ലൈംഗിക ആരോഗ്യത്തെ കുറിച്ചും അനാരോഗ്യകരമായ സെക്സ് ഫാന്‍റസികളെ കുറിച്ചും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും പ്രമുഖ സെക്സ് തെറപ്പിസ്റ്റുമായ ഡോ. കെ പ്രമോദ് സംസാരിക്കുന്നു.

തുറന്ന് സംസാരിക്കാൻ ആളുകൾ മടി കാണിക്കുന്ന ലൈംഗികതയെ കുറിച്ച് ശരിയായ അറിവും അവബോധവും വളർത്താനായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ആരംഭിച്ച ഒരു അഭിമുഖ പരമ്പരയാണ് 'Sex Ed. Matters'. അഭിമുഖത്തില്‍ ലൈംഗിക ആരോഗ്യത്തെ കുറിച്ചും അനാരോഗ്യകരമായ സെക്സ് ഫാന്‍റസികളെ കുറിച്ചും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും പ്രമുഖ സെക്സ് തെറപ്പിസ്റ്റുമായഡോ. കെ പ്രമോദ് സംസാരിക്കുന്നു.

ലൈംഗിക വിദ്യാഭ്യാസക്കുറവും ചൂഷ്ണങ്ങളും!

90കളിലാണ് ആദ്യമായി ലൈംഗിക ആരോഗ്യത്തെ പറ്റി എഴുതി തുടങ്ങിയത്. കേരളത്തില്‍ അന്ന് വളരെ പ്രശസ്തമായിട്ടുള്ള പല മാസികകളിലും പത്രങ്ങളിലും ഇതുമായി ബന്ധപ്പെട്ട് ധാരാളം ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ഏഷ്യാനെറ്റില്‍ 'രതിസുഖസാരേ' എന്ന പരിപാടി ചെയ്ത സമയത്ത് ധാരാളം കത്തുകള്‍ ഞങ്ങള്‍ക്ക് കിട്ടാറുണ്ടായിരുന്നു. ഈ കത്തുകളില്‍ മുഴുവന്‍ ലൈംഗിക കാര്യങ്ങളെ കുറിച്ചുള്ള സംശയങ്ങളും അബദ്ധധാരണകളും പല മണ്ടത്തരങ്ങളും ആയിരുന്നു. കേരളീയ സമൂഹത്തിന് അന്ന് ഇത്തരം കാര്യങ്ങളെ കുറിച്ച് വളരെയധികം അജ്ഞത അഥവാ അറിവില്ലായ്മ ഉണ്ടായിരുന്നുവെന്ന് അപ്പോഴാണ് മനസിലായത്. ഈ അറിവില്ലായ്മയെ ചൂഷ്ണം ചെയ്തുകൊണ്ട് യാതൊരു യോഗ്യതയും ഇല്ലാത്ത വ്യാജ ചികിത്സകന്മാരും അന്ന് ധാരാളമുണ്ടായിരുന്നു. ലൈംഗിക പ്രശ്നങ്ങള്‍ കാരണമുള്ള വിവാഹ മോചനങ്ങളും അന്ന് ഏറെയുണ്ടായിരുന്നു. ശരിക്കും ലൈംഗിക പ്രശ്നങ്ങളെ പരിഹരിക്കാനായി ഒരു ആശുപത്രി വേണമെന്ന ചിന്തയുണ്ടായത് അക്കാലത്താണ്.

എന്താണ് ശരിയായ ലൈംഗികാരോഗ്യം?

