
പോയ വര്‍ഷമാണ് റഷ്യയിലെ മഞ്ഞ് മൂടിക്കിടക്കുന്ന പ്രദേശത്ത് നിന്ന് ചെന്നായക്കുഞ്ഞിന്റേതെന്ന് തോന്നിക്കുന്ന ശരീരം നാട്ടുകാര്‍ക്ക് ലഭിക്കുന്നത്. ഐസില്‍ പുതഞ്ഞുകിടന്ന നിലയിലായിരുന്നു ഇത്.
മാസങ്ങള്‍ പഴക്കമുള്ള ഒരു ശരീരം ഐസില്‍ കിടന്ന് മരവിച്ചത് എന്ന് മാത്രമേ നാട്ടുകാര്‍ അപ്പോള്‍ കരുതിയുള്ളൂ. എന്നാല്‍ ഗവേഷകര്‍ക്ക് സംഗതി കയ്യില്‍ കിട്ടിയപ്പോള്‍ മുതല്‍ സംശയമായിരുന്നു, ഇവന്‍ ചില്ലറക്കാരനല്ലെന്ന് അവര്‍ തീര്‍ച്ചപ്പെടുത്തി.
അങ്ങനെ വാരിയെല്ല് പരിശോധിച്ചപ്പോള്‍ 18,000 വര്‍ഷം പഴക്കമുള്ള ജീവിയാണ് ഇതെന്ന് വ്യക്തമായി. ചെന്നായയുമല്ല നായയുമല്ല എന്ന ആശയക്കുഴപ്പവും അതോടെ തുടങ്ങി. ചെന്നായയില്‍ നിന്ന് നായയിലേക്കുള്ള പരിണാമകാലത്ത് ജീവിച്ച ജീവിയാകാം എന്ന നിഗമനത്തിലാണ് ഒരു വിഭാഗം ഗവേഷകര്‍.
നിലവില്‍ ശാസ്ത്രജ്ഞര്‍ 'ഡോഗര്‍' എന്ന് വിളിക്കുന്ന ഈ ജീവിയുടെ ശരീരം റഷ്യയിലെ ഒരു മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്, സ്വീഡനില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നുമെല്ലാം ഡോഗറിനെ കുറിച്ച് പഠിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് നിരവധി ഗവേഷകരാണ് രംഗത്തെത്തിയിരിക്കുന്നത്.
രോമത്തിനും പല്ലുകള്‍ക്കുമൊന്നും കേടുപാട് സംഭവിച്ചിട്ടില്ലാത്തതിനാല്‍ ഇനിയും കൂടുതല്‍ പഠനങ്ങള്‍ ഡോഗര്‍ പര്യാപ്തനാണെന്ന് ഗവേഷകര്‍ പറയുന്നു. എന്തായാലും വിശദമായ ഒരു പഠനത്തിന് തന്നെയാണ് ഗവേഷകര്‍ ഇനി മുന്നിട്ട് ഇറങ്ങുന്നത്. ദുരൂഹതകളും സംശയങ്ങളുമെല്ലാം നീങ്ങുമ്പോള്‍ ഭൂമിയുടെ ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന നിര്‍ണ്ണായകമായ പല വിവരങ്ങളും ഡോഗറില്‍ നിന്ന് ലഭിക്കുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.