കുട്ടി ലൈംഗികമായി അതിക്രമിക്കപ്പെടാന്‍ ഇടയുണ്ട് എന്നതിന്‍റെ പ്രധാനപ്പെട്ട അപകടസൂചനകള്‍ ഇവയൊക്കെ

By Web TeamFirst Published Jun 21, 2019, 3:15 PM IST
Highlights

13 വയസ്സില്‍ താഴെയുള്ള കുട്ടികളെക്കുറിച്ച് ചിന്തിക്കുമ്പോഴും അവരെ കാണുമ്പോഴും ഇവരില്‍ ലൈംഗിക ഉത്തേജനം അനുഭവപ്പെടുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് പീഡോഫീലിയ കൂടുതലായി കണ്ടുവരുന്നത്‌. യൗവനാരംഭത്തില്‍ തുടക്കം കുറിക്കുന്ന ഇത്തരം വികലമായ ലൈംഗിക ആസക്തി മാറ്റം വരാതെ കാലങ്ങളോളം പീഡോഫൈലുകളില്‍ നിലനില്‍ക്കുന്നു.

പ്രായപൂർത്തിയാവാത്ത കുട്ടിയോട് പ്രായപൂർത്തിയായ ആൾക്ക് തോന്നുന്ന ലൈംഗിക ആസക്തിയാണ് ‘പീഡോഫീലിയ’. ഇത്തരം വികലമായ മാനസികാവസ്ഥയുള്ള ആളെ ‘പീഡോഫൈല്‍’ എന്നു പറയുന്നു. പതിനാറ് വയസിൽ കുറയാതെ പ്രായവും, ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന കുട്ടികളെക്കാള്‍ അഞ്ചു വയസ്സെങ്കിലും കൂടുതലുമായിരിക്കും പീഡോഫൈലുകള്‍ക്ക്.

13 വയസ്സില്‍ താഴെയുള്ള കുട്ടികളെക്കുറിച്ച് ചിന്തിക്കുമ്പോഴും അവരെ കാണുമ്പോഴും ഇവരില്‍ ലൈംഗിക ഉത്തേജനം അനുഭവപ്പെടുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് പീഡോഫീലിയ കൂടുതലായി കണ്ടുവരുന്നത്‌. യൗവനാരംഭത്തില്‍ തുടക്കം കുറിക്കുന്ന ഇത്തരം വികലമായ ലൈംഗിക ആസക്തി മാറ്റം വരാതെ കാലങ്ങളോളം
പീഡോഫൈലുകളില്‍ നിലനില്‍ക്കുന്നു.

കുട്ടി ലൈംഗികമായി അതിക്രമിക്കപ്പെടാന്‍ ഇടയുണ്ട് എന്നതിന്‍റെ അപകടസൂചനകള്‍...

1. കുട്ടിയുടെ പക്കല്‍ മറ്റാരെങ്കിലും കൊടുത്ത സമ്മാനപ്പൊതികളോ കളിപ്പാട്ടങ്ങളോ കണ്ടാല്‍ അത് ആരു തന്നു എന്ന് അന്വേഷിക്കുക.

2. കുട്ടികളെ ചില കാര്യങ്ങളില്‍ രഹസ്യം സൂക്ഷിക്കാന്‍ ആരെങ്കിലും  പ്രേരിപ്പിക്കുന്നുണ്ടെന്നു ശ്രദ്ധയില്‍പ്പെട്ടാല്‍ അതിന്‍റെ കുഴപ്പങ്ങള്‍ കുട്ടിയെ പറഞ്ഞു മനസിലാക്കുക.

3. ലൈംഗിക ചുവയുള്ള തമാശകള്‍ ആരെങ്കിലും കുട്ടിയോട് പറഞ്ഞതായി കുട്ടി പറഞ്ഞറിഞ്ഞാല്‍ പ്രതികരിക്കുക, അവരെ ഒഴിവാക്കാന്‍ കുട്ടിയെ പഠിപ്പിക്കുക.

4. കുട്ടികളെ നോക്കാന്‍ ആളെ നിയമിക്കുമ്പോള്‍ അവരുടെ വിശ്വാസ്യത ഉറപ്പു വരുത്തുക.

