Samantha Ruth Prabhu : നാഗചൈതന്യയുടെ പേരുമായി ബന്ധപ്പെട്ട് ടാറ്റൂ; ഒരിക്കലും ചെയ്യരുതായിരുന്നുവെന്ന് സാമന്ത

By Web TeamFirst Published Apr 18, 2022, 12:11 PM IST
Highlights

ടാറ്റൂ ചെയ്യുന്നതുമായി ബന്ധപ്പെട്ട് എല്ലായ്‌പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ് മറ്റൊരാളുടെ പേര് സ്വന്തം ശരീരത്തില്‍ രേഖപ്പെടുത്തുന്ന സംഗതി. ഇത് പങ്കാളിയുടേതായാല്‍ പോലും അത് നല്ല തീരുമാനമല്ലെന്നാണ് ടാറ്റൂ ആര്‍ട്ടിസ്റ്റുകള്‍ തന്നെ പറയുന്നത്

ദക്ഷിണേന്ത്യയിലെ പ്രമുഖ താരജോഡിയായിരുന്ന ( Star Couple )  സാമന്തയും നാഗചൈതന്യയും ( Samantha and Naga Chaithanya )  വേര്‍പിരിഞ്ഞത് വലിയ വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കുമെല്ലാം വഴിവച്ചിരുന്നു. ഏറെ നാള്‍ നിലനിന്ന അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് ഇരുവരും തങ്ങളുടെ വിവാഹബന്ധം വേര്‍പെടുത്തിയതായി പ്രഖ്യാപിച്ചത്. 

2021 ഒക്ടോബറിലായിരുന്നു വേര്‍പിരിയുന്നതായി ഇരുവരും ഔദ്യോഗികമായി അറിയിച്ചത്. 2017 ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹം. 'യേ മായ ചെസാവേ' എന്ന തന്റെ ആദ്യ ചിത്രത്തിലൂടെയാണ് സാമന്ത നാഗചൈതന്യയെ പരിചയപ്പെടുന്നത്. പിന്നീട് ഇവരുടെ ബന്ധം പ്രണയത്തിലേക്ക് നീങ്ങുകയായിരുന്നു. 

പ്രണയം പോലെ തന്നെ ഇവരുടെ വിവാഹവും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രത്യേകിച്ച് നാഗചൈതന്യയുടേത് ഒരു താരകുടുംബമാണെന്നതാണ് ഈ രീതിയില്‍ ഇരുവരുടെയും ബന്ധത്തിന് വലിയ ശ്രദ്ധ ലഭിക്കാന്‍ കാരണം. ഇത്തരത്തില്‍ ഏറെ ആഘോഷിക്കപ്പെട്ട ബന്ധം അവസാനിക്കുമ്പോഴും അതേ തോതില്‍ ശ്രദ്ധ കിട്ടിയെന്ന് വേണം പറയാന്‍. 

വേര്‍പിരിഞ്ഞ ശേഷം സാമന്ത ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നാഗചൈതന്യക്കൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും നീക്കം ചെയ്തതും നാഗചൈതന്യയെ അണ്‍ഫോളോ ചെയ്തതുമെല്ലാം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ നാഗചൈതന്യയുടെ പേരുമായി ബന്ധപ്പെട്ട് താന്‍ ചെയ്ത ടാറ്റൂകളില്‍ പരോക്ഷമായി ഖേദം പ്രകടിപ്പിക്കുകയാണ് സാമന്ത. 

 

 

ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കുന്ന സെഷനിലാണ് സാമന്ത ഇക്കാര്യം സൂചിപ്പിച്ചത്. ടാറ്റൂ ഐഡിയകള്‍ നല്‍കാമോ എന്ന ആരാധകന്റെ ചോദ്യത്തിന് താന്‍ ടാറ്റൂ ചെയ്തതില്‍ ഖേദിക്കുന്നു, അത് ചെയ്യരുതായിരുന്നു എന്നായിരുന്നു താരം പ്രതികരിച്ചത്. 

 

 

നാഗചൈതന്യക്കൊപ്പം ചെയ്ത ആദ്യ ചിത്രമായ 'യേ മായ ചെസാവേ' എന്ന ചിത്രത്തെയും അതിനൊപ്പം നാഗചൈതന്യയെയും ഓര്‍മ്മിപ്പിക്കുന്ന ഒരു ടാറ്റൂ, നാഗചൈതന്യയുടെ വിളിപ്പേരായ 'ചായ്' എന്ന ടാറ്റൂ, കപ്പിള്‍ ടാറ്റൂ എന്നിവയാണ് സാമന്ത ചെയ്തിട്ടുള്ളത്. ഇവയെല്ലാം തന്നെ മുമ്പ് സാമന്ത തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ആഹ്ലാദപൂര്‍വ്വം ആരാധകര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളതാണ്. 

എന്നാലിന്ന് ഇതില്‍ ഖേദിക്കുന്നുവെന്നാണ് സാമന്ത നല്‍കുന്ന സൂചന. ആരാധകന്റെ ചോദ്യത്തിന് മറുപടിയായി ഇന്‍സ്റ്റഗ്രാം സ്റ്റോറി വീഡിയോയില്‍ രണ്ട് തവണയാണ് ടാറ്റൂ ചെയ്യരുതായിരുന്നു എന്ന് സാമന്ത ആവര്‍ത്തിച്ച് പറയുന്നത്. 

ടാറ്റൂ ചെയ്യുന്നതുമായി ബന്ധപ്പെട്ട് എല്ലായ്‌പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ് മറ്റൊരാളുടെ പേര് സ്വന്തം ശരീരത്തില്‍ രേഖപ്പെടുത്തുന്ന സംഗതി. ഇത് പങ്കാളിയുടേതായാല്‍ പോലും അത് നല്ല തീരുമാനമല്ലെന്നാണ് ടാറ്റൂ ആര്‍ട്ടിസ്റ്റുകള്‍ തന്നെ പറയുന്നത്. ഇത്തരം ടാറ്റൂകള്‍ ചെയ്ത ശേഷം പിന്നീട് വേണ്ടായിരുന്നു എന്ന് തോന്നുന്നവര്‍ നിരവധിയാണ്. ഇന്ന് ടാറ്റൂ ഡിസൈനുകള്‍ മായ്ച്ചുകളയാനും മറ്റ് ഡിസൈനുകളാക്കി മാറ്റിയെടുക്കാനുമെല്ലാമുള്ള സാഹചര്യങ്ങളുണ്ടെങ്കില്‍ പോലും ഡിസൈന്‍ ഉറപ്പിക്കും മുമ്പ് തന്നെ വേണ്ടത്ര ആലോചിച്ച് തീരുമാനമെടുക്കുന്നതാണ് ഉചിതം. ഇക്കാര്യം തന്നെയാണ് സാമന്തയുടെ അനുഭവവും ചൂണ്ടിക്കാട്ടുന്നത്. 

Also Read:- ആരാധകന്റെ കൈ പിടിച്ച് സന്തോഷത്തോടെ സണ്ണി ലിയോണ്‍; വീഡിയോ

click me!