മരണക്കിടക്കയില്‍ നിന്ന് അച്ഛനെ രക്ഷിക്കാന്‍ ഏഴ് വയസുകാരിയുടെ പോരാട്ടം...

By Web TeamFirst Published Nov 3, 2020, 2:57 PM IST
Highlights

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഈ സന്തുഷ്ട കുടുംബത്തിലേക്ക് രോഗത്തിന്റെ രൂപത്തില്‍ ദുര്‍വിധി കടന്നെത്തുന്നത്. മക്കള്‍ക്കൊപ്പം മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ, പെട്ടെന്ന് ഡിഗോയ്ക്ക് ആകെയൊരു വിറയലുണ്ടായി. തുടര്‍ന്ന് അപസ്മാരം വന്നയാളെപ്പോലെ വിറച്ചുകൊണ്ട് താഴെ വീഴുകയും ബോധരഹിതനാവുകയും ചെയ്തു

സന്തോഷപൂര്‍വ്വം തന്റെ ഭാര്യക്കും മക്കള്‍ക്കുമൊപ്പം ജീവിച്ചുവരികയായിരുന്നു ഡീഗോ വെര്‍നിക് എന്ന ടാറ്റൂ ആര്‍ട്ടിസ്റ്റ്. മൂന്ന് പെണ്‍കുഞ്ഞുങ്ങളും ഏറ്റവും ഇളയതായി ഒരാണ്‍കുഞ്ഞുമാണ് ഡീഗോയ്ക്ക്. സിഡ്‌നിയില്‍ ഒരു സാധാരണ കുടുംബത്തിലെ അംഗമായി ജനിച്ച ഇദ്ദേഹത്തിന് പറയത്തക്ക സാമ്പത്തിക അടിത്തറയൊന്നുമുണ്ടായിരുന്നില്ല. 

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഈ സന്തുഷ്ട കുടുംബത്തിലേക്ക് രോഗത്തിന്റെ രൂപത്തില്‍ ദുര്‍വിധി കടന്നെത്തുന്നത്. മക്കള്‍ക്കൊപ്പം മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ, പെട്ടെന്ന് ഡിഗോയ്ക്ക് ആകെയൊരു വിറയലുണ്ടായി. തുടര്‍ന്ന് അപസ്മാരം വന്നയാളെപ്പോലെ വിറച്ചുകൊണ്ട് താഴെ വീഴുകയും ബോധരഹിതനാവുകയും ചെയ്തു. 

കുട്ടികള്‍ ബഹളം വച്ചപ്പോഴാണ് അവരുടെ അമ്മയായ ഹെയ്‌ലി പോലും സംഭവം അറിയുന്നത്. തുടര്‍ന്ന് അയല്‍ക്കാരുടെ സഹായത്തോടെ അവര്‍ ഡീഗോയെ അടുത്തുള്ളൊരു ആശുപത്രിയിലെത്തിച്ചു. അവിടെ വച്ച് നടത്തിയ പരിശോധനകളില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ അല്‍പം കൂടി മെച്ചപ്പെട്ട ആശുപത്രിയിലെത്തി പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കി. 

 

 

ഈ പരിശോധനകള്‍ക്കൊടുവിലാണ് ഡീഗോയ്ക്ക് തലച്ചോറില്‍ അര്‍ബുദമാണെന്ന് മനസിലായത്. സഹായിക്കാന്‍ പറയത്തക്ക ആരും ഇല്ലാത്ത കുടുംബം അതോടെ മാനസികമായി തകര്‍ന്നു. ചികിത്സ തുടങ്ങിയതോടെ സാമ്പത്തികമായും ഇവര്‍ ദുരിതത്തിലായി. അല്‍പം സങ്കീര്‍ണ്ണമായൊരു ശസ്ത്രക്രിയ വേണമെന്ന ഘട്ടമെത്തിയപ്പോള്‍ ഇതിനുള്ള പണത്തിനായി എന്തുചെയ്യണമെന്നറിയാതെ ഹെയ്‌ലി കുഴങ്ങി. 

പലരുടെയും സഹായം തേടി അവര്‍ അലഞ്ഞുനടന്നു. കണ്‍മുന്നില്‍ അച്ഛന്‍ തളര്‍ന്നുവീഴുന്നത് കണ്ട മക്കള്‍ക്ക് അതൊരു ആഘാതമായിരുന്നു. 'എന്തുവന്നാലും ഡാഡി മരിക്കേണ്ട', എന്ന് ഏഴുവയസുകാരിയായ ലൂണ ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടിരുന്നു. ഇതിനിടെ തനിക്കെന്ത് ചെയ്യാന്‍ കഴിയുമെന്നും ആ കൊച്ചു പെണ്‍കുട്ടി ചിന്തിച്ചു. 

ഒടുവില്‍ ചിത്രം വരയ്ക്കാനുള്ള തന്റെ കഴിവിനെ ഉപയോഗപ്പെടുത്താന്‍ ലൂണ തീരുമാനിച്ചു. ചെറിയ ടവലുകളില്‍ ഭംഗിയുള്ള ചിത്രങ്ങള്‍ വരച്ച് അവള്‍ അത് അമ്മയുടെ സഹായത്തോടെ വില്‍ക്കാന്‍ തുടങ്ങി. മരണക്കിടക്കയില്‍ നിന്ന് അച്ഛനെ രക്ഷിക്കാനുള്ള ഏഴുവയസുകാരിയുടെ ശ്രമമാണ് അതെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ നിരവധി ആളുകളാണ് കൊച്ചു ലൂണയുടെ ചിത്രങ്ങളുള്ള ടവലുകള്‍ വാങ്ങാനെത്തിയത്. അങ്ങനെ മോശമല്ലാത്തൊരു തുക ലൂണ മാത്രം സംഘടിപ്പിച്ചു. ഇപ്പോള്‍ ശസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഡീഗോ. 

 

 

ലൂണയെക്കുറിച്ച് കേട്ടും വായിച്ചും അറിഞ്ഞവരില്‍ പലരും ഈ കുടുംബത്തിന് സഹായം നല്‍കുന്നുണ്ട്. തന്റെ ജീവന് വേണ്ടി മക്കള്‍ പോലും പൊരുതുമ്പോള്‍ സധൈര്യം രോഗത്തെ നേരിടാന്‍ തന്നെയാണ് ഡീഗോയുടെയും തീരുമാനം. 

Also Read:- കൂട്ടില്‍ക്കിടക്കുന്ന കരിമ്പുലിയെ 'സ്‌നേഹിക്കാന്‍' പണം കൊടുത്തു; അമ്പതുകാരന് കിട്ടിയത് വമ്പന്‍ പണി...

click me!