
ദിവസവും മുക്കാല്‍ മണിക്കൂര്‍ നേരമെങ്കിലും നടക്കുന്നത് ശരാശരി ആരോഗ്യമുള്ള ഒരു വ്യക്തിയെ സംബന്ധിച്ച് വളരെ നല്ല കാര്യമാണ്. ആകെ ആരോഗ്യത്തേയും 'പൊസിറ്റീവ്' ആയി സ്വാധീനിക്കാന്‍ ഈ ശീലത്തിനാകും. എന്നാല്‍ വണ്ണം കുറയ്ക്കാന്‍ വേണ്ടി നടക്കുന്നവരാണെങ്കിലോ?
ഇവിടെയാണ് വ്യത്യസ്തമായ വാദവുമായി ഒരു കൂട്ടം ഗവേഷകരെത്തുന്നത്. 'ബ്രിഗ്ഹാം യംഗ് യൂണിവേഴ്‌സിറ്റി'യില്‍ നിന്നുള്ള ഈ ഗവേഷകര്‍ നടത്തവും വണ്ണം കുറയുന്നതും തമ്മിലുള്ള ബന്ധം പരീക്ഷിക്കാന്‍ ഒരു പ്രായോഗിക പരീക്ഷണം നടത്തിനോക്കി.
തെരഞ്ഞെടുത്ത 120 പേരെ വച്ച് നടത്തിയ പരീക്ഷണം ആറ് മാസം നീണ്ടുനിന്നതായിരുന്നു. ആഴ്ചയില്‍ ആറ് ദിവസവും 10,000 മുതല്‍ 15,000 അടി വരെ ഇവരെക്കൊണ്ട് നടത്തിച്ചു. ഇതില്‍ ചിലര്‍, പറഞ്ഞതിലും കൂടുതല്‍ നടന്നു. തുടര്‍ന്ന് ഇവരുടെ തൂക്കത്തില്‍ വരുന്ന വ്യത്യാസവും ഗവേഷകര്‍ നിരീക്ഷിച്ചു.
എന്നാല്‍ കാര്യമായ മാറ്റമൊന്നും തൂക്കത്തിലുണ്ടായില്ലെന്നാണ് ഇവര്‍ കണ്ടെത്തിയത്. അതായത്, ദിവസവും 10,000 മുതല്‍ 15,000 ചുവടുകള്‍ (സാധാരണ ഒരാള്‍ നടക്കുന്നതിലും അധികം വന്നേക്കാം ഈ ദൂരം) നടന്നാലും അത് വണ്ണം കുറയ്ക്കാന്‍ സഹായിക്കില്ലെന്നാണ് ഇവരുടെ നിഗമനം. ശരീരവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന മറ്റ് പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കാനും ആരോഗ്യം മെച്ചപ്പെടുത്താനും നടത്തം സഹായിച്ചേക്കാം, എന്നാല്‍ വണ്ണം കുറയ്ക്കാന്‍ ഇത് അത്രമാത്രം അനുയോജ്യമായ ഒരു വ്യായാമമുറയല്ലെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.