ഒറ്റമുറി വീട്ടില്‍ നിന്ന് ബംഗ്ലാവിലേക്ക്; ചിത്രങ്ങള്‍ പങ്കുവച്ച് ഗായിക...

By Web TeamFirst Published Mar 10, 2020, 6:17 PM IST
Highlights

ഋഷികേശില്‍ അന്ന് താമസിച്ചിരുന്ന വീട്, ഒരൊറ്റമുറി മാത്രമുള്ള കുഞ്ഞ് ലെയിന്‍ വീടായിരുന്നു. ഇന്ന് അതേ നഗരത്തില്‍ സാമാന്യം വലിയൊരു ബംഗ്ലാവ് പണിഞ്ഞിരിക്കുകയാണ് നേഹ. തന്റെ പഴയ വീടിന്റേയും പുതിയ വീടിന്റേയും ചിത്രങ്ങള്‍ നേഹ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുമുണ്ട്

ചെറുപ്പത്തിലേ ഒരുപാട് കഷ്ടപ്പെടുന്നവര്‍ പിന്നീട് ജീവിതത്തില്‍ വലിയ നിലയിലെത്തുന്നത് കാണുന്നത് തന്നെ വളരെ സന്തോഷമാണ്, അല്ലേ? അങ്ങനെ പോരാടി മുന്നിലെത്തിയവരെ സംബന്ധിച്ച് അവര്‍ക്ക് ലഭിച്ച നേട്ടങ്ങള്‍ക്കെല്ലാം വലിയ മൂല്യം തോന്നുകയും ചെയ്യും. അത്തരമൊരു കഥയാണ് ഗായിക നേഹ കക്കറിനും പങ്ക് വയ്ക്കാനുള്ളത്. 

ചെറുപ്പത്തില്‍ താന്‍ ഏറെ ദുരിതങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്ന് മുമ്പേ നേഹ പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിരുന്നു. ഉത്തരാഖണ്ഡിലെ ഋഷികേശില്‍ ഒരു നിര്‍ധന കുടുംബത്തിലായിരുന്നു നേഹയുടെ ജനനം. ജീവിച്ചുപോകാനുള്ള വരുമാനം പോലുമില്ലാതിരുന്ന കാലം. അന്ന് അച്ഛനും അമ്മയ്ക്കും സമൂസയുണ്ടാക്കി വില്‍ക്കുന്നതായിരുന്നു ജോലി. അവരെ സഹായിക്കാന്‍, അവര്‍ക്കൊപ്പം സമൂസ വില്‍ക്കാനെല്ലാം താന്‍ പോയിട്ടുണ്ടെന്ന് നേഹ നേരത്തേ പറഞ്ഞിട്ടുണ്ട്.

ഋഷികേശില്‍ അന്ന് താമസിച്ചിരുന്ന വീട്, ഒരൊറ്റമുറി മാത്രമുള്ള കുഞ്ഞ് ലെയിന്‍ വീടായിരുന്നു. ഇന്ന് അതേ നഗരത്തില്‍ സാമാന്യം വലിയൊരു ബംഗ്ലാവ് പണിഞ്ഞിരിക്കുകയാണ് നേഹ. തന്റെ പഴയ വീടിന്റേയും പുതിയ വീടിന്റേയും ചിത്രങ്ങള്‍ നേഹ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുമുണ്ട്. 

ആദ്യം പുതിയ വീട് പരിചയപ്പെടുത്തിയ ശേഷം പഴയ വീടിന്റെ ചിത്രത്തിലേക്ക് നേഹ ആരാധകരുടെ ശ്രദ്ധ ക്ഷണിക്കുന്നു. തുടര്‍ന്ന് പഴയ വീടിനെക്കുറിച്ചുള്ള ഓര്‍മ്മകളും നേഹ പങ്കുവയ്ക്കുന്നു. 

'ഇവിടെയാണ് ഞാന്‍ ജനിച്ചത്. ഒറ്റമുറിയേ ഈ വീടിനുള്ളൂ. അതിനകത്ത് എന്റെ അമ്മ ഒരു മേശ കൊണ്ടിട്ടിരുന്നു. അതായിരുന്നു ഞങ്ങളുടെ അടുക്കള. ആ കുഞ്ഞ് വീട് പോലും ഞങ്ങള്‍ക്ക് സ്വന്തമായിരുന്നില്ല, വാടകയ്ക്ക് എടുത്തതായിരുന്നു അത്. ഇപ്പോള്‍ അതേ നഗരത്തില്‍ ഞങ്ങളുടെ പുതിയ ബംഗ്ലാവ് കാണുമ്പോള്‍ ഞാന്‍ വികാരധീനയാകുന്നു...'- നേഹ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

'ഇന്ത്യന്‍ ഐഡല്‍' എന്ന പ്രമുഖ മ്യൂസിക് റിയാലിറ്റി ഷോയിലൂടെയാണ് നേഹ കക്കറിന്റെ ജീവിതം മാറിമറിഞ്ഞത്. അതിലൂടെ ശ്രദ്ധേയയായ നേഹ പിന്നീട് ബോളിവുഡില്‍ യുവഗായകരുടെ മുന്‍നിരയിലേക്ക് അതിവേഗം എത്തുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അതേ റിയാലിറ്റി ഷോയില്‍ ജഡ്ജ് ആയും നേഹയെത്തി.

 

click me!