ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉപയോഗിക്കും മുമ്പ് ശ്രദ്ധിക്കുക!

By Web TeamFirst Published Jul 19, 2021, 11:20 PM IST
Highlights

വണ്ണം കുറയ്ക്കാനും മുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിനും അഴകിനും വേണ്ടി ആപ്പിള്‍ സൈഡര്‍ വിനിഗര്‍ വാങ്ങി ഉപയോഗിക്കുന്നവരും കുറവല്ല. എന്നാല്‍ ചില കാര്യങ്ങളെ കുറിച്ച് മുന്‍ധാരണകളില്ലെങ്കില്‍ ഇതിന്റെ ഉപയോഗം തെറ്റായ ഫലമുണ്ടാക്കുമെന്നാണ് പ്രമുഖ ലൈഫ്‌സ്‌റ്റൈല്‍ കോച്ചായ ലൂക്ക് കുടീഞ്ഞ്യോ പറയുന്നത്

ആപ്പിള്‍ സൈഡര്‍ വിനിഗറിനെ കുറിച്ച് നിങ്ങളില്‍ മിക്കവരും കേട്ടിരിക്കാന്‍ സാധ്യതയുണ്ട്. വണ്ണം കുറയ്ക്കാന്‍ എന്ന് തുടങ്ങി മുടിയുടെയും നഖത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്താന്‍ വരെ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉപയോഗിക്കാമെന്ന് പലരും പറഞ്ഞുകേള്‍ക്കാറുണ്ട്. അതുപോലെ തന്നെ വീഡിയോകളിലും റിപ്പോര്‍ട്ടുകളിലുമെല്ലാം ഇക്കാര്യം എല്ലാവരും എടുത്തുപറയാറുമുണ്ട്. 

ഇവയെ എല്ലാം അടിസ്ഥാനപ്പെടുത്തി വണ്ണം കുറയ്ക്കാനും മുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിനും അഴകിനും വേണ്ടി ആപ്പിള്‍ സൈഡര്‍ വിനിഗര്‍ വാങ്ങി ഉപയോഗിക്കുന്നവരും കുറവല്ല. എന്നാല്‍ ചില കാര്യങ്ങളെ കുറിച്ച് മുന്‍ധാരണകളില്ലെങ്കില്‍ ഇതിന്റെ ഉപയോഗം തെറ്റായ ഫലമുണ്ടാക്കുമെന്നാണ് പ്രമുഖ ലൈഫ്‌സ്‌റ്റൈല്‍ കോച്ചായ ലൂക്ക് കുടീഞ്ഞ്യോ പറയുന്നത്. 

ആദ്യമായി വണ്ണം കുറയ്ക്കാനായി ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉപയോഗിക്കുന്നവര്‍ അറിയാന്‍ വേണ്ടി ഒരു ഓര്‍മ്മപ്പെടുത്തല്‍ നടത്തുകയാണ് ലൂക്ക്. പെട്ടെന്ന് വണ്ണം കുറയ്ക്കാനായി പ്രത്യേകിച്ച് ഒരു മാജിക് മരുന്നും പ്രാബല്യത്തിലില്ലെന്നും അത്തരം മിഥ്യാധാരണകള്‍ വേണ്ടെന്നുമാണ് ആമുഖമായി അദ്ദേഹം പറയുന്നത്. 

 

 

ഹോര്‍മോണുകളുടെ 'ബാലന്‍സ്' കൃത്യമാകുന്നതോടെയാണ് വണ്ണം ഒതുങ്ങുന്നതെന്നും അതിന് മികച്ച ഡയറ്റും ജീവിതരീതിയും വ്യായാമവും ഉറക്കക്രമവും എല്ലാം വേണമെന്നും സമ്മര്‍ദ്ദങ്ങള്‍ അകറ്റിനിര്‍ത്താന്‍ സാധിക്കണമെന്നും ലൂക്ക് ഓര്‍മ്മിപ്പിക്കുന്നു. ഇതിനിടെ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ പോലുള്ള ഉത്പന്നങ്ങളും സഹായമായേക്കാം. അല്ലാതെ അത് മാത്രം ഉപയോഗിക്കുന്നത് കൊണ്ട് ഒരിക്കലും വണ്ണം കുറയ്ക്കാന്‍ സാധിക്കില്ലെന്ന് ലൂക്ക് എടുത്തുപറയുന്നു. 

ഇനി ആപ്പിള്‍ സൈഡര്‍ വിനിഗര്‍ കഴിക്കുമ്പോഴോ ചര്‍മ്മത്തില്‍ പ്രയോഗിക്കുമ്പോഴോ ആദ്യം അത് അവരവരുടെ ശരീരപ്രകൃതിക്കും ആരോഗ്യത്തിനും യോജിക്കുന്നതാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കഴിയുമെങ്കില്‍ ഒരു ഡയറ്റീഷ്യന്റെയോ ന്യൂട്രീഷ്യനിസ്റ്റിന്റെയോ നിര്‍ദേശം തേടിയ ശേഷം മാത്രം ഇത് ഉപയോഗിച്ച് തുടങ്ങുന്നതാണ് ഉത്തമമെന്നും അദ്ദേഹം പറയുന്നു. 

'നമ്മുടെ ശരീരത്തിന് യോജിക്കുന്നതാണെങ്കില്‍ അവ കൃത്യമായ രീതിയില്‍ കൃത്യമായ അളവില്‍ ഉപയോഗിക്കുന്നതിലൂടെ മറ്റ് പരിശ്രമങ്ങളുടെ കൂടെ കൂട്ടത്തില്‍ ഫലം നല്‍കാം. പൊതുവേ ദഹനരസം കുറഞ്ഞിരിക്കുന്നവരിലാണ് ആപ്പിള്‍ സൈഡര്‍ വിനിഗര്‍ നല്ല ഫലം നല്‍കാറുള്ളത്. ദഹനരസം കുറഞ്ഞവരില്‍ ദഹനപ്രവര്‍ത്തനങ്ങളും കുറഞ്ഞിരിക്കും. ആപ്പിള്‍ സൈഡര്‍ വിനിഗര്‍ കഴിക്കുന്നതോടെ ദഹനരസം കൂടുതലായി ഉത്പാദിപ്പിക്കപ്പെടുകയും ദഹനം സുഗമമായി നടക്കുകയും ചെയ്യുന്നു...'- ലൂക്ക് പറയുന്നു. 

 

 

നേരത്തേ അസിഡിറ്റി പോലുള്ള ദഹനപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉപയോഗിക്കുമ്പോള്‍ ഡോക്ടറുടെ നിര്‍ദേശം തേടുന്നതാണ് ഉചിതമെന്നും അല്ലാത്ത പക്ഷം ഒരുപക്ഷേ പ്രശ്‌നം കുറെക്കൂടി സങ്കീര്‍ണമായി മാറാമെന്നും ലൂക്ക് പറയുന്നു. 

താരന്‍ അകറ്റാനും ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉപയോഗിക്കുന്നവരുണ്ട്. ഇതിനായി ആപ്പിള്‍ സൈഡര്‍ വിനിഗറെടുക്കുമ്പോള്‍ ഇരട്ടി അളവില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും അല്ലാത്തപക്ഷം പൊള്ളാനിടയുണ്ടെന്നും അദ്ദേഹം പറയുന്നു.

Also Read:- മദ്യപിക്കുന്നത് വണ്ണം കൂട്ടും; ആരോഗ്യകരമായി മദ്യപാനത്തെ കൈകാര്യം ചെയ്യാന്‍ മൂന്ന് മാര്‍ഗങ്ങള്‍...

click me!