താടിയല്ല, 'ക്ലീന്‍ ഷേവ്' ആണ് താരം; പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ടത്...

By Web TeamFirst Published Jan 4, 2020, 11:07 PM IST
Highlights

പ്രായഭേദമെന്യേ താടി വയ്ക്കുന്നത് ട്രെന്‍ഡ് ആയി മാറിയ വര്‍ഷങ്ങളായിരുന്നു കടന്നുപോയത്. എന്നാലിപ്പോള്‍ ട്രെന്‍ഡ് വീണ്ടും ക്ലീന്‍ ഷേവിലേക്ക് മാറുന്നുണ്ട് എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏതാണ്ട് 74 ശതമാനം യുവാക്കളും ദിവസവും ഷേവ് ചെയ്യുന്നവരാണ് എന്നാണ് ഒരു റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്

പൗരുഷത്തിന്റെ ലക്ഷണമെന്ന നിലയ്ക്കാണ് മുമ്പ് മീശയും താടിയുമെല്ലാം കണക്കാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഇതെല്ലാം 'സ്‌റ്റൈല്‍ സ്‌റ്റെയ്റ്റ്‌മെന്റുകള്‍' ആണ്. വിഷാദത്തിന്റേയും പക്വതയുടേയും ചിഹ്നം എന്നതില്‍ നിന്ന് താടി, 'ഹോട്ട് ലുക്കി'ന്റെ അടയാളമായി മാറിയിരിക്കുന്നു.

പ്രായഭേദമെന്യേ താടി വയ്ക്കുന്നത് ട്രെന്‍ഡ് ആയി മാറിയ വര്‍ഷങ്ങളായിരുന്നു കടന്നുപോയത്. എന്നാലിപ്പോള്‍ ട്രെന്‍ഡ് വീണ്ടും ക്ലീന്‍ ഷേവിലേക്ക് മാറുന്നുണ്ട് എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏതാണ്ട് 74 ശതമാനം യുവാക്കളും ദിവസവും ഷേവ് ചെയ്യുന്നവരാണ് എന്നാണ് ഒരു റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

കോര്‍പറേറ്റ് മേഖലയില്‍ ജോലി ചെയ്യുന്ന യുവാക്കള്‍ക്ക് മിക്കവാറും ക്ലീന്‍ ഷേവ് ലുക്ക് നിര്‍ബന്ധമാണ്. അപ്പോള്‍ അതില്‍ പുതുമകള്‍ പരീക്ഷിക്കുക എന്നതല്ലാതെ മറ്റ് സാധ്യതകള്‍ അവര്‍ക്കില്ലാതാകും. ഇതാണ് ഇത്രയധികം യുവാക്കള്‍ ക്ലീന്‍ ഷേവിലേക്ക് മാറാനുള്ള ഒരു കാരണമായി സ്‌റ്റൈലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്.

അപ്പോള്‍ ക്ലീന്‍ ഷേവ് ആണ് താരമെങ്കില്‍ പുരുഷന്മാര്‍ ചില കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അവയില്‍ ചിലത് പങ്കുവയ്ക്കാം.

ഒന്ന്...

കുളി കഴിഞ്ഞ ശേഷം മാത്രം ഷേവ് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ചര്‍മ്മം നന്നായി നനഞ്ഞിരിക്കുന്നതിനാല്‍ ഷേവ് എളുപ്പത്തിലാകാനും, ചര്‍മ്മത്തിന് പ്രശ്‌നമില്ലാത്ത തരത്തില്‍ ഷേവ് ചെയ്യാനും ഇത് ഉപകരിക്കും.

രണ്ട്...

കുളിക്കുമ്പോള്‍ സോപ്പിന് പകരം മുഖത്ത് ഷവര്‍ ജെല്ലോ ഫെയ്‌സ് വാഷോ തന്നെ ഉപയോഗിക്കുക. ഇത് രോമം കൂടുതല്‍ 'സോഫ്റ്റ്' ആയി ഒതുങ്ങിക്കിട്ടാനും അതുവഴി ഷേവിംഗ് എളുപ്പത്തിലാക്കാനും ഉപകരിക്കും.

മൂന്ന്...

ബ്ലേഡ് ഉപയോഗിച്ചാണ് ഷേവ് ചെയ്യുന്നതെങ്കില്‍ ഒരിക്കലുപയോഗിച്ചത് വീണ്ടും ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എത്ര വൃത്തിയായി സൂക്ഷിച്ചാലും ഇത് അണുബാധയ്ക്ക് വഴിയൊരുക്കിയേക്കും.

നാല്...

റേസറാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇത് മറ്റാരുമായും പങ്കുവയ്ക്കരുത്. എത്ര പ്രിയപ്പെട്ടവരാണെങ്കിലും അവരുടെ ശാരീരിക സവിശേഷതകള്‍ നിങ്ങളില്‍ നിന്ന് വ്യത്യസ്തമാകാം. അതിനാല്‍ ടൂത്ത് ബ്രഷ് പോലെ, അത്രയും സ്വകാര്യമായിത്തന്നെ റേസറും സൂക്ഷിക്കുക.

അഞ്ച്...

ഒരിക്കലും റിവേഴ്‌സ് ഷേവ് ചെയ്യരുത്. ഇത് ഒരേസമയം ചര്‍മ്മത്തില്‍ മുറിവുകള്‍ സംഭവിക്കാനും രോമകൂപങ്ങളില്‍ ആഴത്തില്‍ ചെറുക്ഷതങ്ങള്‍ സംഭവിക്കാനും ഇത് ഇടയാക്കും. രേമകൂപങ്ങളിലുണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍ പിന്നീട് അണുബാധയ്ക്കും സിസ്റ്റ് (മുഴ) പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും.

ആറ്...

ഷേവ് ചെയ്ത ശേഷം ആഫ്റ്റര്‍ ഷേവ് ഉപയോഗം പതിവാക്കുക. ചര്‍മ്മത്തിന് ഇത് ഏറെ ഗുണകരമായിരിക്കും.

click me!