ഇരകളായ കുട്ടികളോട് പറയേണ്ടത്...

പലപ്പോഴും പീഡോഫൈല്‍ നിയമത്തിന് മുന്നില്‍ വരുന്നത് അതിക്രമം ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞാകും (കോളിളക്കം സൃഷ്ടിച്ച ലാറി നാസ്സര്‍ കേസിലും മറ്റും നാം ഇതു കണ്ടതാണ്). ഇരയായ കുട്ടികള്‍ വലുതായി കഴിയുമ്പോഴാകും താന്‍ പണ്ട് ലൈംഗികമായി ഉപയോഗിക്കപ്പെടുകയായിരുന്നു എന്ന് തന്നെ മനസ്സിലാക്കുന്നത്‌. എന്നാല്‍ വലുതായതിനു ശേഷമുണ്ടാകുന്ന ഈ തിരിച്ചറിവ് ഇരയായവരില്‍ ചിലരില്‍ കുറ്റബോധം ഉണ്ടാക്കുന്ന അവസ്ഥയുണ്ട്. 

പ്രത്യേകിച്ചും അടുത്ത ഒരു ബന്ധുവോ വളരെ അടുപ്പമുള്ള ആരെങ്കിലുമാണ് അതു ചെയ്തതെങ്കില്‍. അന്ന് തനിക്കത്‌ തടയാനായില്ലല്ലോ എന്ന ചിന്ത അവരെ ചിലപ്പോള്‍ വേട്ടയാടും. പലരും മാതാപിതാക്കളെ ഇത് അറിയിക്കാതെ ഇരിക്കുകയോ, ചില മാതാപിതാക്കള്‍ അറിഞ്ഞിട്ടും പ്രതികരിക്കാതെ ഇരിക്കുകയോ ചെയ്യും (പ്രത്യേകിച്ചും ഒരു
ബന്ധുവാണ് അതു ചെയ്തതെങ്കില്‍). പീഡോഫീലിയയ്ക്ക് ഇരയായ കുട്ടികള്‍ അതിന്‍റെ ഭീതിയില്‍ ജീവിതകാലം മുഴുവന്‍ കഴിയേണ്ടതില്ല. കുറ്റബോധം മനസ്സില്‍ കൊണ്ടുനടക്കേണ്ട കാര്യമില്ല.

എന്നവര്‍ക്കു പറഞ്ഞു കൊടുക്കാം. ഒരിക്കലും അത് കുട്ടിയുടെ തെറ്റല്ല, ലൈംഗിക വൈകൃതം ഉള്ള ഒരാളുടെ ഇരയാകേണ്ടി വരിക മാത്രമാണ് ഉണ്ടായത് എന്ന് അവരെ പറഞ്ഞു മനസ്സിലാക്കാം. സ്കൂളുകളിലും മറ്റും ഇതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ ക്ലാസുകള്‍ അനിവാര്യമാണ്. ആവശ്യമെങ്കില്‍ കുട്ടികള്‍ക്ക് മന:ശാസ്ത്ര വിദഗ്ദ്ധരുടെ സഹായവും ലഭ്യമാക്കാം. 

വീട്ടില്‍ ഉള്ളവരില്‍ നിന്നും എന്തെങ്കിലും തരത്തിലുള്ള പീഡനങ്ങള്‍ കുട്ടി അനുഭവിക്കുന്നതായി അദ്ധ്യാപകരുടെ ശ്രദ്ധയില്‍പെട്ടാല്‍ ഒട്ടും വൈകാതെ തന്നെ അതു റിപ്പോര്‍ട്ട്‌ ചെയ്യുക. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാനുള്ള
പ്രവണത ഒരു വിധത്തിലും ന്യായീകരിക്കാനാവുന്നതല്ല. അത് അതീവ ഗുരുതരമായ കുറ്റകൃത്യമായതിനാല്‍ കുറ്റവാളികൾ തീർച്ചയായും ശിക്ഷിക്കപ്പെടണം..

എഴുതിയത്:

പ്രിയ വർ​ഗീസ് 
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്

click me!