
സിഡ്‌നി: സ്റ്റീവ് ഇര്‍വിനെ അത്ര പെട്ടെന്നൊന്നും മൃഗസ്‌നേഹികൾ മറക്കാൻ വഴിയില്ല. ദി ക്രൊക്കഡൈല്‍ ഹണ്ടര്‍ ടെലിവിഷന്‍ പരമ്പരയിലൂടെ ലോകപ്രശസ്‍തനായ അന്തരിച്ച ഓസ്ട്രേലിയന്‍ വന്യജീവി സംരക്ഷകന്‍ സ്റ്റീവ്‍ ഇര്‍വിന്‍ ഇന്നും ജനങ്ങളുടെ മനസിൽ ജീവിക്കുന്നു.
ഡിസ്‌കവറി ചാനലിലൂടെ സ്റ്റീവ് ഇര്‍വിനും ക്രോക്കഡൈല്‍ ഹണ്ടര്‍ പരിപാടിയും ലോകമെങ്ങും ഹിറ്റായി. ഇര്‍വിന്റെ ഓര്‍മ്മകള്‍ക്ക് മനോഹരമായ നിറങ്ങള്‍ നല്‍കുകയാണ് മകന്‍ റോബര്‍ട്ട് ഇര്‍വിനും. മകൻ റോബര്‍ട്ട് ഇര്‍വിന്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരിക്കുന്നത്.
അച്ഛന്റെ അതേ വഴിയാണ് താനും പിന്തുടരുന്നതെന്ന് പ്രഖ്യാപിക്കുകയാണ് ചിത്രത്തിലൂടെ റോബര്‍ട്ട് ഇര്‍വിന്‍. 15 വർഷം മുമ്പ് പിതാവ് സ്റ്റീവ് മുതലയ്ക്ക് തീറ്റ കൊടുക്കുന്ന ചിത്രം പങ്കുവച്ച മകൻ അതേ മൃഗശാലയിലെ അതേ സ്ഥലത്ത് അതേ മുതലയ്ക്ക് തീറ്റയിട്ടു കൊടുക്കുന്ന ചിത്രാണ് ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.
അച്ഛനും ഞാനും മുറേയ്ക്ക് തീറ്റകൊടുക്കുന്നു. അതേ സ്ഥലം, അതേ മുതല. രണ്ട് ചിത്രങ്ങൾക്കും ഇടയിൽ 15 വർഷത്തെ അകലം. ഇതായിരുന്നു ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. പിതാവിനോട് വളരെയധികം സാമ്യമാണ് മകനുളളത്. കാൽ പോലും അച്ഛന്റെ അതേപടിയാണെന്ന് ചിലര്‍ കമന്റ് ചെയ്തു. 2006 സെപ്തംബർ നാലിനായിരുന്നു സ്റ്റീവ് മരിച്ചത്.