9 മണിക്കൂര്‍ ഉറക്കം, ശമ്പളം ഒരു ലക്ഷം; വിചിത്രമായ ഏഴ് തൊഴിലവസരങ്ങള്‍...

By Web TeamFirst Published Nov 28, 2019, 11:28 PM IST
Highlights

കേട്ട മാത്രയില്‍ നമ്മള്‍ മൂക്കത്ത് വിരല്‍ വയ്ക്കുന്നത് പോലെ വിചിത്രമായ പല ജോലികളും ലോകത്ത് നടക്കുന്നുണ്ട്. അതിനെല്ലാം അഭിരുചിയുള്ളവരെ ആവശ്യക്കാര്‍ തെരഞ്ഞെടുത്ത് നല്ല ശമ്പളവും കൊടുത്ത് ജോലിക്കെടുക്കുന്നുമുണ്ട്. അത്തരത്തില്‍ ഒറ്റനോട്ടത്തില്‍ 'വിചിത്രം' എന്ന് തോന്നുന്ന ഏഴ് തൊഴിലവസരങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്

നമുക്ക് കണ്ടും കേട്ടും വായിച്ചും അറിഞ്ഞുമെല്ലാം സുപരിചിതമായ പല ജോലികളുമുണ്ട്. എന്നാല്‍ ഇതിനൊക്കെ അപ്പുറം കേട്ട മാത്രയില്‍ നമ്മള്‍ മൂക്കത്ത് വിരല്‍ വയ്ക്കുന്നത് പോലെ വിചിത്രമായ പല ജോലികളും ലോകത്ത് നടക്കുന്നുണ്ട്. അതിനെല്ലാം അഭിരുചിയുള്ളവരെ ആവശ്യക്കാര്‍ തെരഞ്ഞെടുത്ത് നല്ല ശമ്പളവും കൊടുത്ത് ജോലിക്കെടുക്കുന്നുമുണ്ട്. അത്തരത്തില്‍ ഒറ്റനോട്ടത്തില്‍ 'വിചിത്രം' എന്ന് തോന്നുന്ന ഏഴ് തൊഴിലവസരങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. 

ഒന്ന്...

'സ്ലീപ് സൊലൂഷന്‍ കമ്പനി'യായ 'വേക്ക്ഫിറ്റ്.കോ' ഈയടുത്തിടെ ഒരു പരസ്യമിറക്കി. ഉറങ്ങാന്‍ ആളെ ആവശ്യമുണ്ട്. ദിവസം ഒമ്പത് മണിക്കൂര്‍ നേരം സുന്ദരമായി ഉറങ്ങണം. അതാണ് ജോലി. അടിസ്ഥാന യോഗ്യത വെറും ബിരുദവും നന്നായി ഉറങ്ങാനുള്ള കഴിവും. ശമ്പളമെത്രയെന്ന് കേള്‍ക്കണോ? ഒരു ലക്ഷം രൂപ. നിലവില്‍ മറ്റെന്തെങ്കിലും ജോലി ചെയ്യുന്നവരാണെങ്കില്‍ 'സൈഡ്' ആയി ഇത് ചെയ്താലും മതി. ജോലിയില്‍ പ്രാഗത്ഭ്യം തെളിയിച്ചാല്‍ ശമ്പളത്തിന് പുറമെ പല ആനുകൂല്യങ്ങളും. 

രണ്ട്...

നിങ്ങള്‍ എപ്പോഴും സ്വയം നിങ്ങളുടെ തന്നെ കക്ഷം മണത്തുനോക്കാറുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കിതാ ഒരവസരം എന്നാണ് അടുത്ത പരസ്യം. ഇതൊക്കെ ഒരു കഴിവാണോ, ഇതിലൊക്കെ എന്ത് ജോലി തരാനാണ് എന്ന് ആലോചിക്കാന്‍ വരട്ടേ. 

 

 

മണം പിടിക്കുന്നതിന് പ്രാധാന്യമുള്ള ഒരു ജോലിയാണ് സംഗതി. ഡിയോഡ്രന്റുകള്‍ നിര്‍മ്മിക്കുന്ന കമ്പനികളാണ് ഇത്തരക്കാര്‍ക്ക് ജോലി കൊടുക്കുന്നത്. പുതുതായി ഉത്പാദിപ്പിക്കുന്ന ഡിയോഡ്രന്റുകള്‍ പലരിലും പ്രയോഗിച്ച ശേഷം അതിന്റെ ഗുണമേന്മയും വാസനയുടെ ദൈര്‍ഘ്യവും വിലയിരുത്താനാണ് ഇത്തരക്കാരെ ആവശ്യമായി വരുന്നതത്രേ.

