മൃഗങ്ങളോട് സ്‌നേഹവും കൗതുകവുമൊക്കെ തോന്നുന്ന ധാരാളം പേരുണ്ട്. മിക്കവര്‍ക്കും വളര്‍ത്തുമൃഗങ്ങളോടാകാം ഇത്തരത്തിലുള്ള ഇഷ്ടമെല്ലാം തോന്നുക. എന്നാല്‍ ചിലരുണ്ട്, അവര്‍ക്ക് വന്യമൃഗങ്ങളോടായിരിക്കും കൗതുകം കൂടുതല്‍. അത്തരക്കാര്‍ ട്രക്കിംഗിനും മറ്റുമെല്ലാം താല്‍പര്യമെടുക്കാറുണ്ട്. 

കാട്ടില്‍ പോവുക, വന്യമൃഗങ്ങളെ കാണുക എന്നതെല്ലാം ആസ്വദിക്കുന്നവര്‍. എന്നാല്‍ വേണ്ട പരിശീലനമില്ലാതെ മൃഗങ്ങളുമായി അടുത്തിടപഴകാനും ആഗ്രഹിച്ചാലോ! അത്തരത്തിലുള്ള സ്‌നേഹം ഒരുപക്ഷം മൃഗങ്ങള്‍ക്ക് മനസിലാകണമെന്നില്ല. 

ഇതിന് സമാനമായൊരു സംഭവത്തെ കുറിച്ചാണ് ഫ്‌ളോറിഡയില്‍ നിന്നും കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരിക്കുന്നത്. വന്യമൃഗങ്ങളോട് ഏറെ താല്‍പര്യമുള്ള ഡൈ്വറ്റ് ടേണര്‍ എന്ന അമ്പതുകാരന്‍ കരിമ്പുലിയോടുള്ള ഇഷ്ടം കൊണ്ട് ഒരു സ്വകാര്യ വന്യജീവി സങ്കേതത്തിലെ ഉടമസ്ഥന് പണം നല്‍കി കരിമ്പുലിയോട് അടുത്തിടപഴകാനുള്ള സന്ദര്‍ഭമൊരുക്കി. 

നിയമവിരുദ്ധമായി പല മൃഗങ്ങളേയും താമസിപ്പിക്കുകയും പണം വാങ്ങി ഇത്തരത്തില്‍ ആളുകള്‍ക്ക് സന്ദര്‍ശനത്തിനുള്ള അവസരമുണ്ടാക്കുകയും ചെയ്യുന്നയാളായിരുന്നു വന്യജീവി സങ്കേതത്തിന്റെ ഉടമസ്ഥന്‍. ഏതാണ്ട് പതിനായിരത്തിലധികം രൂപ വാങ്ങിയാണ് ഇയാള്‍ ടേണറിന് കരിമ്പുലിയുമായി അടുത്തിടപഴകാനുള്ള സമയം അനുവദിച്ചത്. 

എന്നാല്‍ സാഹസികമായ തന്റെ ആഗ്രഹം നിറവേറ്റും മുമ്പ് തന്നെ ടേണര്‍ക്ക് വമ്പന്‍ പണി കിട്ടി. കൂട്ടില്‍ കയറി സെക്കന്‍ഡുകള്‍ക്കകം തന്നെ പുലി ടേണറുടെ തല വായിലാക്കി. ഭാഗ്യത്തിന് പരിക്കുകള്‍ മാത്രമാണ് സംഭവിച്ചത്. ഒരു ചെവിയും പുലി കടിച്ചെടുത്തു. എന്തായാലും സംഭവം കയ്യില്‍ നിന്ന് പോയതായി മനസിലാക്കിയ വന്യജീവി സങ്കേതത്തിന്റെ ഉടമ പെട്ടെന്ന് തന്നെ ടേണറെ രക്ഷപ്പെടുത്തി. 

ആശുപത്രിയില്‍ പല തവണ ശസ്ത്രക്രിയയ്ക്ക് വിധേയനായ ടേണര്‍ ഇപ്പോള്‍ വന്യജീവി സങ്കേതത്തിനും ഉടമയ്ക്കുമെതിരായി നിയമനടപടിക്ക് ഒരുങ്ങുകയാണ്. മുമ്പും സമാനമായ കേസ് ഇയാള്‍ക്കെതിരെ ഫയല്‍ ചെയ്യപ്പെട്ടതായും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Also Read:- കുഞ്ഞിനെക്കൊല്ലാൻ വന്ന പുലിയെ നേരിട്ട് അമ്മപ്പട്ടി, മറ്റു തെരുവുനായ്ക്കളും കൂടെച്ചേർന്നപ്പോൾ തോറ്റോടി പുലി...