ഫോണിനോട് 'അഡിക്ഷന്‍' ആയോ? രക്ഷപ്പെടാന്‍ വഴിയുണ്ട്...

By Web TeamFirst Published Apr 9, 2020, 11:00 PM IST
Highlights

ചെറുപ്പക്കാര്‍ മാത്രമല്ല, പ്രായമായവരും ഇത്തരത്തില്‍ ഫോണ്‍ 'അഡിക്ഷനി'ല്‍ പെട്ടുപോകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്. പ്രത്യേകിച്ച് കൊവിഡ് 19നെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ കൂടിയായതോടെ ഈ പ്രശ്നം ഇരട്ടിയായി വര്‍ധിച്ചിച്ച് കാണാനേ സാധ്യതയുള്ളൂ. കാരണം മിക്കവരും ഉറക്കം പോലും നഷ്ടപ്പെടുത്തിക്കൊണ്ട് സോഷ്യല്‍ മീഡിയയിലും മറ്റുമായി എപ്പോഴും ഫോണില്‍ത്തന്നെയാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ ശാരീരികമായും മാനസികമായും ഈ പ്രശ്നം നിങ്ങളെ വിഴുങ്ങിക്കളയുമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്

പുതുതലമുറയെ സംബന്ധിച്ച് മൊബൈല്‍ ഫോണ്‍ കൂടാതെ കഴിയാന്‍ അവര്‍ക്ക് വളരെ ബുദ്ധിമുട്ടാണ്. മിക്കവരും രാവിലെ എഴുന്നേല്‍ക്കുന്നത് തന്നെ മൊബൈലിലേക്ക് നോക്കിക്കൊണ്ടാണ്. പിന്നീട് ദിവസം മുഴുവന്‍ എവിടെപ്പോയാലും എന്ത് ചെയ്താലും ഫോണ്‍ കൂടെത്തന്നെ കാണും. രാത്രി വീണ്ടും കിടക്കയുടെ വശത്തായി ഫോണ്‍ വയ്ക്കും. 

ചെറുപ്പക്കാര്‍ മാത്രമല്ല, പ്രായമായവരും ഇത്തരത്തില്‍ ഫോണ്‍ 'അഡിക്ഷനി'ല്‍ പെട്ടുപോകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്. പ്രത്യേകിച്ച് കൊവിഡ് 19നെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ കൂടിയായതോടെ ഈ പ്രശ്നം ഇരട്ടിയായി വര്‍ധിച്ചിച്ച് കാണാനേ സാധ്യതയുള്ളൂ. കാരണം മിക്കവരും ഉറക്കം പോലും നഷ്ടപ്പെടുത്തിക്കൊണ്ട് സോഷ്യല്‍ മീഡിയയിലും മറ്റുമായി എപ്പോഴും ഫോണില്‍ത്തന്നെയാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ ശാരീരികമായും മാനസികമായും ഈ പ്രശ്നം നിങ്ങളെ വിഴുങ്ങിക്കളയുമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. 

അതിനാല്‍ത്തന്നെ ഇത്തരത്തിലൊരു 'അഡിക്ഷന്‍' ഉണ്ടെങ്കില്‍ സ്വയം അത് കണ്ടെത്തേണ്ടത് അനിവാര്യമാണ്. കണ്ടെത്തിയാല്‍ മാത്രം പോര. അതിനെ പരിഹരിക്കാനും ചിലത് ചെയ്യേണ്ടതുണ്ട്. അത്തരത്തില്‍ ഫോണ്‍ 'അഡിക്ഷനെ' മറികടക്കാന്‍ സഹായിക്കുന്ന നാല് 'സിമ്പിള്‍' സൂത്രങ്ങള്‍ പറയട്ടേ, 

ഒന്ന്...

പലരും നോട്ടിഫിക്കേഷന്‍ ശബ്ദങ്ങളിലാണ് പ്രധാനമായും വീണുപോകതുന്നത്. ഫോണ്‍ നോക്കേണ്ടെന്ന് തീരുമാനിച്ച് മാറ്റിവച്ചാലും ഈ ശബ്ദം കേട്ടാല്‍ എടുത്ത് നോക്കും. പിന്നെ ഫോണ്‍ താഴെ വയ്ക്കണമെങ്കില്‍ മണിക്കൂറൊന്ന് കഴിയേണ്ട അവസ്ഥയാണ്. അതിനാല്‍ നോട്ടിഫിക്കേഷനുകള്‍ ഓഫ് ചെയ്തിടുക എന്നത് ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ നല്ലൊരു മാര്‍ഗമാണ്. ഇതി പരിശീലിച്ചുകഴിഞ്ഞാല്‍ ശീലമാകാവുന്നതേയുള്ളൂ. 

രണ്ട്...

ഫോണ്‍ ഉപയോഗം കൂടുന്നുവെന്ന് മനസിലാക്കിയാല്‍ ഇടയ്ക്കിടെ സ്വയം ശാസിക്കാന്‍ പഠിക്കുക. ആ സമയം മറ്റെന്തിനെങ്കിലും വേണ്ടി മാറ്റിവയ്ക്കാനും ശ്രമിക്കാം. പാചക പരീക്ഷണങ്ങള്‍, പൂന്തോട്ട പരിപാലനം, ക്രാഫ്റ്റ് വര്‍ക്ക്, പെയിന്റിംഗ്, വായന, എഴുത്ത് അങ്ങനെ ഏതിലേക്കും ശ്രദ്ധ തിരിക്കാം. 

മൂന്ന്...

വെറുതെ മടി പിടിച്ചിരിക്കുമ്പോഴാണ് കൂടുതലും ഫോണിലേക്ക് ചായ്വ് വരുന്നത്. അതിനാല്‍ എപ്പോഴും സ്വയം തിരക്കിലാക്കി വയ്ക്കാന്‍ ശ്രമിക്കുക. ജോലി, വീട്ടുജോലി അങ്ങനെ എന്തിലെങ്കിലും മുഴുകുക. 

നാല്...

ഫോണില്‍ കുത്തിപ്പിടിച്ചിരുന്ന് ഉറക്കം നഷ്ടമാകുന്നുവെന്ന് ഈ ലോക്ക്ഡൗണ്‍ കാലത്ത് പലരും പരാതിപ്പെടുന്നത് കേള്‍ക്കാം. ഈ പ്രശ്നം ഒഴിവാക്കാന്‍ പരാതി പറയുന്നതിനുമപ്പുറം സ്വയം ഒരു ശ്രദ്ധ നല്‍കുകയാണ് വേണ്ടത്. ഫോണ്‍ 'ഡു നോട്ട് ഡിസ്റ്റര്‍ബ്' മോഡിലിട്ട് ഉറങ്ങാന്‍ ശ്രമിച്ചൂടെ? ഏതാനും ദിവസത്തേക്ക് അല്‍പം ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. എങ്കിലും പതിയെ ഇതിനോട് ശരീരവും മനസും പരുവപ്പെടും. എല്ലാം ശീലങ്ങളാണ്, അത് നമ്മള്‍ തന്നെയാണ് ഉണ്ടാക്കുന്നത് എന്നും മനസിലാക്കുക.

click me!