മൂന്ന്...

വാടകയ്ക്ക് കെട്ടിപ്പിടിക്കാനും വാരിപ്പുണരാനും ഒരാള്‍. അതും ഏജന്‍സികള്‍ മുഖാന്തരം നടത്തുന്ന ഒരു ജോലി തന്നെ. പല വിദേശരാജ്യങ്ങളിലും ഇങ്ങനെ വാടകയ്ക്ക് കെട്ടിപ്പിടിക്കാന്‍ ആളുകളും ലഭ്യമാണ് അവര്‍ക്ക് ആവശ്യക്കാരുമുണ്ട് എന്നതാണ് ശ്രദ്ധേയം. 

നാല്...

മീന്‍പിടിക്കാന്‍ പോകുന്നവര്‍ക്കറിയാം മണ്ണിരയുടെ വില. മീന്‍ കൊത്താന്‍ ഇരയായി കോര്‍ക്കുന്നത് മിക്കപ്പോഴും മണ്ണിരയെ ആയിരിക്കും. പലയിടങ്ങളിലും ഇങ്ങനെ ഇരയായി കോര്‍ക്കാനുള്ള മണ്ണിര പോലും കടകളില്‍ നിന്ന് വാങ്ങാന്‍ കിട്ടും. ഇതെങ്ങനെ? അതെ, അതും ഒരു ജോലിയാണ്. മണ്ണിരയെ പിടിച്ച് കടകളില്‍ വില്‍പനയ്ക്കായി എത്തിക്കുക. 

അഞ്ച്...

നിങ്ങള്‍ക്ക് അതിമനോഹരമായ കൈകളുണ്ടോ? നിങ്ങളുടെ കാലുകള്‍ വശ്യമാണോ? നിങ്ങളുടെ തോളുകള്‍ ആകര്‍ഷകമാണോ? ഇതാ നിങ്ങള്‍ക്കൊരവസരം. 

 

 

എന്താണെന്നല്ലേ, 'ബോഡി പാര്‍ട്ട്' മോഡലിംഗ്. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന മോഡലിംഗ് രംഗത്ത് വളരെയധികം ഡിമാന്‍ഡുള്ള ഒരു ഭാഗമാണ് 'ബോഡി പാര്‍ട്ട്' മോഡലിംഗ്. ശരീരത്തിന്റെ ഏതെങ്കിലും പ്രത്യേക അവയവം മാത്രമാണ് ഇവിടെ പ്രദര്‍ശിപ്പിക്കപ്പെടുന്നത് എന്ന് മാത്രം. 

ആറ്...

എന്തെങ്കിലുമൊരാവശ്യത്തിനായി എവിടെയെങ്കിലും പോയി അല്‍പനേരം ക്യൂവില്‍ നില്‍ക്കാത്തവരായി ആരെങ്കിലും കാണുമോ? ഇല്ലെന്നാണ് തോന്നുന്നത്. ഇങ്ങനെ ക്യൂ നില്‍ക്കാന്‍ പകരത്തിന് ഒരാളെ കിട്ടിയിരുന്നെങ്കിലോ എന്ന് മടുപ്പോടെ അന്നേരമെല്ലാം ചിന്തിച്ചിട്ടുണ്ടോ? എങ്കിലിതാ അതിനുമുണ്ട് പരിഹാരം. ക്യൂ നില്‍ക്കാന്‍ നിങ്ങള്‍ക്ക് സമയമോ ആരോഗ്യമോ ഇല്ലെങ്കില്‍ അറിയിച്ചാല്‍ മാത്രം മതി, പകരം ആള്‍ സ്ഥലത്തെത്തും. മണിക്കൂറിന് ഇത്ര എന്ന നിലയില്‍ കൂലി നല്‍കണമെന്ന് മാത്രം. 

ഏഴ്...

സുഖകരമായ അന്തരീക്ഷത്തില്‍ നല്ലൊരു കിടക്കയില്‍ കിടന്ന് മതിയാവോളം ഉറങ്ങാന്‍ ഇഷ്ടമുള്ളവര്‍ക്ക് അതും ജോലിയാക്കാം. കിടക്ക നിര്‍മ്മാതാക്കളായ കമ്പനികളാണ് ഇത്തരം ജോലി വാഗ്ദാനം ചെയ്യുന്നത്. എത്ര നേരം, എത്ര സുഖകരമായാണ് ഉറങ്ങുന്നത് എന്നതിന് അനുസരിച്ച് കിടക്കയുടെ ഗുണമേന്മ നിശ്ചയിക്കുകയാണ് ഇവരുടെ ലക്ഷ്യം. 

click me!