ് റേ എടുത്തുനോക്കുകയാണ് ചെയ്തത്. അപ്പോഴാണ് വയറ്റിനുള്ളില്‍ രണ്ട് മുട്ടകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് മനസിലായത്. മയക്കിക്കിടത്തിയ ശേഷം ഒരു മുട്ട, ഡോക്ടര്‍മാര്‍ പുറത്തെടുത്തു. എന്നാല്‍ രണ്ടാമത്തെ മുട്ട അത്തരത്തില്‍ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. 

അങ്ങനെയാണ് സിസേറിയന്‍ എന്ന തീരുമാനത്തിലേക്ക് ഡോക്ടര്‍മാര്‍ എത്തിയത്. അത് വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. മുട്ടയിടാന്‍ കഴിയാതിരിക്കുന്ന അവസ്ഥ കോഴികളില്‍ ഇടയ്‌ക്കെല്ലാം കാണാറുണ്ടെങ്കിലും മുട്ട വയറ്റിനകത്ത് കുടുങ്ങിക്കിടക്കുന്ന സാഹചര്യം അത്ര പതിവല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നിലവില്‍ കോഴിയുടെ നില തൃപ്തികരമാണ്. 

ഏതായാലും 'കോഴിക്ക് സിസേറിയന്‍' എന്ന സംഭവം നാട്ടുകാരില്‍ ഏറെ കൗതുകമുണ്ടാക്കിയിട്ടുണ്ട്. ഒപ്പം തന്നെ വളര്‍ത്തുമൃഗങ്ങളാണെങ്കിലും പക്ഷികളാണെങ്കിലും അവയുടെ ജീവന് ഒരാപത്ത് നേരിട്ടാല്‍ അതിനെ അതിജീവിക്കാനുള്ള ഉപാധികളും സൗകര്യങ്ങളും ലഭ്യമാണെന്ന അറിവും ഏറെ സന്തോഷം പകരുന്നതാണ്. 

click me!