ലൈംഗികാരോഗ്യത്തിന് അഞ്ച് ഘടകങ്ങളുണ്ട്. ശാരീരികം (physical), മാനസികപരം (psychological), വൈകാരികം (emotional), സാമൂഹികം (social), ആത്മീയം (spiritual) എന്നിവയാണീ ഘടകങ്ങള്‍. ഈ എല്ലാ മേഖലകളിലും ഒരു വൃക്തിക്ക് സംതൃപ്തി ലഭിക്കുന്നതാകണം ലൈംഗികത. ശാരീരികമായ അനാരോഗ്യം ലൈംഗികാരോഗ്യത്തെയും ബാധിക്കാം. ഉദാഹരണത്തിന്, ഉദ്ധാരണക്കുറവ് (Erectile Dysfunction) വന്ന ഒരാള്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏല്‍പ്പെടാന്‍ കഴിയാതെ വരാം. വൈകാരിക ബന്ധവും ലൈംഗിക ബന്ധത്തില്‍ പ്രധാനമാണ്. അതുപോലെ തന്നെ ഉത്കണ്ഠ, വിഷാദം, സ്ട്രെസ് തുടങ്ങിയ മാനസികപരമായ പ്രശ്നങ്ങളും ലൈംഗികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഇത്തരം പ്രശ്നങ്ങളെ കണ്ടെത്തി പരിഹരിക്കേണ്ടത് പ്രധാനമാണ്.

അനാരോഗ്യകരമായ ലൈംഗികത, ഡാര്‍ക്ക് സെക്സ് ഫാന്‍റസികള്‍!

പങ്കാളിയോട് തന്നെ വേദനിപ്പിക്കാന്‍ പറയുക, സ്വന്തം ശരീരത്തെ വേദനിപ്പിച്ച് കൊണ്ട് ആ വേദന അനുഭവിക്കുന്നതിലൂടെ സെക്സ് ആസ്വദിക്കുക, അതുപോലെ പങ്കാളി വേദനിക്കുന്നത് കാണുമ്പോള്‍ സംതൃപ്തി വരുക, പീഡിപ്പിക്കുന്നതിലൂടെ സംതൃപ്തി കണ്ടെത്താന്‍ ശ്രമിക്കുക എന്നിങ്ങനെ പല തരം അനാരോഗ്യകരമായ ലൈംഗിക താല്‍പര്യങ്ങള്‍ ഉള്ളവരുണ്ട്. ഇത്തരം കാര്യങ്ങളെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ ക്ലിനിക്കില്‍ വന്ന ഒരു രോഗിയുടെ അനുഭവം പറയാം. രോഗിയുടെ ഒപ്പം ഭാര്യയും ഉണ്ടായിരുന്നു. 30- 35 വയസുണ്ടാകും ഇവര്‍ക്ക്. ഈ ഭര്‍ത്താവിന് ഇത്തരം ഡാര്‍ക്ക് സെക്സ് ഫാന്‍റസികളില്‍ താല്‍പര്യമുണ്ടായിരുന്നു. ലൈംഗിക ബന്ധത്തിനിടെ തന്‍റെ സുഹൃത്തുക്കളായ മറ്റുള്ളവരെ പോലെ അഭിനയിക്കാന്‍ ഭാര്യയോട് ഇയാള്‍ ആവശ്യപ്പെടുമായിരുന്നു. ഒരു ദിവസം ഇയാളുടെ സുഹൃത്തുക്കളായ ദമ്പതികളെ വീട്ടിലേയ്ക്ക് ക്ഷണിച്ചു. തുടര്‍ന്ന് ആ പുരുഷസുഹൃത്തുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഭാര്യയോട് ആവശ്യപ്പെട്ടു, തിരിച്ച് സുഹൃത്തിന്‍റെ ഭാര്യയുമായി ഇയാളും ലൈംഗിക ബന്ധത്തിലേര്‍പ്പെടുമെന്നും അത് നീ കാണണമെന്നും ഇയാള്‍ ഭാര്യയോട് പറഞ്ഞു. അവസാനം ഇത് വലിയ പ്രശ്നമാവുകയും വിവാഹമോചനത്തിന്‍റെ വക്കില്‍ വരെ എത്തിയപ്പോഴാണ് ഇവര്‍ ക്ലിനിക്കിലെത്തിയത്. പക്ഷേ ഇത്തരം വൈകൃതകളെ ചികിത്സിക്കാന്‍ ഏറെ പ്രയാസമാണ്.

YouTube video player